
വാഷിംഗ്‌ടണ്‍: അതീവ രഹസ്യമായ സർക്കാർ രേഖകൾ ചാറ്റ്ജിപിടിയിൽ അപ്ലോഡ് ചെയ്ത് പുലിവാലുപിടിച്ച് അമേരിക്കൻ സൈബർ സുരക്ഷാ ഏജൻസിയുടെ ഇന്ത്യൻ വംശജനായ മേധാവി. അമേരിക്കൻ സൈബർ സുരക്ഷാ ഏജൻസിയായ സിഐഎസ്എയുടെ (സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചര്‍ സെക്യൂരിറ്റി ഏജൻസി) ആക്‌ടിംഗ് മേധാവി മധു ഗോട്ടുമുക്കാലയാണ് സെൻസിറ്റീവ് ഗവൺമെന്‍റ് രേഖകൾ ചാറ്റ്ജിപിടിയിലേക്ക് അപ്‌ലോഡ് ചെയ്‌തത് എന്നാണ് റിപ്പോർട്ടുകൾ. 'ഔദ്യോഗിക ഉപയോഗത്തിന് മാത്രം' എന്ന് അടയാളപ്പെടുത്തിയ രേഖകളാണ് മധു ഗോട്ടുമുക്കാല ചാറ്റ്‍ജിപിടിയിൽ അപ്‍ലോഡ് ചെയ്‌തത്.
ഗോട്ടുമുക്കല ഈ ഫയലുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ സർക്കാർ നെറ്റ്‌വർക്കിന്‍റെ ഓട്ടോമേറ്റഡ് സുരക്ഷാ സംവിധാനങ്ങൾ ഒന്നിലധികം അലേർട്ടുകൾ നൽകിയിരുന്നു. സർക്കാർ ഫയലുകൾ മോഷ്‌ടിക്കപ്പെടുകയോ അബദ്ധത്തിൽ വെളിപ്പെടുത്തപ്പെടുകയോ ചെയ്യുന്നത് തടയുന്നതിനാണ് ഈ സംവിധാനങ്ങൾ പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. സിഐഎസ്എ ഡയറക്‌ടറായിരിക്കെ ചാറ്റ്ജിപിടി ഉപയോഗിക്കുന്നതിന് ഗോട്ടുമുക്കലയ്ക്ക് മാത്രമായിരുന്നു പ്രത്യേക അനുമതി ഉണ്ടായിരുന്നത്. ആ സമയത്ത് മറ്റ് ജീവനക്കാർക്ക് അത് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുണ്ടായിരുന്നു.
ആരാണ് മധു ഗോട്ടുമുക്കാല?
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭരണത്തിൻ കീഴിൽ സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചർ സെക്യൂരിറ്റി ഏജൻസിയുടെ (CISA) ആക്‌ടിംഗ് ഡയറക്‌ടറും ഡെപ്യൂട്ടി ഡയറക്‌ടറുമായി ഗോട്ടുമുക്കാല നിലവിൽ ജോലി ചെയ്യുന്നു. കൂടാതെ, അദേഹം ഡക്കോട്ട സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് ബിസിനസ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റംസിന്‍റെ ഉപദേശക സമിതിയംഗം കൂടിയാണ്.
സിഐഎസ്എ ഡെപ്യൂട്ടി ഡയറക്‌ടറായി നിയമിക്കപ്പെടുന്നതിന് മുമ്പ്, സൗത്ത് ഡക്കോട്ടയുടെ ബ്യൂറോ ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയുടെ കമ്മീഷണറായും ചീഫ് ഇൻഫർമേഷൻ ഓഫീസറായും അദേഹം സേവനമനുഷ്‌ഠിച്ചു. സംസ്ഥാനവ്യാപകമായ സാങ്കേതികവിദ്യ, സൈബർ സുരക്ഷാ സംരംഭങ്ങൾക്ക് മേൽനോട്ടം വഹിച്ചു. മുമ്പ് സൗത്ത് ഡക്കോട്ടയിലെ ചീഫ് ടെക്നോളജി ഓഫീസറായും മധു ഗോട്ടുമുക്കാല ജോലി ചെയ്‌തിട്ടുണ്ട്. ഡക്കോട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻഫർമേഷൻ സിസ്റ്റംസിൽ പിഎച്ച്ഡി, ഡാളസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി മാനേജ്മെന്‍റിൽ എംബിഎ, ആർലിംഗ്‌ടണിലെ ടെക്‌സസ് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എംഎസ്, ആന്ധ്ര യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിഇ എന്നിവ മധു ഗോട്ടുമുക്കാല നേടിയിട്ടുണ്ട്.
ചാറ്റ്ജിപിടി പോലുള്ള ലാർജ് ലാംഗ്വേജ് മോഡലുകളുടെ പൊതു പതിപ്പുകളിലേക്ക് ആന്തരിക രേഖകൾ അപ്‌ലോഡ് ചെയ്യുന്നത് അതീവഗുരുതരമായ സുരക്ഷാ വീഴ്‌ചയാണ്. ഈ എഐ മോഡലുകൾ ഉപയോക്താക്കൾ ഇൻപുട്ട് ചെയ്യുന്ന അതേ ഡാറ്റയിൽ സ്വയം പരിശീലിക്കുന്നു എന്നതാണ് ഇതിന് പ്രധാന കാരണം. സിസ്റ്റത്തിലേക്ക് ഡാറ്റ ഫീഡ് ചെയ്‌തുകഴിഞ്ഞാൽ, ഭാവിയിൽ മറ്റൊരു ഉപയോക്താവിൽ നിന്നുള്ള ഒരു അന്വേഷണത്തിന് മറുപടിയായി വിവരങ്ങൾ വെളിപ്പെടുത്താനുള്ള സാധ്യതയുണ്ട് എന്നതാണ് അപകടം. അതുകൊണ്ടുതന്നെ ബാങ്ക് സ്റ്റേറ്റ്‌മെന്‍റുകൾ, മെഡിക്കൽ റിപ്പോർട്ടുകൾ, ആധാർ/പാൻ കാർഡുകൾ, നിയമപരമായ കരാറുകൾ തുടങ്ങിയ പോലുള്ള സെൻസിറ്റീവ് രേഖകൾ ചാറ്റ്‍ജിപിടിയിലേക്കോ മറ്റേതെങ്കിലും എഐ ചാറ്റ്‌ബോട്ടിലേക്കോ അപ്‌ലോഡ് ചെയ്യുന്നത് സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമല്ല, സാധാരണ ഉപയോക്താക്കൾക്കും അപകടകരമാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam