ഏറ്റവും പ്രിയപ്പെട്ട ആന്‍ഡ്രോയ്ഡ് പതിപ്പ് ലോലിപോപ്പ് തന്നെ

By Web DeskFirst Published Aug 4, 2016, 3:04 AM IST
Highlights

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ആന്‍ഡ്രോയ്ഡ് പതിപ്പ് ലോലിപോപ്പ് ആണെന്ന് പഠന റിപ്പോര്‍ട്ട്. ലോകത്തിലുള്ള മൊത്തം ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളില്‍ 35 ശതമാനം പേര്‍ ഇപ്പോഴും ഉപയോഗിക്കുന്നത് ലോലിപോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് എന്നാണ് ആഗസ്റ്റ് മാസം തുടങ്ങുമ്പോള്‍ ഉള്ള കണക്ക്. ജൂണ്‍ മാസത്തെ അപേക്ഷിച്ച് ലോലിപ്പോപ്പ് 0.4 ശതമാനം ഡിവൈസുകളില്‍ കൂടി വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്.

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റാണ് ലോലിപോപ്പിന് പിന്നിലുള്ളത് 29.2 ശതമാനമാണ് ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ കിറ്റ്കാറ്റിന്‍റെ സാന്നിദ്ധ്യം. ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ ഇപ്പോഴും ലോകത്തിലെ 16.7 ശതമാനം ആന്‍ഡ്രോയ്ഡ് ഗാഡ്ജറ്റുകളിലും ഉപയോഗിക്കുന്നു. മറ്റ് പതിപ്പുകളായ ആന്‍ഡ്രോയ്ഡ് ജിഞ്ചര്‍ ബ്രെഡ‍്, ഫ്രോയോ, ഐസ്ക്രീം സാന്‍റ് വിച്ച് എന്നിവ യഥാക്രമം 1.7 ശതമാനം, 0.1 ശതമാനം, 1.6 ശതമാനം എന്നിങ്ങനെയാണ് ആന്‍ഡ്രോയ്ഡ് ഗാഡ്ജറ്റുകളില്‍ സാന്നിദ്ധ്യം അറിയിക്കുന്നത്.

ഓഗസ്റ്റ് 1വരെയുള്ള ആന്‍ഡ്രോയ്ഡ് പ്ലേ സ്റ്റോറില്‍ നിന്നുള്ള ഡൗണ്‍ലോഡുകള്‍ അടിസ്ഥാനമാക്കിയാണ് പുതിയ കണക്കുകള്‍ ഗൂഗിള്‍ പുറത്തുവിട്ടത്. ഗൂഗിളിന്‍റെ ഇപ്പോള്‍ രംഗത്തുള്ള ഏറ്റവും പുതിയ പതിപ്പ് മാഷ്മെലോ ഓപ്പറേറ്റിംഗ് സിസ്റ്റം 15.2 ശതമാനം ഗാഡ്ജറ്റുകളില്‍ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 1.9 ശതമാനത്തിന്‍റെ വളര്‍ച്ച മാഷ്മെലോയുടെ കാര്യത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ ഗൂഗിള്‍ പ്രതീക്ഷിച്ച രീതിയിലുള്ള വളര്‍ച്ചയല്ല ഇതെന്നാണ് റിപ്പോര്‍ട്ട്.

click me!