
ഓൺലൈൻ വിജ്ഞാനകോശ പ്ലാറ്റ്‌ഫോമായ വിക്കിപീഡിയയുടെ വായനക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുന്നതായി റിപ്പോർട്ട്. പേജ് വ്യൂകളിൽ പ്രതിവർഷം എട്ട് ശതമാനം ഇടിവ് സംഭവിച്ചതായി വിക്കിമീഡിയ ഫൗണ്ടേഷൻ പറയുന്നു. എഐ സെർച്ചിംഗ് ടൂളുകളുടെയും സോഷ്യൽ വീഡിയോ പ്ലാറ്റ്‌ഫോമുകളുടെയും വർധിച്ചുവരുന്ന സ്വാധീനമാണ് ഇതിന് കാരണം എന്നാണ് റിപ്പോർട്ടുകൾ. ഇത്തരം ടൂളുകൾ ഇപ്പോൾ സെര്‍ച്ചുകള്‍ക്ക് നേരിട്ടുള്ള ഉത്തരങ്ങൾ നൽകുന്നുണ്ടെന്നും ഇത് ഉപയോക്താക്കൾ വെബ്‌സൈറ്റ് സന്ദർശിക്കേണ്ടതിന്‍റെ ആവശ്യകത കുറയ്ക്കുന്നുവെന്നും വിക്കിമീഡിയ ഫൗണ്ടേഷൻ പറയുന്നു. മാറിക്കൊണ്ടിരിക്കുന്ന ഇന്‍റർനെറ്റ് പ്രവണതകളും വർധിച്ചുവരുന്ന ബോട്ട് ട്രാഫിക്കും ആളുകൾ വിവരങ്ങൾ ആക്‌സസ് ചെയ്യുന്ന രീതിയെ മാറ്റിമറിച്ചിട്ടുണ്ടെന്ന് ഒക്‌ടോബര്‍ 17-ന് പുറത്തിറക്കിയ ഒരു ബ്ലോഗ് പോസ്റ്റിൽ ഫൗണ്ടേഷൻ പറഞ്ഞു.
വിക്കിമീഡിയ സിസ്റ്റം ട്രാഫിക്കിനെ മനുഷ്യർ, ബോട്ട് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തരംതിരിക്കുന്നു. 2025 മെയ് മാസത്തിൽ ബ്രസീലിൽ നിന്നുള്ള ട്രാഫിക്കിൽ പെട്ടെന്ന് വർധനവ് സംഭവിച്ചു. ഈ അപ്രതീക്ഷിത ട്രാഫിക് വർധനവിനെ സിസ്റ്റം അവലോകനം ചെയ്തപ്പോഴാണ് അമ്പരപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. മെയ് മുതൽ ജൂൺ വരെയുള്ള ഈ ട്രാഫിക്കിന്‍റെ ഭൂരിഭാഗവും മനുഷ്യ സ്വഭാവത്തെ അനുകരിക്കാൻ ശ്രമിക്കുന്ന ബോട്ടുകൾ സൃഷ്‍ടിച്ചതാണെന്ന് ഈ അന്വേഷണത്തിൽ വ്യക്തമായി.
ആളുകൾ ഇപ്പോൾ വിവരങ്ങൾ നേരിട്ട് കണ്ടെത്താൻ എഐ ചാറ്റ്ബോട്ടുകളും സെർച്ച് എഞ്ചിനുകളും ഉപയോഗിക്കുന്നു. ഈ ടൂളുകൾ വിക്കിപീഡിയ ഡാറ്റയിൽ നിന്നും ഉത്തരങ്ങൾ വേർതിരിച്ചെടുക്കുന്നു. അതേസമയം, പ്രായം കുറഞ്ഞ ഉപയോക്താക്കൾ ഓപ്പൺ വെബിനേക്കാൾ ഷോർട്ട് വീഡിയോ പ്ലാറ്റ്‌ഫോമുകളെ കൂടുതലായി ആശ്രയിക്കുന്നു. ഇതൊക്കെയാണെങ്കിലും എഐ, വലിയ ഭാഷാ മോഡലുകൾ (LLMs) എന്നിവയ്‌ക്കുള്ള ഏറ്റവും വിശ്വസനീയമായ ഡാറ്റാ ഉറവിടമായി വിക്കിപീഡിയ തുടരുന്നു. അതായത് ഉപയോക്താക്കൾ നേരിട്ട് സൈറ്റ് സന്ദർശിച്ചില്ലെങ്കിലും വിക്കിമീഡിയ സന്നദ്ധപ്രവർത്തകർ സൃഷ്‍ടിച്ച വിക്കിപീഡിയ ഉള്ളടക്കം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുന്നത് ഉറപ്പാക്കുന്നു.
ട്രാഫിക് കുറയുന്നു, ആശങ്ക കൂടുന്നു
വെബ്‌സൈറ്റിലേക്കുള്ള സന്ദർശനങ്ങൾ കുറയുന്നത് വളണ്ടിയർ കമ്യൂണിറ്റിയെയും അവരുടെ സംഭാവനകളെയും ബാധിക്കുമെന്ന് വിക്കിമീഡിയ ഫൗണ്ടേഷൻ പറയുന്നു. വിക്കിപീഡിയയുടെ നിഷ്‍പക്ഷത, വിശ്വാസ്യത, സുതാര്യത എന്നിവ നിലനിർത്തുന്ന ആളുകളാണ് ഇവർ. ഉപയോക്താക്കൾക്ക് പഠിക്കാൻ മാത്രമല്ല, സംഭാവന നൽകാനും കഴിയുന്ന തരത്തിൽ വിക്കിപീഡിയയെ ഒരു പ്രധാന വിവര സ്രോതസായി പ്രോത്സാഹിപ്പിക്കണമെന്ന് വിക്കിമീഡിയ ഫൗണ്ടേഷൻ എഐ കമ്പനികളോടും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോടും അഭ്യർഥിച്ചു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam