കൃത്രിമ ബുദ്ധി നിരവധി ജോലികൾ ഇല്ലാതാക്കും; മുന്നറിയിപ്പുമായി ഐബിഎം സിഇഒ അരവിന്ദ് കൃഷ്‍ണ

Published : Feb 05, 2026, 02:18 PM IST
IBM

Synopsis

ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിലാണ്, എഐ മൂലം ഏറ്റവും കൂടുതൽ അപകടസാധ്യത നേരിടുന്ന ജോലികളുടെ പട്ടിക അരവിന്ദ് കൃഷ്‌ണ വെളിപ്പെടുത്തിയത്

മുംബൈ: കൃത്രിമ ബുദ്ധി അഥവാ എഐ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്‌ടിക്കുമെന്ന ആശങ്കകൾ അടിസ്ഥാനരഹിതമല്ലെന്ന് വ്യക്തമാക്കി ഐബിഎം സിഇഒ അരവിന്ദ് കൃഷ്‌ണ. എഐ ചില ജോലികൾ ഇല്ലാതാക്കുമെങ്കിലും, ഭാവിയിൽ കൂടുതൽ പുതിയ ജോലികൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിലാണ്, എഐ മൂലം ഏറ്റവും കൂടുതൽ അപകടസാധ്യത നേരിടുന്ന ജോലികളുടെ പട്ടിക അരവിന്ദ് കൃഷ്‌ണ വെളിപ്പെടുത്തിയത്. അതിൽ പ്രധാനമായും കോൾ സെന്‍റർ ജോലികളാണ്. കാലക്രമേണ കോൾ സെന്‍റർ ജോലികളിൽ ഏകദേശം 50 ശതമാനം വരെ ഇല്ലാതാകാൻ സാധ്യതയുണ്ട് എന്നാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തൽ.

തൊഴില്‍ കളയുമോ എഐ? 

കോൾ സെന്‍ററുകൾക്ക് പുറമെ ഐടി, എച്ച്ആർ തുടങ്ങിയ മേഖലകളിലെ ഇന്‍റേണൽ ഹെൽപ്‌ഡെസ്‍ക് ജോലികളും എഐയുടെ ഭീഷണിയിലാണെന്നും സ്ഥാപനത്തിനുള്ളിലെ പിന്തുണ സേവനങ്ങൾ ഭാവിയിൽ കൂടുതൽ ഓട്ടോമേറ്റഡ് ആകുമെന്നും അരവിന്ദ് കൃഷ്‌ണ വ്യക്തമാക്കി. അതോടൊപ്പം ആവർത്തന സ്വഭാവമുള്ള ജോലികൾ, പ്രത്യേകിച്ച് അക്കൗണ്ട്സ് പേയബിൾ, അക്കൗണ്ട്സ് റിസീവബിൾ മേഖലകളിലെ രേഖകൾ പരിശോധിക്കുന്നത് സംബന്ധിച്ച ജോലികൾക്കും വലിയ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. രേഖകൾ തമ്മിൽ താരതമ്യം ചെയ്‌ത് പരിശോധിക്കുന്ന ജോലികളിൽ പകുതി വരെ ഇല്ലാതാകാൻ സാധ്യതയുണ്ട് എന്നാണ് അരവിന്ദ് കൃഷ്‌ണയുടെ അഭിപ്രായം.

കോർപ്പറേറ്റ് കമ്പനികളുടെ ഉത്തരവാദിത്വത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “തൊഴിലാളികൾക്ക് പുതിയ കഴിവുകൾ നൽകുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്,” എന്ന് അരവിന്ദ് കൃഷ്‌ണ പറഞ്ഞു. എഐയുടെ വളർച്ചയോടെ ചില ജോലികൾ അപ്രത്യക്ഷമാകുമ്പോൾ, പുതിയ ജോലികൾ ഉയർന്നുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉൽപ്പാദനക്ഷമമായ മേഖലകളായി ഗവേഷണവും വികസനവും (R&D) അദ്ദേഹം ഉദാഹരണമായി പറഞ്ഞു. ഐബിഎം ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും 10,000 പേരെ നിയമിക്കുകയും ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തി. ജോലി നഷ്‍ടപ്പെടുന്നതിനെക്കാൾ കൂടുതൽ തൊഴിലവസരങ്ങൾ പുതിയ മേഖലകളിൽ സൃഷ്‌ടിക്കപ്പെടും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐബിഎമ്മിലെ മാറ്റങ്ങള്‍

2020ൽ ഐബിഎം സിഇഒയായി ചുമതലയേറ്റ അരവിന്ദ് കൃഷ്‌ണയുടെ നേതൃത്വത്തിൽ, കമ്പനി ജനറേറ്റീവ് എഐ, ഹൈബ്രിഡ് ക്ലൗഡ്, സോഫ്റ്റ്‌വെയർ സേവനങ്ങൾ തുടങ്ങിയ ഉയർന്ന മൂല്യമുള്ള മേഖലകളിലേക്കാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനകം തന്നെ ഐബിഎമ്മിനുള്ളിൽ എഐ ഏകദേശം 200 എച്ച്ആർ ജീവനക്കാരുടെ ജോലി ഏറ്റെടുത്തതായി അദ്ദേഹം മുൻപ് വെളിപ്പെടുത്തിയിരുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നാസ ആസ്ട്രനോട്ടുകൾക്ക് ഇനിമുതല്‍ സ്‌മാർട്ട്ഫോണുകൾ ബഹിരാകാശത്തേക്ക് കൊണ്ടുപോകാം, ചരിത്ര തീരുമാനം
പുതുപുത്തൻ ഫീച്ചർ, ഐഫോൺ ഇനി നിങ്ങളുടെ മുഖഭാവം വായിക്കും, സംസാരിക്കാതെ തന്നെ നിങ്ങളെ മനസിലാക്കും