സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് ഇന്ത്യയില്‍ കൊള്ളയാവില്ല? ഡാറ്റ പ്ലാനുകൾ 850 രൂപ മുതല്‍- റിപ്പോര്‍ട്ട്

Published : May 27, 2025, 10:29 AM ISTUpdated : May 27, 2025, 10:33 AM IST
സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് ഇന്ത്യയില്‍ കൊള്ളയാവില്ല? ഡാറ്റ പ്ലാനുകൾ 850 രൂപ മുതല്‍- റിപ്പോര്‍ട്ട്

Synopsis

ആമുഖ ഓഫറുകളുടെ ഭാഗമായി പരിധിയില്ലാത്ത ഡാറ്റ ഉൾപ്പെടുത്തിയാവും ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് പ്ലാനുകള്‍ അവതരിപ്പിക്കാന്‍ സാധ്യത 

ദില്ലി: ഇലോൺ മസ്‌കിന്‍റെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് കമ്പനിയായ സ്റ്റാർലിങ്ക് ഇന്ത്യയിൽ സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുകയാണ്. സ്റ്റാർലിങ്കിന്‍റെ അടിസ്ഥാന ഇന്‍റർനെറ്റ് പ്ലാനിന്‍റെ വില പ്രതിമാസം 850 രൂപയിൽ താഴെയായിരിക്കാം എന്നാണ് പുതിയ റിപ്പോർട്ടുകൾ. ലോഞ്ച് ഓഫറിന് കീഴിൽ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത ഡാറ്റയും ലഭിക്കും എന്ന പ്രത്യേകതയുമുണ്ടായേക്കും. ഇത് ആഗോളതലത്തിൽ ഏറ്റവും താങ്ങാനാവുന്ന സാറ്റ്‌ലൈറ്റ് ബ്രോഡ്‌ബാൻഡ് ഓഫറുകളിൽ ഒന്നായി മാറാൻ സാധ്യതയുണ്ട്.

സ്‍പേസ് എക്സിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് അടുത്തിടെ ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിൽ (DoT) നിന്ന് ഒരു ലെറ്റർ ഓഫ് ഇന്‍റന്‍റ് (LoI) നേടിയിരുന്നു. രാജ്യത്ത് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രാഥമിക അനുമതിയാണ് കമ്പനിക്ക് ഇതിലൂടെ ലഭിച്ചത്. റെഗുലേറ്ററി, ലൈസൻസിംഗ് വെല്ലുവിളികൾ കാരണം നേരത്തെ കാലതാമസം നേരിട്ടിരുന്ന സ്ഥാപനത്തിന് ഈ നീക്കം ഒരു സുപ്രധാന ചുവടുവയ്പ്പാണ്.

ആമുഖ ഓഫറുകളുടെ ഭാഗമായി പരിധിയില്ലാത്ത ഡാറ്റ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ കുറഞ്ഞ ചെലവിലുള്ള പ്ലാനുകൾ ഉപയോഗിച്ച് ഇന്ത്യയിൽ ഒരു ഉപയോക്തൃ അടിത്തറ വേഗത്തിൽ കെട്ടിപ്പടുക്കുകയാണ് സ്റ്റാർലിങ്കിന്‍റെ ലക്ഷ്യമെന്ന് കരുതപ്പെടുന്നു. സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ 10 ദശലക്ഷം വരിക്കാരെ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഉയർന്ന മുൻകൂർ നിക്ഷേപവും സ്പെക്ട്രവുമായി ബന്ധപ്പെട്ട ചെലവുകളും വീണ്ടെടുക്കുന്നതിനുള്ള ഒരു മാർഗമായാണ് ഈ വിലനിർണ്ണയ തന്ത്രമെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പറയുന്നു.

എങ്കിലും, ഇന്ത്യയിലെ ടെലികോം റെഗുലേറ്ററി സ്ഥാപനമായ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) സ്റ്റാര്‍ലിങ്കിന്‍റെ നഗര ഉപയോക്താക്കൾക്ക് അധിക ലെവികൾ ശുപാർശ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. പരമ്പരാഗത വയർഡ്, വയർലെസ് ഇന്‍റർനെറ്റ് സേവനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സാറ്റ്‌ലൈറ്റ് ബ്രോഡ്‌ബാൻഡിന്‍റെ മൊത്തത്തിലുള്ള ചെലവ് വർധിപ്പിക്കാൻ സാധ്യതയുള്ളതിനാൽ, നഗര ഉപഭോക്താവിന് പ്രതിമാസം 500 രൂപ സർചാർജ് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്ന് പുറത്തുവരുന്ന വിവരങ്ങള്‍.

ഈ നിർദ്ദിഷ്‍ട നഗര ഫീസിന് പുറമേ സ്റ്റാർലിങ്കിനും മറ്റ് സാറ്റ്‌ലൈറ്റ് അധിഷ്‍ഠിത സേവനദാതാക്കൾക്കും അവരുടെ മൊത്ത വരുമാനത്തിന്‍റെ (AGR) നാല് ശതമാനം പേയ്‌മെന്‍റിനും, ഒരു ബ്ലോക്കിന് 3,500 രൂപ എന്ന കുറഞ്ഞ വാർഷിക സ്പെക്ട്രം ചാർജിനും, വാണിജ്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുള്ള എട്ട് ശതമാനം ലൈസൻസ് ഫീസിനും ചുമത്തിയേക്കാം എന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഈ ശുപാർശകൾ ഇപ്പോഴും ബന്ധപ്പെട്ട അധികൃതരുടെ അന്തിമ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് എന്നാണ് സൂചന. ഉയർന്ന പ്രവർത്തനച്ചെലവ് ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, പ്രാരംഭ ഉപഭോക്തൃ വില കുറയ്ക്കാൻ സ്റ്റാർലിങ്ക് തീരുമാനിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. 

അതേസമയം ആഗോളതലത്തിൽ, സ്റ്റാർലിങ്കിന്‍റെ സേവനങ്ങൾ കൂടുതൽ ചെലവേറിയതാണ്. യുഎസില്‍ റെസിഡൻഷ്യൽ ലൈറ്റ് പ്ലാനിന് പ്രതിമാസം ഏകദേശം 80 ഡോളർ (6,800 രൂപ) ചിലവാകും. കൂടാതെ പരിധിയില്ലാത്തതും, മുൻഗണനയില്ലാത്തതുമായ ഡാറ്റയും ഉൾപ്പെടുന്നു. ഉപഭോക്താക്കൾ 349 ഡോളർ (29,700 രൂപ) എന്ന ഒറ്റത്തവണ ഫീസായി ഒരു സ്റ്റാർലിങ്ക് സ്റ്റാൻഡേർഡ് കിറ്റ് വാങ്ങേണ്ടതുണ്ട്. പതിവായി യാത്ര ചെയ്യുന്ന ഉപയോക്താക്കൾക്കായി 50ജിബി ഡാറ്റയ്ക്ക് 50 ഡോളർ (4,200 രൂപ) മുതൽ ആരംഭിക്കുന്ന റോം പ്ലാനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. കൂടാതെ സ്റ്റാർലിങ്ക് മിനി കിറ്റിന് 299 ഡോളർ (25,400 രൂപ) അധിക ചാർജും ഈടാക്കുന്നു. 

ഇലോൺ മസ്‌കിന്‍റെ സ്‌പേസ് എക്‌സ് കമ്പനി വിന്യസിക്കുന്ന സാറ്റ്‌ലൈറ്റ് ഇന്‍റർനെറ്റ് സേവനമാണ് സ്റ്റാർലിങ്ക്. ഭൂമിയിൽ നിന്ന് 550 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ലോ എർത്ത് ഓർബിറ്റ് (LEO) ഉപഗ്രഹങ്ങളുടെ ശൃംഖല വഴിയാണ് ഈ സേവനം സാധ്യമാകുന്നത്. വിദൂര, ഗ്രാമപ്രദേശങ്ങളിൽ പോലും അതിവേഗ, കുറഞ്ഞ ലേറ്റൻസി ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി നൽകാൻ കഴിയുമെന്നതാണ് സ്റ്റാര്‍ലിങ്കിന്‍റെ പ്രത്യേകത. ഇതിനകം 7500-ലേറെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ സ്പേസ് എക്സ് വിക്ഷേപിച്ചുകഴിഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

നീല ടിക്കിന് പണം; എക്‌സിന് 120 ദശലക്ഷം യൂറോ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ
കീശ കാലിയാവാതെ മികച്ച ഫീച്ചറുകളുള്ള ഫോണാണോ ലക്ഷ്യം; റിയൽമി പി4എക്‌സ് 5ജി ഇന്ത്യയിൽ പുറത്തിറങ്ങി