മുതലാളി ശമ്പളം വൈകിപ്പിച്ചാല്‍ അത് മൊബൈല്‍ ആപ്പ് തരും

By Web DeskFirst Published Jul 20, 2016, 4:12 AM IST
Highlights

നിങ്ങളുടെ മുതലാളി ശമ്പളം വൈകിപ്പിച്ചാല്‍ അത് മൊബൈല്‍ ആപ്പ് തരും. പലിശസഹിതം തിരിച്ചടയ്ക്കണമെന്നു മാത്രം. പൂനയിലെ ഏര്‍ലിസാലറി.കോം  എന്ന കമ്പനിയാണ് മുന്‍കൂര്‍ ശമ്പളം എന്ന നൂതന ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ മൈക്രോ ലെന്‍ഡിംഗ് വ്യവസ്ഥയില്‍ തുച്ഛമായ പണം കടം നല്കുന്ന ഏക നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷല്‍ കമ്പനി (എന്‍ബിഎഫ്‌സി)യാണ് ഏര്‍ലിസാലറി.കോം. 

ഇതില്‍ ചെയ്യേണ്ടത് ഇത്രമാത്രം, ഏര്‍ലിസാലറി.കോം  ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഫേസ്ബുക്കില്‍ ലോഗ് ഇന്‍ ചെയ്യുക. ആവശ്യമുള്ള പണം ക്ലെയിം ചെയ്യുക. ഒരു ലക്ഷം രൂപവരെ കമ്പനി കടം തരും. 10,000 രൂപയ്ക്ക് 990 രൂപയാണു പലിശ. ഏഴു ദിവസം മുതല്‍ 30 ദിവസം വരെയാണു കാലാവധി. ആവശ്യമെങ്കില്‍ പത്തുദിവസത്തിനുള്ളില്‍ വീണ്ടും പണം ആവശ്യപ്പെടാം. ഇത്തവണ പത്തുദിവസത്തേക്ക് 349 രൂപയാണു പലിശ. 

പണം ആവശ്യപ്പെടുന്നയാള്‍ ഫേസ്ബുക് ഐഡി, ബാങ്ക് അക്കൗണ്ട് നമ്പര്‍, പാന്‍കാര്‍ഡ് നമ്പര്‍, ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സാലറി സ്റ്റേറ്റ്‌മെന്റ് എന്നിവ നല്കണം. അപേക്ഷ തള്ളിയാല്‍ ഫേസ്ബുക്കിലെ സുഹൃത്തുക്കള്‍ക്കും ലോണ്‍ കിട്ടാന്‍ ബുദ്ധിമുട്ടാവുമത്രേ. മൈക്രോ ലെന്‍ഡിംഗ് പേഡേ ലോണുകള്‍ യുകെയിലും യുഎസിലും സര്‍വസാധാരണമാണ്. 

അപേക്ഷിച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ പണം ബാങ്കിലെത്തും. അതിനുമുമ്പ് ചില പേപ്പറുകളില്‍ ഒപ്പുവയ്ക്കാന്‍ കമ്പനിയുടെ ആളുകള്‍ വീട്ടുപടിക്കലെത്തും. പണം തരുന്നതു മാഗി നൂഡില്‍സ് ഉണ്ടാക്കുന്നതുപോലെ ലളിതമെന്നാണ് കമ്പനി പറയുന്നത്. 
കൈയിലുള്ള പൈസയും തീര്‍ന്നു, അടുത്തമാസം ശമ്പളം വാങ്ങാനുമില്ല എന്ന മാനസികാവസ്ഥയിലുള്ളവര്‍ എന്നും പറയാം. 

മുംബൈ, പൂന, ബംഗളൂരു, ചെന്നൈ പട്ടണങ്ങളിലെ ശമ്പളം വാങ്ങുന്ന യുവാക്കള്‍ക്കാണ് കമ്പനി ഈ ആപ്പ് സമര്‍പ്പിക്കുന്നത്. കമ്പനിയുടെ ബ്രാഞ്ച് വൈകാതെ കൊച്ചിയിലും എത്തുമെന്നറിയുന്നു. 


 

click me!