
തിരുവന്തപുരം: അനില്‍ അംബാനി വഞ്ചിച്ചെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ കേരളത്തിലെ വിതരണക്കാര്‍. അപ്രതീക്ഷിതമായി കമ്പനി പൂട്ടിയതോടെ മുന്‍കൂറായി നല്‍കിയ അഞ്ച് കോടിയോളം രൂപ ആര്‍കോം തിരിച്ച് നല്‍കുന്നില്ലെന്നും വിതരണക്കാര്‍ ആരോപിക്കുന്നു.
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഒക്ടോബര്‍ 27ന് കേരളത്തിലെ സേവനം അവസാനിപ്പിച്ചതോടെ പ്രതിസന്ധിയിലായത് ഉപയോക്താക്കള്‍ക്കൊപ്പം വിതരണക്കാര്‍ കൂടിയാണ്. ടവറുകളെല്ലാം ഓഫ് ചെയ്തതിനാല്‍ ആര്‍കോമില്‍ നിന്ന് കോള്‍ വിളിക്കാനോ സുഗമമായി നമ്പര്‍ പോര്‍ട്ട് ചെയ്യാനോ ആകുന്നില്ല. ഇതോടെ സംസ്ഥാനത്തെ 18 ലക്ഷത്തോളം വരുന്ന ആര്‍കോം ഉപയോക്താക്കള്‍ കടകളിലെത്തി പ്രശ്‌നമുണ്ടാക്കുകയാണെന്ന് വിതരണക്കാര്‍ പറയുന്നു.
250ഓളം വിതരണക്കാരും രണ്ടായിരത്തിലധികം ചെറുകിട വില്‍പ്പനക്കാരുമാണ് ആര്‍കോമിന് സംസ്ഥാനത്തുള്ളത്. കേരളത്തിലെ ഓഫീസുകളില്‍ ഭൂരിപക്ഷവും പൂട്ടിയതിനാല്‍ ആരോട് പരാതി പറയണമെന്നും ആര്‍ക്കും നിശ്ചയമില്ല. സര്‍വീസ് നിലച്ചതിനാല്‍ ലക്ഷക്കണക്കിന് വരുന്ന റീചാര്‍ജ് കൂപ്പണുകളാണ് ഓരോരുത്തവരുടെയും കൈവശമുള്ളത്.
ഏജന്‍സി എടുക്കാന്‍ നല്‍കിയ അഞ്ച് കോടിയോളം രൂപ തിരിച്ച് തരുന്നത് സംബന്ധിച്ചും ആര്‍കോം മറുപടി നല്‍കുന്നില്ലെന്നും വിതരണക്കാര്‍ ആരോപിക്കുന്നു. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ അവശേഷിക്കുന്ന ആര്‍കോം ഓഫീസുകള്‍ക്ക് മുന്നില്‍ പിക്കറ്റിംഗ് നടത്താനാണ് വിതരണക്കാരുടെ തീരുമാനം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam