
ഡിജിറ്റൽ പേയ്‌മെന്‍റുകൾ ഇപ്പോൾ സുപരിചിതമാണ്. ഡിജിറ്റൽ പേയ്‌മെൻറുകളിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ പേ (google pay). മുക്കിലും മൂലയിലും ഡിജിറ്റൽ പേയ്‌മെന്‍റുകൾ ലഭ്യമാണ്. ഷോപ്പിങ് മാളുകൾ മുതൽ പെട്ടിക്കടകളിൽ വരെ ഗൂഗിൾ പേ പേയ്‌മെന്‍റുകൾ ലഭ്യമായിട്ടുണ്ട്. എന്നാൽ ചില അബദ്ധങ്ങൾ സംഭവിച്ചാൽ പണം നഷ്‌ടമാവാനും ഗൂഗിൾ പേ പേയ്‌മെന്‍റുകൾ ഇടവരുത്തും. അതിനാൽ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. ചെറിയ അക്ഷരത്തെറ്റുകൾ സംഭവിച്ചാലോ കോണ്ടാക്‌ട് സെലക്‌ട് ചെയ്യുന്നതിലോ വീഴ്‌ചകൾ സംഭവിച്ചാൽ കണ്ണടച്ചുതുറക്കുന്നതിന് മുമ്പ് പണം നഷ്‌ടപ്പെട്ടിട്ടുണ്ടാകും. ഡിജിറ്റൽ പേയ്മെന്‍റുകൾ ജീവിതം എളുപ്പമാക്കിയെങ്കിലും പേയ്‌മെന്‍റ് ചെയ്യുന്ന ആൾ തന്നെ ചില തെറ്റുകൾ വരുത്തുന്നതും അതുവഴി പണം നഷ്ടമാകുന്നതും സ്ഥിരം സംഭവമാണ്.
ഇത്തരം തെറ്റുകൾ സംഭവിച്ചാൽ എന്തു ചെയ്യാൻ പറ്റും..? അതിനെ കുറിച്ച് നോക്കാം. ആദ്യം തന്നെ തെറ്റുകൾ സംഭവിക്കാതിരിക്കാൻ നോക്കാം. അതാവും ഏറ്റവും നല്ല മാർഗം. അഥവാ കോണ്ടാക്‌ട് മാറി പണമയച്ചാൽ അദ്ദേഹത്തെ ബന്ധപ്പെട്ട് പണം മാറി അയച്ച വിവരം അറിയിക്കുകയും തിരികെ ലഭിക്കാനുള്ള മാർഗങ്ങൾ തേടുകയും ചെയ്യണം. ഈ രീതി പുലർത്തുന്നതാവും വേഗത്തിൽ പണം തിരിച്ചുകിട്ടാനുള്ള എളുപ്പ മാർഗം. പൊതുവെ നമ്മുടെ സൗഹൃദ വലയത്തലുള്ളവരായിരിക്കും കോണ്ടാക്‌ട് ലിസ്റ്റിലുണ്ടാവുക. അതിനാൽ തന്നെ പണം പെട്ടന്ന് തിരിച്ചുകിട്ടാനുള്ള സാധ്യത കൂടുതലാണ്. വിളിച്ച് പറയുന്നതിലൂടെയോ മെസേജ് അയച്ച് പണം മാറി അയച്ചുവെന്ന കാര്യം പറയുന്നതിലൂടെയോ റീ ഫണ്ട് ചെയ്യാൻ കഴിയും.
ഇനി, അപരിചതർക്കാണ് പണം മാറി അയച്ചതെങ്കിൽ മാന്യമായി വിളിച്ചിട്ട് തെറ്റുപറ്റിയെന്നും പണം തിരികെ അയക്കാൻ ആവശ്യപ്പെടുകയുമാവാം. മാന്യമായ ഇടപെടലുകളിലൂടെ പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. മോശമായി പെരുമാറിയാൽ പണം തിരിച്ചുകിട്ടാനുള്ള സാധ്യത കുറയും. അതിനാൽ തന്നെ ഗൂഗിൾ പേ ഇടപാട് നടത്തുമ്പോൾ ചെയ്യേണ്ട ജാഗ്രത തന്നെ അപരിചതരോടും ചെയ്യണം. ഈ മാർഗം ഫലവത്തായില്ലെങ്കിൽ ഗൂഗിൾ പേ കസ്റ്റമർ സർവീസിൽ ബന്ധപ്പെടാം. ഇതിനായി ഗൂഗിൾ പേ ടോൾ ഫ്രീ നമ്പറും ഉപയോക്താക്കൾക്കായി ഇറക്കിയിട്ടുണ്ട്. 18004190157 എന്ന നമ്പറിലൂടെയാണ് ഗൂഗിൾ പേ കസ്റ്റമർ സർവീസുമായി ബന്ധപ്പെടേണ്ടത്. ഈ നമ്പറിൽ വിളിച്ചാൽ തുടർ നടപടികൾ ഗൂഗിളിന്‍റെ ഭാഗത്തു നിന്നും നിന്നും ഉണ്ടാകും.
എന്നാൽ പരാതി രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ കൈയിൽ ഗൂഗിൾ പേ ഇടപാട് നടത്തിയതിന്‍റെ വിവരങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്. അതിൽ ഒന്നാണ് ട്രാൻസ്‌ക്ഷൻ ഐഡി (ഗൂഗിൾ പേ ഹിസ്റ്ററിയിൽ നോക്കിയാൽ ഐഡി ലഭിക്കും). രണ്ടാമതായി ഇടപാട് നടത്തിയ തീയതിയും സമയവും. പിന്നെ വേണ്ടത് ഇടപാട് തുകയാണ്. നാലാമതായി വേണ്ട കാര്യമാണ് പണം പണം ലഭിച്ച ആളുടെ യുപിഐ ഐഡി. ഈ വിവരങ്ങളെല്ലാം ഗൂഗിൾ പേ കസ്റ്റമർ സർവീസിന് നൽകണം.
പണം തിരികെ ലഭിക്കാനുള്ള അടുത്ത മാർഗമാണ് നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI)യിൽ പരാതി രജിസ്റ്റർ ചെയ്യുക എന്നത്. npci.org.in സന്ദർശിച്ച ശേഷം 'What We Do' എന്ന ലിങ്ക് ക്ലിക്ക് ചെയ്‌ത് UPI തിരഞ്ഞെടുക്കുക. യുപിഐ ഇടപാട് ഐഡി, അയച്ചയാളുടെയും സ്വീകരിക്കുന്നയാളുടെയും ബാങ്ക് പേരുകൾ, ട്രാൻസ്ഫർ ചെയ്‌ത തുക തുടങ്ങിയ വിശദാംശങ്ങൾ പൂരിപ്പിച്ചാൽ പരാതി രജിസ്റ്റർ ആവും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam