ഐഫോണ്‍ 17 സീരീസിന് വന്‍ സ്വീകാര്യത, ചൈനയിലും യുഎസിലും 14 ശതമാനം അധിക വില്‍പന, ഏറ്റവും ഹിറ്റ് ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍

Published : Oct 21, 2025, 10:27 AM IST
iphone 17 series

Synopsis

ഐഫോണ്‍ 17 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് യുഎസ്, ചൈനീസ് വിപണികളില്‍ വന്‍ ഡിമാന്‍ഡ്. ഐഫോണ്‍ 16 സീരീസുമായി താരതമ്യം ചെയ്യുമ്പോള്‍ 14 ശതമാനം കൂടുതൽ യൂണിറ്റുകൾ വിറ്റഴിഞ്ഞു എന്ന് കൗണ്ടർപോയിന്‍റ് റിസര്‍ച്ചിന്‍റെ റിപ്പോര്‍ട്ട്.

ന്യൂയോര്‍ക്ക്: ആപ്പിളിന്‍റെ ഏറ്റവും പുതിയ ഐഫോണ്‍ 17 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് യുഎസ്, ചൈനീസ് വിപണികളില്‍ വന്‍ സ്വീകാര്യതയെന്ന് റിപ്പോര്‍ട്ട്. ലോഞ്ച് ചെയ്‌ത ആദ്യ 10 ദിവസങ്ങളില്‍ ഐഫോൺ 17 ലൈനപ്പ് കഴിഞ്ഞ വർഷത്തെ ഐഫോൺ 16 ശ്രേണിയെ അപേക്ഷിച്ച് 14 ശതമാനം കൂടുതൽ യൂണിറ്റുകൾ വിറ്റഴിഞ്ഞു എന്നാണ് ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്‍റ് റിസര്‍ച്ചിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അടിസ്ഥാന മോഡലായ ഐഫോൺ 17 ആണ് വിൽപ്പനയിൽ മികച്ച പ്രകടനം കാഴ്‌ചവച്ചത്. ചൈനയിൽ ഐഫോണ്‍ 17-ന്‍റെ വിൽപ്പന മുന്‍ഗാമിയെ അപേക്ഷിച്ച് ഇരട്ടിയായി. യുഎസ്, ചൈന വിപണികളിലായി 31 ശതമാനം വർധനവാണ് ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡലിന്‍റെ വില്‍പനയിലുണ്ടായത്.

വിപണിയില്‍ തിളങ്ങി ഐഫോണ്‍ 17 സീരീസ്

ഐഫോൺ 17 സ്റ്റാന്‍ഡേര്‍ഡ് മോഡൽ ഉപഭോക്താക്കൾക്ക് വളരെ ആകർഷകമാണെന്നും പണത്തിന് മികച്ച മൂല്യം വാഗ്‌ദാനം ചെയ്യുന്നതായും കൗണ്ടർപോയിന്‍റിലെ സീനിയർ അനലിസ്റ്റ് മെങ്മെങ് ഷാങ് പറഞ്ഞു. പുതിയ ഐഫോണ്‍ 17-ല്‍ വേഗതയേറിയ ചിപ്പ്, തിളക്കമുള്ള ഡിസ്പ്ലേ, കൂടുതൽ സ്റ്റോറേജ്, മെച്ചപ്പെട്ട സെല്‍ഫി ക്യാമറ എന്നിവ ഉൾപ്പെടുന്നു. ഐഫോണ്‍ 16-നെ അപേക്ഷിച്ച് ഏതാണ്ട് സമാനമായ വിലയിലാണ് ഐഫോണ്‍ 17 ചൈനയില്‍ വില്‍ക്കുന്നത് എന്നത് ഉപഭോക്താക്കള്‍ക്ക് നേട്ടമായി. ചൈനയിൽ പ്രാദേശിക സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാൻഡുകൾ വിപണി വിഹിതം കൈയടക്കിവരികയാണ്. അതുകൊണ്ടുതന്നെ വില ഉയർത്തുന്നതിനുപകരം കോർ മോഡലിന്‍ ഫീച്ചറുകള്‍ പരിഷ്‍കരിക്കുക എന്നതിനാണ് ആപ്പിള്‍ കമ്പനി ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. ഈ തന്ത്രം ഫലം കാണുന്നുണ്ടെന്നാണ് ചൈനയിലെ ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡലിന്‍റെ ആദ്യഘട്ടത്തിലെ വിൽപ്പന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഐഫോണ്‍ 17 സീരീസിന്‍റെ വില്‍പന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ യുഎസ് ഓഹരി വിപണിയില്‍ ആപ്പിളിന്‍റെ ഷെയറില്‍ നാല് ശതമാനത്തിന്‍റെ കുതിപ്പുണ്ടായി.

ഐഫോണ്‍ 17 അപ്‌ഗ്രേഡുകള്‍ പ്രിയം 

സെപ്റ്റംബറിൽ ആണ് ആപ്പിൾ ഐഫോൺ 17 സീരീസ് ലോകമെമ്പാടും പുറത്തിറക്കിയത്. ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍, ഐഫോണ്‍ എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നിവയായിരുന്നു ഈ ശ്രേണിയിലുണ്ടായിരുന്നത്. ഇതില്‍ ഐഫോണ്‍ എയര്‍ എന്ന മോഡല്‍ ആപ്പിളിന്‍റെ ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഫോണാണ്. സ്റ്റാന്‍ഡേര്‍ഡ് മോഡലിന് പുറമെ പ്രോ മോഡലുകളിലും കാര്യമായ അപ്‌ഗ്രേഡ‍ുകള്‍ ഐഫോണ്‍ 17 ലൈനപ്പില്‍ ആപ്പിള്‍ കൊണ്ടുവന്നിരുന്നു. ഐഫോൺ 17 മോഡലുകളുടെ ഇന്ത്യയിലെ വില 82,900 രൂപയിലാണ് ആരംഭിക്കുന്നത്. ഇന്ത്യയില്‍ എത്രത്തോളം യൂണിറ്റ് ഐഫോണ്‍ 17 സീരീസ് സ്‌‌മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ വിറ്റഴിഞ്ഞു എന്ന കണക്കുകള്‍ പുറത്തുവന്നിട്ടില്ല. ആപ്പിൾ കമ്പനിയുടെ വരുമാനത്തിന്റെ പകുതിയോളം ഇപ്പോഴും ഐഫോൺ വിൽപ്പനയിൽ നിന്നാണ് ലഭിക്കുന്നത്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഈ വർഷം പുറത്തിറങ്ങിയ 'തകർപ്പൻ' സ്മാർട്ട്ഫോണുകൾ!
എഐ മാസ്റ്ററാകണോ? വഴി തുറന്ന് ഓപ്പൺഎഐ! പുതിയ സർട്ടിഫിക്കേഷൻ കോഴ്‌സുകൾ ആരംഭിച്ചു