ഓൺലൈൻ ഗെയിം നിരോധനം; ഹർജികൾ സുപ്രീം കോടതിയിൽ, കേന്ദ്ര സർക്കാരിനോട് പ്രതികരണം തേടി

Published : Nov 06, 2025, 10:23 AM IST
online gaming bill 2025

Synopsis

പുതിയ നിയമം ഉപയോഗിച്ച് രാജ്യത്ത് ഓൺലൈൻ ഗെയിമിംഗ് അടുത്തിടെ നിരോധിച്ചിരുന്നു. ഇതിനായി ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ആക‌്‌ട് നടപ്പിലാക്കുകയായിരുന്നു.

ദില്ലി: ഇന്ത്യയിലെ ഓൺലൈൻ ഗെയിമിംഗുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീം കോടതിയില്‍. കേന്ദ്ര സർക്കാരിന്‍റെ 2025-ലെ ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ആക്‌ടിനെ ചോദ്യം ചെയ്യുന്ന നിരവധി ഹർജികൾ നവംബർ 26-ന് സുപ്രീം കോടതി പരിഗണിക്കും. പുതിയ നിയമം ഉപയോഗിച്ച് രാജ്യത്ത് ഓൺലൈൻ ഗെയിമിംഗ് അടുത്തിടെ നിരോധിച്ചിരുന്നു. ഇതിനായി ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ആക‌്‌ട് നടപ്പിലാക്കി. ഇപ്പോൾ ഈ നിയമത്തെ ചോദ്യം ചെയ്യുന്ന ഹർജികൾക്ക് വിശദമായ മറുപടി നൽകാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ നിരോധനത്തെത്തുടർന്ന് നിരവധി ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ പ്രവർത്തനം നിർത്തിവച്ചരിക്കുകയാണ്.

ഓണ്‍ലൈന്‍ ഗെയിമിംഗ് നിരോധനം

എല്ലാ ഹർജികൾക്കും സമഗ്രമായ മറുപടി സമർപ്പിക്കാൻ ജസ്റ്റിസുമാരായ ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ബിസിനസുകൾ ഒരു മാസത്തിലേറെയായി അടച്ചിട്ടിരിക്കുകയാണെന്നും ഈ നിരോധനം സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് ഒരു അറിയിപ്പും പുറപ്പെടുവിച്ചിട്ടില്ലെന്നും ഗെയിമിംഗ് കമ്പനികൾ പറഞ്ഞു. ഈ കേസിലെ അടുത്ത വാദം കേൾക്കൽ നവംബർ 26-ന് നടക്കും.

ഈ നിയമവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അഭ്യർത്ഥിച്ചിരുന്നു. ഒരേ നിയമത്തിൽ ഹൈക്കോടതികൾക്ക് വ്യത്യസ്‌ത നിഗമനങ്ങളിൽ എത്തിച്ചേരാമെന്നും ഇത് അനിശ്ചിതത്വം സൃഷ്‌ടിക്കുമെന്നും മന്ത്രാലയം വാദിച്ചു. ഇതേത്തുടർന്നാണ് ഓൺലൈൻ ഗെയിമിംഗ് പ്രോത്സാഹിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നിയമത്തിനെതിരെ സമർപ്പിച്ച ഹർജികൾ ഒരുമിച്ച് സുപ്രീം കോടതിയിലേക്ക് മാറ്റിയത്. ദില്ലി ഹൈക്കോടതിയിലും കർണാടക, മധ്യപ്രദേശ് ഹൈക്കോടതികളിലും സമർപ്പിച്ചിരുന്ന ഹർജികളാണ് ഇപ്പോൾ സുപ്രീംകോടതിയിൽ എത്തിയിരിക്കുന്നത്. റമ്മി, പോക്കർ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള നിരവധി പ്രമുഖ ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ നിരോധനത്തിനെതിരെയുള്ള ഹർജിക്കാരിൽ ഉൾപ്പെടുന്നു. പൗരന്മാർക്ക് തുല്യതയും വ്യാപാര സ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19(1)(g) എന്നിവ ഈ നിയമം ലംഘിക്കുന്നുവെന്ന് അവർ വാദിക്കുന്നു.

കടുത്ത നടപടികള്‍

2025 ഓഗസ്റ്റ് 22-നാണ് ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ആക്‌ട് വിജ്ഞാപനം ചെയ്യപ്പെടുന്നത്. രണ്ട് ദിവസത്തിനുള്ളിൽ ലോക്‌സഭയും രാജ്യസഭയും ഈ നിയമം പാസാക്കി. പിന്നാലെ രാഷ്ട്രപതിയുടെ അനുമതിയും ലഭിച്ചു. വാതുവെപ്പ് അല്ലെങ്കിൽ ക്യാഷ് പ്രൈസുകൾക്കായി ഓൺലൈൻ ഗെയിമുകൾ നടത്തുന്നതോ കളിക്കുന്നതോ ആയ വ്യക്തികളും കമ്പനികളും അറസ്റ്റും ജാമ്യമില്ലാ കുറ്റവും മറ്റ് നിയമനടപടികളും നേരിടേണ്ടിവരുമെന്ന് ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ആക‌്‌ട് വ്യവസ്ഥ ചെയ്യുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി
ജാഗ്രതൈ! ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍