മലയാളികളുടെ സ്റ്റാര്‍ട്ട്അപ്പിനെ അമേരിക്കന്‍ കമ്പനി ഏറ്റെടുത്തു

By Web DeskFirst Published Aug 23, 2016, 12:11 PM IST
Highlights

കൊച്ചി: കേരളത്തിലെ നാല് യുവാക്കള്‍ നടത്തുന്ന സ്റ്റാർട്ട് അപ്പിനെ സംരംഭമായ പ്രൊഫൗണ്ടിസ് ലാബ്‌സിനെ അമേരിക്കന്‍ കമ്പനി വാങ്ങി. യുഎസ് ആസ്ഥാനമായ ഫുൾ കോണ്ടാക്ടാണ് ഇവരെ വാങ്ങിയത്. കേരളത്തില്‍ തുടങ്ങിയ ഐടി പ്രോഡക്ട് കമ്പനിയെ ആദ്യമായാണു യുഎസിലെ ഒരു കമ്പനി ഏറ്റെടുക്കുന്നത്. 

ഏറ്റെടുക്കല്‍ തുകയെത്രയെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും, ഇന്ത്യയിലെ സ്റ്റാർട്ടപ് സംരംഭങ്ങളിൽ ഏറ്റവും വലിയ ഏറ്റെടുക്കലുകളില്‍ ഒന്നായിരിക്കും ഇത് എന്നാണ് റിപ്പോര്‍ട്ട്. തിരുവല്ല സ്വദേശി അർജുൻ ആർ.പിള്ള, കോട്ടയം സ്വദേശി ജോഫിൻ ജോസഫ്, തൊടുപുഴ സ്വദേശി അനൂപ് തോമസ് മാത്യു, കായംകുളം സ്വദേശി നിതിൻ സാം ഉമ്മൻ എന്നിവരാണു പ്രൊഫൗണ്ടിസിന്‍റെ ശില്‍പ്പികള്‍. 

ചെങ്ങന്നൂർ എൻജിനീയറിങ് കോളജിൽനിന്നു ബിടെക് പൂർത്തിയാക്കി, രണ്ടുവർഷത്തോളം ജോലി ചെയ്തുകഴിഞ്ഞാണു സ്വന്തം സംരംഭവുമായി ഇവർ രംഗത്തെത്തുന്നത്. കളമശേരി സ്റ്റാർട്ടപ് വില്ലേജ് കേന്ദ്രമായി 2012 ജൂണിൽ പ്രൊഫൗണ്ടിസ് ആരംഭിച്ചു.

2012ൽ നാലുപേരുമായി ആരംഭിച്ച കമ്പനിയിൽ ഇന്നുള്ളത് 72 ജീവനക്കാർ. യുഎസിലെ ഡെൻവർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഡേറ്റാ അനലിസ്റ്റ് കമ്പനിയാണു ഫുൾ കോണ്ടാക്ട്. പ്രൊഫൗണ്ടിസിന്റെ സാങ്കേതിക വിദ്യ, ജീവനക്കാർ, നിലവിലുള്ള ഉപഭോക്താക്കൾ എന്നിവ ഉൾപ്പെടെ പൂർണമായ ഏറ്റെടുക്കലാണു പൂർത്തിയായിരിക്കുന്നത്.

 

click me!