സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; ഗൂഗിൾ ക്രോം ഉപഭോക്താക്കൾക്ക് അടിയന്തിര മുന്നറിയിപ്പുമായി ഇന്ത്യൻ സൈബർ സുരക്ഷാ ഏജൻസി

Published : Aug 27, 2025, 01:27 PM IST
Google Chrome

Synopsis

ഗൂഗിള്‍ ക്രോമില്‍ ചില സുരക്ഷാ പിഴവുകള്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ വലിയ സൈബര്‍ ആക്രമണത്തിന് ഇരയായേക്കും. എങ്ങനെ ഈ ഭീഷണിയെ മറികടക്കാമെന്നും നോക്കാം. 

ലോകത്ത് ഏറ്റവും പോപ്പുലറായ ഇന്‍റര്‍നെറ്റ് ബ്രൗസറായ ഗൂഗിള്‍ ക്രോമിന്‍റെ ഉപഭോക്താക്കള്‍ക്ക് സൈബര്‍ സുരക്ഷാ മുന്നറിയിപ്പ്. വിൻഡോസ്, മാക്, ലിനക്‌സ് എന്നിവയിൽ ക്രോമിന്‍റെ പഴയ പതിപ്പുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കാണ് കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്‍റെ ജാഗ്രതാ നിര്‍ദേശം. ക്രോമിന്‍റെ പഴയ പതിപ്പുകളിലെ ചില പിഴവുകൾ ഗൂഗിൾ തന്നെ അംഗീകരിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ്. ഉപയോക്താക്കൾ ഉടനടി തങ്ങളുടെ ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതിന്‍റെ ആവശ്യകത ഈ മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

ഹാക്കർമാർക്ക് സെൻസിറ്റീവ് ഡാറ്റകളിലേക്ക് ആക്‌സസ് നേടാനോ ഉപയോക്താവിന്‍റെ ഡിവൈസ് ഹാക്ക് ചെയ്യാനോ ക്രോമിലെ ഈ പിഴവുകള്‍ കാരണമായേക്കാം എന്ന് സിഇആർടി-ഇൻ വ്യക്തമാക്കുന്നു. ജോലി, ബാങ്കിംഗ്, ആശയവിനിമയം എന്നിവയ്ക്കായി ക്രോമിനെ വളരെയധികം ആശ്രയിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപ്‌ഡേറ്റുകൾ ഉടനടി നടത്തേണ്ടതിന്‍റെ പ്രാധാന്യം ഈ മുന്നറിയിപ്പ് എടുത്തുകാണിക്കുന്നു. ക്രോമിന്‍റെ വി8 ജാവാസ്‍ക്രിപ്റ്റ് എഞ്ചിനിലാണ് അപകടസാധ്യത കണ്ടെത്തിയിരിക്കുന്നത്.

ക്രോമിലെ പിഴവുകള്‍ മുതലെടുത്ത് പ്രത്യേകം തയ്യാറാക്കിയ ഇൻപുട്ടുകൾ വഴി ദോഷകരമായ കോഡുകള്‍ ചേര്‍ക്കാന്‍ സൈബർ കുറ്റവാളികൾക്ക് കഴിയും. ഇത് പൂർണ്ണമായ സിസ്റ്റം തകരാറുകളിലേക്കോ വ്യക്തിഗത ഡാറ്റകൾ മോഷ്‍ടിക്കുന്നതിനോ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിലേക്കോ നയിച്ചേക്കാം. എണ്ണമറ്റ വെബ്‌സൈറ്റുകളിൽ ജാവാസ്ക്രിപ്റ്റ് വ്യാപകമായി ഉപയോഗിക്കുന്നതിനാൽ അപകടസാധ്യതയുടെ വ്യാപ്‍തി വളരെ വലുതാണെന്നും സിഇആർടി-ഇൻ വ്യക്തമാക്കുന്നു.

പഴയ ക്രോം പതിപ്പുകൾ അപകടത്തിലാണെന്ന് സിഇആർടി-ഇൻ പ്രത്യേകം മുന്നറിയിപ്പ് നൽകുന്നു. ഏത് ക്രോം പതിപ്പാണ് ഉപയോഗിക്കുന്നതെന്ന് ഉപയോക്താക്കൾ പരിശോധിക്കണമെന്നും സിഇആർടി-ഇൻ അഭ്യർഥിച്ചു. അവരുടെ ബ്രൗസർ ദുർബല വിഭാഗത്തിൽ പെടുന്നതാണെങ്കിൽ, അത് ഉടനടി അപ്‌ഡേറ്റ് ചെയ്യുക എന്നതാണ് വരാനിരിക്കുന്ന പ്രശ്‍നങ്ങളിൽ നിന്ന് സുരക്ഷിതരാകാനുള്ള ഏക മാർഗം.

എങ്ങനെ ഈ സൈബര്‍ ഭീഷണിയില്‍ സുരക്ഷിതരായിരിക്കാം? ഗൂഗിൾ ഇതിനകം തന്നെ ഒരു പാച്ച്ഡ് അപ്‌ഡേറ്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ അപ്‍ഡേറ്റ് ലഭിക്കാൻ ഉപയോക്താക്കൾ ക്രോം തുറന്ന് മെനുവിലെ മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക. സെറ്റിംഗ്‍സ് തിരഞ്ഞെടുത്ത് 'എബൗട്ട് ക്രോമിൽ' ക്ലിക്ക് ചെയ്യുക. തുടർന്ന് ബ്രൗസറിനെ അപ്‌ഡേറ്റുകൾക്കായി പരിശോധിക്കാൻ അനുവദിക്കുക. അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, മാറ്റങ്ങൾ പ്രാബല്യത്തിൽ വരാൻ ക്രോം റീ സ്റ്റാർട്ട് ചെയ്യേണ്ടത് അത്യാവശ്യമാണ്.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി
ജാഗ്രതൈ! ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍