പെണ്‍ എലികള്‍ ഇണ ചേര്‍ന്ന് കുഞ്ഞെലി പിറന്നു - നിര്‍ണ്ണായക പരീക്ഷണം വിജയം

By Web TeamFirst Published Oct 14, 2018, 8:56 AM IST
Highlights

ബീജത്തിന്‍റെ സഹായം ഇല്ലാതെ കുഞ്ഞുങ്ങള്‍ ഉണ്ടാവുമോയെന്ന പരീക്ഷണമാണ് വിജയത്തിലെത്തിയതെന്നാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്. 

ബീയജിംഗ്: പെണ്‍ എലികള്‍ ഇണ ചേര്‍ന്ന് കുഞ്ഞെലികള്‍ പിറന്നു. ചൈനീസ് അക്കാദമിയുടെ ഗവേഷണ കേന്ദ്രത്തിലാണ് ആണ്‍ എലിയുടെ സഹായമില്ലാതെ പെണ്‍എലികള്‍ക്ക് കുഞ്ഞ് എലികള്‍ പിറന്നത്. ആരോഗ്യമുള്ള രണ്ട് പെണ്‍ എലികളില്‍ നടന്ന പരീക്ഷണം വിജയിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

ബീജത്തിന്‍റെ സഹായം ഇല്ലാതെ കുഞ്ഞുങ്ങള്‍ ഉണ്ടാവുമോയെന്ന പരീക്ഷണമാണ് വിജയത്തിലെത്തിയതെന്നാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്. എന്നാല്‍ രണ്ടു ആണ്‍എലികളില്‍ നടത്തിയ പരീക്ഷണം പരാജയമായിരുന്നു എന്ന് ഗവേഷകര്‍ വ്യക്തമാക്കി. എന്തു കൊണ്ട് സംസ്തനികള്‍ രണ്ട് ലിംഗവിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്ന ഗവേഷണത്തിന് ഇടയിലാണ് ഗവേഷകര്‍ നിര്‍ണായക നേട്ടം കൈവരിച്ചത്.

മനുഷ്യന്‍ ഉള്‍പ്പെടെയുള്ള സസ്തനികളില്‍ ബീജവും അണ്ഡവും ചേര്‍ന്നാണ് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത്. പക്ഷേ ചില ഉരഗങ്ങളിലും മീനുകളിലും ഇണ ചേരാതെ തന്നെ പ്രത്യുല്‍പാദനം നടക്കാറുണ്ട്. ഒരു പെണ്‍ എലിയില്‍ നിന്നുള്ള അണ്ഡവും മറ്റൊരു പെണ്‍ എലിയില്‍ നിന്നുള്ള മൂലകോശവുമാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. ഇവ കൂട്ടിചേര്‍ത്തതിന് ശേഷം ചില ജീന്‍ എഡിറ്റിംഗും നടത്തിയതിന് ശേഷമാണ് കുഞ്ഞെലികള്‍ ഉണ്ടായത്

ഇണചേരാതെ പ്രത്യുല്‍പാദനം നടക്കുന്ന പ്രതിഭാസത്തെ പാര്‍ത്തെനോജെനസിസ് എന്നാണ് അറിയപ്പെടുന്നത്. ഒരേ ലിംഗത്തിലുള്ള ജീവികള്‍ക്ക് പ്രത്യുല്‍പാദനം നടത്താന്‍ കഴിയുമെന്നത് ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ഒന്നാണെന്ന് ഗവേഷകര്‍ വിശദമാക്കുന്നു. എന്നാല്‍ ആണ്‍ എലികളില്‍ സമാന രീതിയില്‍ നടത്തിയ പരീക്ഷണം പരാജയമായിരുന്നു. കൊമാഡോ ഡ്രാഗണ്‍ അടക്കമുള്ള ജീവികള്‍ പാര്‍ത്തെനോജെനസിസ് മാര്‍ഗത്തിലാണ് പ്രത്യുല്‍പാദനം  നടത്തുന്നത്.

ഈ പരീക്ഷണം കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും അപ്പുറം ഭാവിയില്‍ മനുഷ്യനും ഗുണം ചെയ്തേക്കും എന്നാണ്  യൂണിവേഴ്സിറ്റി ഓഫ് ഓക്ക് ലാന്‍റിലെ ഡോ.തെരേസ ഹോം പറയുന്നത്. ഇത് പ്രകാരം ഭാവിയില്‍ സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് ആരോഗ്യമുള്ള സ്വന്തം കുട്ടികളെ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ഇവരുടെ അഭിപ്രായം. എങ്കിലും ഇത്തരം ഒരു ശാസ്ത്രീയ വഴിയുടെ വിജയശതമാനം ഇപ്പോഴും സംശയത്തിലാണ് എന്നാണ് ഒരു ഗവേഷകനായ ഡോ. ലോവല്‍ ബാഡ്ജ്  ബിബിസിയോട് പറഞ്ഞത്. 

click me!