
മുംബൈ: യുകെയില്‍ പ്രവര്‍ത്തന വിപുലീകരണം പ്രഖ്യാപിച്ച് ഇന്ത്യന്‍ ടെക് ഭീമന്‍മാരായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്). അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ പുതിയ 5,000 തൊഴിലവസരങ്ങള്‍ ടിസിഎസ് യുകെയില്‍ സൃഷ്‌ടിക്കും. ഇതിന്‍റെ ഭാഗമായി ലണ്ടനില്‍ എഐ എക്‌സ്‌പീരിയന്‍സ് സോണും ഡിസൈന്‍ സ്റ്റുഡിയോയും ആരംഭിക്കുന്നതായും ടിസിഎസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ആദ്യ ഡിസൈന്‍ സ്റ്റുഡിയോ സ്ഥാപിച്ച ശേഷമാണ് ലണ്ടനിലേക്ക് ടിസിഎസ് കൂടുതല്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്.
യുകെയുമായി ദീര്‍ഘകാലത്തെ ബിസിനസ് പങ്കാളിത്തം ഇന്ത്യന്‍ ഐടി സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനുണ്ട്. യുകെയില്‍ അമ്പത് വര്‍ഷത്തിലേറെയായി ടിസിഎസ് പ്രവര്‍ത്തിക്കുന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍ 3.3 ബില്യണ്‍ പൗണ്ടാണ് (ഏകദേശം 38,000 കോടി രൂപ) യുകെയുടെ സാമ്പത്തിക വ്യവസ്ഥയിലേക്ക് ടിസിഎസ് കൂട്ടിച്ചേര്‍ത്തതെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് റിപ്പോര്‍ട്ട് പറയുന്നു. ഇതേ 2024 സാമ്പത്തിക വര്‍ഷത്തില്‍ 780 മില്യണ്‍ പൗണ്ട് (ഏകദേശം 9000 കോടി രൂപ) നികുതി ഇനത്തിലും ടിസിഎസ് നല്‍കി. യുകെയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നേരിട്ടും അല്ലാതെയും 42,700 തൊഴിലവസരങ്ങളുടെ ഭാഗമാവുകയും ചെയ്‌തു ടിസിഎസ് എന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
യുകെയില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള ടിസിഎസിന്‍റെ തീരുമാനത്തെ യുകെ നിക്ഷേപകാര്യ മന്ത്രി ജേസന്‍ സ്റ്റോക്‌വുഡ് പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം മെച്ചപ്പെടുത്താന്‍ ജൂലൈയില്‍ ഒപ്പുവെച്ച കരാര്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്‍റെ ഭാഗമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഇപ്പോള്‍ ടിസിഎസിന്‍റെ ഈ പ്രഖ്യാപനമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. യുകെയിലെ സുപ്രധാന ഡിജിറ്റല്‍ സേവനദാതാക്കളാണ് ടിസിഎസ് എന്ന് ഊട്ടിയുറപ്പിക്കുന്നതാണ് പുതിയ നിക്ഷേപ പ്രഖ്യാപനമെന്ന് പിഎസിയിലെ പ്രിന്‍സിപ്പല്‍ അനലിസ്റ്റായ നിക് മെയ്‌സ് പറഞ്ഞു. യുകെയില്‍ എഐ രംഗത്തിന് ഇത് തുണയാകുമെന്നും മെയ്‌സ് വ്യക്തമാക്കി. ആഗോളതലത്തില്‍ ടിസിഎസിന്‍റെ രണ്ടാമത്തെ വലിയ വിപണിയാണ് യുകെ എന്നും പ്രദേശത്തെ നാല് രാജ്യങ്ങളിലും (ഇംഗ്ലണ്ട്, സ്കോട്ട്‌ലന്‍ഡ്, വെയിൽസ്, ഉത്തര അയർലന്‍റ്) നിക്ഷേപം തുടരുമെന്നും ടിസിഎസിന്‍റെ യുകെ, അയര്‍ലന്‍ഡ് തലവനായ വിനയ് സിംഗ്‌വി പ്രതികരിച്ചു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം