റിയല്‍ മി സിഇഒ ഉപയോഗിക്കുന്നത് ഐ ഫോണ്‍? ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

By Web TeamFirst Published Nov 18, 2019, 3:42 PM IST
Highlights

ആന്‍ഡ്രോയിഡ് ഫോണുകളിലൂടെ വിപ്ലവം സൃഷ്ടിക്കുന്ന റിയല്‍ മീയുടെ ഇന്ത്യന്‍ സിഇഒ മാധവ് ഷേത്ത് ഉപയോഗിക്കുന്നത് ഐ ഫോണ്‍ ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ

ദില്ലി: ഇന്ത്യന്‍ വിപണയില്‍ കുറഞ്ഞ കാലത്തിനുള്ളില്‍ തരംഗമായ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡാണ് റിയല്‍ മി. കുറഞ്ഞ വിലയും മികച്ച ഫീച്ചറുകളുമായി എത്തിയ റിയല്‍ മീയെ ഇന്ത്യ ഇരുകൈയും നീട്ടി സ്വീകരിച്ചു. റിയല്‍ മീ 3 പ്രോ, റിയല്‍ 5 പ്രോ തുടങ്ങിയ മോഡലുകള്‍ ഓണ്‍ലൈന്‍ മുഖേനയും റീട്ടെയ്‍ലായും വളരെയേറെ പ്രീതി പിടിച്ചുപറ്റിയ മോഡലുകളാണ്.

എന്നാല്‍, ഇപ്പോള്‍ റിയല്‍ മി ഇന്ത്യ സിഇഒയുടെ ഒരു ട്വീറ്റാണ് ടെക് ലോകത്തെ സംസാരം. ആന്‍ഡ്രോയിഡ് ഫോണുകളിലൂടെ വിപ്ലവം സൃഷ്ടിക്കുന്ന റിയല്‍ മിയുടെ ഇന്ത്യന്‍ സിഇഒ മാധവ് ഷേത്ത് ഉപയോഗിക്കുന്നത് ഐ ഫോണ്‍ ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം മാധവ് ഷേത്ത് ഒരു ട്വീറ്റ് ചെയ്തിരുന്നു.

റിയല്‍ മീ 3, റിയല്‍ മീ 3ഐ എന്നീ മോഡലുകളുടെ പുതിയ അപ്ഡേഷന്‍ വിവരങ്ങളാണ് ട്വീറ്റുലുണ്ടായിരുന്നത്. എന്നാല്‍, ഈ ട്വീറ്റിന്‍റെ താഴെ 'ട്വിറ്റര്‍ ഫോണ്‍ ഐഫോണ്‍' എന്ന് എഴുതിയിരുന്നു. അതായത് ഐ ഫോണിലെ ട്വിറ്റര്‍ ഉപയോഗിച്ചാണ് ട്വീറ്റ് ചെയ്തിരുന്നതെന്ന് അര്‍ഥം. ഇതോടെയാണ് റിയല്‍ മീ ഇന്ത്യ സിഇഒയും ഐ ഫോണ്‍ ആണ് ഉപയോഗിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ പറയുന്നത്.

എന്നാല്‍, മാധവ് ആയിരിക്കില്ല ട്വീറ്റ് ചെയ്തിരിക്കുന്നതെന്നും ഒരു വാദമുണ്ട്. പല പ്രമുഖരും കമ്പനികളും അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ പരസ്യവിഭാഗത്തിന് നല്‍കാറുണ്ട്. സംഭവം ഇങ്ങനെയാകാമെന്നാണ് മറ്റൊരു വാദം. എന്തായാലും മറ്റൊരു ബ്രാന്‍ഡിന്‍റെ ഭാഗമായി നിന്ന് ഐ ഫോണ്‍ ഉപയോഗിച്ചതിന് 'പിടിക്കപ്പെടുന്ന' ആദ്യത്തെയാളൊന്നുമല്ല മാധവ്.

പക്ഷേ, ഒരു ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ കമ്പനിയുടെ സിഇഒ ഇങ്ങനെ ചോദ്യങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്നത് ആദ്യമായാണ്. നേരത്തെ, വണ്‍പ്ലസ് ബ്രാന്‍ഡ് അംബാസിഡര്‍ റോബര്‍ട്ട് ഡൗണി ജൂനിയര്‍, വാവേയ് ബ്രാന്‍ഡ് അംബാസിഡര്‍ ആയ നടി ഗാള്‍ ഗാഡോട്ട് തുടങ്ങിയവരൊക്കെ സമാനമായ പ്രശ്നങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങള്‍ക്ക് ഇരയായവരാണ്. 

click me!