മൈക്കിള്‍ ജാക്സന്റെ ആ ചുവടുകള്‍ക്ക് പിന്നിലെ രഹസ്യം ഇതാണ്

By Web DeskFirst Published May 24, 2018, 2:45 PM IST
Highlights
  • 45 ഡിഗ്രിയിലുള്ള ഗുരുത്വാകര്‍ഷണത്തെ വെല്ലുന്ന ചുവടുകളെ സംബന്ധിച്ചാണ് വെളിപ്പെടുത്തല്‍

ചണ്ഡിഗഡ് : മൈക്കിള്‍ ജാക്സന്റെ മാജിക് ചുവടിന് പിന്നിലെ രഹസ്യം പുറത്തായി. മൈക്കിള്‍ ജാക്സന്റെ അസാധ്യമെന്ന് തോന്നുന്ന രീതിയിലുള്ള നൃത്തച്ചുവടുകള്‍ക്ക് പിന്തുണ നല്‍കിയത് ശാസ്ത്രവും ചില കണ്‍കെട്ട് വിദ്യകളുമെന്നാണ് പഠനം. മൂണ്‍വാക്ക് പോലെ തന്നെ ഏറെ പ്രസിദ്ധമായ  മൈക്കിള്‍ ജാക്സന്റെ 45 ഡിഗ്രിയിലുള്ള ഗുരുത്വാകര്‍ഷണത്തെ വെല്ലുന്ന ചുവടുകളെ സംബന്ധിച്ചാണ് വെളിപ്പെടുത്തല്‍. 

എണ്‍പതുകളില്‍ പുറത്തിറങ്ങിയ ജാക്സന്റെ ആല്‍ബങ്ങള്‍ അതുവരെ ആരും കണ്ടിട്ടില്ലാത്തതും അസാധ്യമെന്ന് കരുതിയതുമായ ചുവടുകള്‍ ഉള്‍പ്പെടുന്നതായിരുന്നു. അതിലൊന്നായിരുന്നു എവിടെയും തൊടാത്ത നിലയില്‍ 45 ഡിഗ്രിയോളം മുന്നോട്ട് വളഞ്ഞുകൊണ്ടുള്ള നിന്നുള്ള ചുവട്.  മൈക്കിള്‍ ജാക്‌സനോടുള്ള അപാരമായ ആരാധനയുള്ള മൂന്ന് ഇന്ത്യന്‍ ന്യൂറോ വിദഗ്ധരുടേതാണ് കണ്ടെത്തല്‍. ചണ്ഡിഗഡ് സ്വദേശികളായ  നിഷാന്ത് യാഗ്നിക്ക്, മഞ്ജുലാല്‍ ത്രിപാഠി, സന്ദീപ് മല്‍ഹോത്ര എന്നിവരാണ് ജാക്സന്റെ 45 ഡിഗ്രി നൃത്തത്തേക്കുറിച്ച് പഠിച്ചത്. എത്രവലിയ മെയ്‌വഴക്കമുള്ള നര്‍ത്തകന്‍ ആണെങ്കിലും പരമാവധി 25-30 ഡിഗ്രി മാത്രമേ വളയാന്‍ മനുഷ്യന് സാധിക്കൂ എന്നാണ് ഇവരുടെ കണ്ടെത്തല്‍. അതില്‍ കൂടുതല്‍ വളയാന്‍ ശ്രമിച്ചാല്‍ നട്ടെല്ലിനേല്‍ക്കുക അപകടകരമായ പരുക്കായിരിക്കും സാധാരണ ഗതിയില്‍ സംഭവിക്കുക. 

 

 

സ്മൂത്ത് ക്രിമിനല്‍ എന്ന വിഡിയോയിലാണ് മൈക്കിള്‍ജാക്‌സന്‍ 45 ഡിഗ്രി മുന്നോട്ടുവളഞ്ഞുള്ള  ചുവടുവെക്കുന്നത്. തന്റെ ഷൂ തറനിരപ്പില്‍ ഉറച്ചു നിന്നുകൊണ്ടായിരുന്നു ജാക്സന്റെ  പ്രകടനം. സഹനര്‍ത്തകരും ഈ ചുവട് വെക്കുന്നുണ്ടെങ്കിലും ഒരുപടി കൂടിയ നിലയിലായിരുന്നു ജാക്സന്റെ അത്ര മികച്ചതല്ലായിരുന്നു അവരുടെ ചുവടുകള്‍ .   പ്രത്യേകം പേറ്റന്റ് നേടിയ ഷൂ ഉപയോഗിച്ചായിരുന്നു മൈക്കിള്‍ ജാക്‌സന്‍ ഈ പ്രകടനം നടത്തിയത്. ഈ സ്റ്റെപ്പിന്റെ സമയത്ത് മാത്രം ഉപയോഗിക്കാവുന്ന ഷൂവില്‍ നിന്നും സ്റ്റേജിലേക്ക് നീളുന്ന ഒരു ആണിയാണ് രഹസ്യങ്ങളില്‍ പ്രധാനമായത്. ഇതിനൊപ്പം കണങ്കാലിനെ പ്രത്യേകം സഹായിക്കുന്ന ഷൂവിന്റെ ഡിസൈനും ഈ  ചുവടിന് കാരണമായിയെന്ന് ഇവര്‍ വിലയിരുത്തുന്നു.   സ്റ്റേജില്‍ നിന്നും തത്സമയം ബന്ധിപ്പിക്കാനാകുന്ന കാഴ്ച്ചകാര്‍ക്ക് അദൃശ്യമായ ചില കേബിളുകളും ആ നൃത്തച്ചുവടിന് പൂര്‍ണ്ണത നല്‍കിയെന്നാണ് കണ്ടെത്തല്‍. ജേണല്‍ ഓഫ് ന്യൂറോ സര്‍ജറിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. 

എന്നാല്‍ മെക്കിള്‍ ജാക്സന്റെ ഷൂ പ്രത്യേക തരത്തില്‍ നിര്‍മിച്ചതായിരുന്നുവെന്നും പഠനം കണ്ടെത്തി. സാധാരണ നര്‍ത്തകര്‍ ഈ ചുവടുകള്‍ അനുകരിക്കാന്‍ ശ്രമിക്കുന്നത് നട്ടെല്ലിന് ക്ഷതം സംഭവിക്കാന്‍ ഇടയാക്കുന്നതാണെന്നാണ് ന്യൂറോ വിദഗ്ധര്‍ വിശദമാക്കുന്നത്. വേണ്ടത്ര മുന്‍കരുതലുകളില്ലാതെ ജാക്‌സനെ അനുകരിക്കാന്‍ ശ്രമിച്ചാല്‍ നട്ടെല്ലിനടക്കം അപകടകരമായ പരിക്ക് പറ്റാനുള്ള സാധ്യത ഏറെയാണെന്നും ന്യൂറോ സര്‍ജന്മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

click me!