കേന്ദ്രത്തിന് മുന്നിൽ ചോദ്യങ്ങൾ നിരത്തി സുപ്രീംകോടതി; തോന്നും പോലെയുള്ള ഇന്റർനെറ്റ് ഷട്ട് ഡൗണുകൾ എന്തിന്?

By Web TeamFirst Published Sep 10, 2022, 4:55 AM IST
Highlights

ഇന്റർനെറ്റ് സേവനങ്ങളുടെ വ്യക്തമാക്കാനാകാത്ത നിയന്ത്രണങ്ങൾ നിയമവിരുദ്ധമാണെന്നും ഇന്റർനെറ്റ് ഷട്ട്ഡൗണിനുള്ള ഉത്തരവുകൾ സംബന്ധിച്ച ആവശ്യകതയെ കുറിച്ച് വ്യക്തമായ ഉത്തരം ഉണ്ടാകണമെന്നും 2020-ൽ സുപ്രീം കോടതി  വിധിച്ചിട്ടുണ്ട്.

ദില്ലി: ഇന്റർനെറ്റ് ഷട്ട്ഡൗണിനെ കുറിച്ച് വ്യക്തമായ മറുപടി വേണമെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി. വിവിധ സംസ്ഥാനങ്ങളിലെ ഇന്റർനെറ്റ് ആക്സസ് ഷട്ട്ഡൗണ് ചെയ്യുന്നുവെന്ന്  ആരോപിച്ച് സമർപ്പിച്ച ഹർജിയെ തുടർന്നാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തോട് (MeitY) സുപ്രീം കോടതി വെള്ളിയാഴ്ച പ്രതികരണം ആവശ്യപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്റർനെറ്റ് സേവനങ്ങളുടെ വ്യക്തമാക്കാനാകാത്ത നിയന്ത്രണങ്ങൾ നിയമവിരുദ്ധമാണെന്നും ഇന്റർനെറ്റ് ഷട്ട്ഡൗണിനുള്ള ഉത്തരവുകൾ സംബന്ധിച്ച ആവശ്യകതയെ കുറിച്ച് വ്യക്തമായ ഉത്തരം ഉണ്ടാകണമെന്നും 2020-ൽ സുപ്രീം കോടതി  വിധിച്ചിട്ടുണ്ട്. തട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെ സാധാരണയായി സംസ്ഥാന സർക്കാരുകൾ പരീക്ഷകൾ നടക്കുന്ന പ്രദേശങ്ങളിലെ ഇന്റർനെറ്റ് ആക്സസ് പതിവായി നിർത്തലാക്കുന്നുണ്ട്.

വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്, ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് സോഫ്റ്റ്‌വെയർ ഫ്രീഡം ലോ സെന്റർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ മറുപടി നൽകാൻ ആവശ്യപ്പെട്ടത്.  അരുണാചൽ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിലവിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു. ഇന്റർനെറ്റ് ഷട്ട്ഡൗണ് നടന്ന സംസ്ഥാനങ്ങൾക്ക് പകരം മന്ത്രാലയത്തിന് നോട്ടീസ് നൽകാൻ തീരുമാനിക്കുകയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. പ്രശ്നം കൈകാര്യം ചെയ്യാൻ ഒരു പ്രോട്ടോക്കോൾ നിലവിലുണ്ടോ എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളും സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.

ചില സംസ്ഥാനങ്ങളിൽ നടന്ന പരീക്ഷകളിലെ കോപ്പിയടി തടയാൻ ഇന്റർനെറ്റ് ഷട്ട്ഡൗൺ ഉപയോഗിച്ചു എന്ന വിഷയത്തിൽ രാജസ്ഥാനിലെയും കൽക്കട്ടയിലെയും ഹൈക്കോടതികളിൽ ഇതിനകം തന്നെ നിരവധി ഹർജികൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് അഭിഭാഷക വൃന്ദ ഗ്രോവർ സുപ്രീം കോടതിയെ അറിയിച്ചു. അടുത്തിടെയുള്ള വർഗീയ സംഘർഷങ്ങൾക്കിടയിൽ രാജസ്ഥാനിലും മത്സര പരീക്ഷകളിലെ കോപ്പിയടി തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലുണ്ടായ ഇന്റർനെറ്റ് ഷട്ട്ഡൗണുകളെ കുറിച്ച്  പൊതുതാൽപ്പര്യ ഹർജിയിൽ പരാമർശിക്കുന്നു.

2020-ലെ അനുരാധ ഭാസിൻ കേസിലെ മാതൃക പിന്തുടരാൻ കോടതികളെ പ്രേരിപ്പിക്കാമെന്ന് ബെഞ്ച് വ്യക്തമാക്കി. ഇന്റർനെറ്റ് ഷട്ട്ഡൗണിനുള്ള ഉത്തരവുകൾ സംബന്ധിച്ച ആവശ്യകതയുടെയും ആനുപാതികതയുടെയും പരിശോധനകൾ തൃപ്തികരമായിരിക്കണം.നിലവിലെത്  വ്യക്തമാക്കാനാകാത്ത നിയന്ത്രണങ്ങളാണെന്നും സുപ്രീം കോടതി ചൂണ്ടാക്കാട്ടി. ഇവ നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി പറഞ്ഞു.

ആപ്പിള്‍ ഐഫോണ്‍ 14 ഫോണുകള്‍ പുറത്തിറങ്ങി; 'സാറ്റലൈറ്റ് കണക്ഷന്‍' അടക്കം വന്‍ പ്രത്യേകതകള്‍

click me!