ഫേസ്ബുക്കില്‍ നിന്നും കൗമരക്കാര്‍ പിന്‍വാങ്ങുന്നു

By Web TeamFirst Published Oct 28, 2018, 5:10 PM IST
Highlights

രാഷ്ട്രീയം, വംശീയത, മതകാര്യങ്ങള്‍ എന്നിവയുടെ അതിപ്രസരമാണ് അമേരിക്കന്‍ യുവത്വത്തിന് ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയയില്‍ താല്‍പ്പര്യം നഷ്ടപ്പെടുന്നത് എന്നാണ് പ്യൂ സര്‍വേയുടെ പഠനം പറയുന്നത്. അതായത് ഇത് മുതിര്‍ന്നവരുടെ വേദിയായി കൗമരക്കാര്‍ വിലയിരുത്തുന്നു എന്നതാണ് സത്യം

ഫേസ്ബുക്കില്‍ നിന്നും കൗമരക്കാര്‍ വ്യാപകമായി കൊഴിഞ്ഞുപോകുന്നു എന്ന് പഠന റിപ്പോര്‍ട്ട്. അമേരിക്കന്‍ ഐക്യനാടുകളിലെ കൗമരക്കാര്‍ക്കിടയില്‍ നടത്തിയ പഠനമാണ് ഇത്തരത്തില്‍ ഒരു വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നത്. പഠനം അനുസരിച്ച് 80 ശതമാനത്തിലേറെ കൗമാരക്കാർ ഇൻസ്റ്റഗ്രാമും സ്നാപ്ചാറ്റും ഉപയോഗിക്കുമ്പോൾ ഫേസ്ബുക്ക് ഉപയോഗിക്കുന്ന കൗമാരക്കാർ കേവലം 36 ശതമാനം മാത്രമാണെന്നാണ് പഠനം പറയുന്നത്. 2016ൽ മാത്രം 60 ശതമാനത്തിലേറെ കൗമാരക്കാർ ഫേസ്ബുക്ക് ഉപയോഗം നിര്‍ത്തിയെന്നാണ് പഠനം പറയുന്നത്.

രാഷ്ട്രീയം, വംശീയത, മതകാര്യങ്ങള്‍ എന്നിവയുടെ അതിപ്രസരമാണ് അമേരിക്കന്‍ യുവത്വത്തിന് ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയയില്‍ താല്‍പ്പര്യം നഷ്ടപ്പെടുന്നത് എന്നാണ് പ്യൂ സര്‍വേയുടെ പഠനം പറയുന്നത്. അതായത് ഇത് മുതിര്‍ന്നവരുടെ വേദിയായി കൗമരക്കാര്‍ വിലയിരുത്തുന്നു എന്നതാണ് സത്യം. എന്നാല്‍ ഒരു ടെക് കമ്പനി എന്ന നിലയില്‍ ഈ കൊഴിഞ്ഞുപോക്ക് ഫേസ്ബുക്കിന് അനുഗ്രഹം ആണെന്നാണ് പഠനം പറയുന്നത്. കാരണം ഫേസ്ബുക്കില്‍ നിന്നും പടിയിറങ്ങുന്ന യുവാക്കള്‍ നിലയുറപ്പിക്കുന്നത് ഫേസ്ബുക്ക് ഉടമസ്ഥതയില്‍ ഉള്ള ഇന്‍സ്റ്റഗ്രാമിലാണ്.

എങ്കിലും ഫേസ്ബുക്ക് ഐഎന്‍സിയുടെ വരുമാനത്തിന്‍റെ 70 ശതമാനം നല്‍കുന്ന ഫേസ്ബുക്ക് പ്ലാറ്റ്ഫോമിന്‍റെ തളര്‍ച്ച ഫേസ്ബുക്കിനെയും ചിന്തിപ്പിക്കും എന്നാണ് ടെക് ലോകം വിലയിരുത്തുന്നത്. വർഷങ്ങൾക്കു മുൻപ് ഗൂഗിളിന്‍റെ ഓർകുട്ടിന് സംഭവിച്ചതാണ് ഫേസ്ബുക്കിനെ കാത്തിരിക്കുന്നത് എന്ന് മുൻപ് തന്നെ ഇന്‍റര്‍നെറ്റ് നിരീക്ഷകരും ഗവേഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. 019 ആകുമ്പോഴേക്കും ഫെയ്സ്ബുക് തകർച്ചയിലെത്തും എന്ന് വർഷങ്ങൾക്കു മുൻപ് തന്നെ നിരീക്ഷകർ പ്രവചിച്ചിരുന്നെങ്കിലും അത്തരമൊരു ഭീഷണി നിലവിൽ മുന്നിലില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഉത്പന്ന വൈവിദ്ധ്യത്തിലൂടെ തല്‍ക്കാലം ആ ഭീഷണി ഫേസ്ബുക്ക് ഒഴിവാക്കിയിട്ടുണ്ട്.

എന്നാല്‍ നിരന്തരം സംഭവിക്കുന്ന വിവര ചോര്‍ച്ച വിവാദങ്ങളും, ടെക്നിക്കല്‍ പ്രശ്നങ്ങളും ഫേസ്ബുക്കിനെ പ്രതിസന്ധിയിലാക്കുന്നുണ്ട് എന്നാണ് ടെക് ലോകം പറയുന്നത്. അതിനിടയിലാണ് കൌമരക്കാര്‍ കൈവിടുന്നു എന്ന പഠനഫലം വരുന്നത്. മുതിർന്നവർ വളരെ സജീവമായി തുടരുന്നതും വാർത്താമാധ്യമങ്ങളുടെയും പ്രമുഖരുടെയും സാന്നിധ്യവും ഫെയ്സ്ബുക്കിന്റെ കരുത്താണ്. മുഖ്യധാരാ മാധ്യമങ്ങളുടെ സ്വഭാവത്തിലേക്ക് ഫെയ്സ്ബുക് എത്തുന്നതിനിടെയാണ് ചെറുപ്പക്കാർ പുതിയ സോഷ്യൽ നെറ്റ്‍വർക്കുകളിലേക്ക് മാറുന്നത് എന്നത് ശ്രദ്ധേയമാണ്.

click me!