ഹോണർ, ആപ്പിൾ, മോട്ടറോള, വിവോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഫോൾഡബിൾ ഫോണുകൾ, വലിയ ബാറ്ററികൾ, മികച്ച ക്യാമറകൾ എന്നിവയുമായി പുതിയ മോഡലുകൾ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. 

മാർച്ച് 2026 സ്‍മാർട്ട്ഫോൺ ലോകത്തിന് ഏറെ നിർണായകമായ മാസമായി മാറുന്നു. എംഡബ്ല്യുസി 2026 അടുത്തെത്തിയിരിക്കെ പ്രമുഖ കമ്പനികൾ നിരവധി പുതിയ മോഡലുകൾ വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ്. ആൻഡ്രോയിഡ് സ്‍മാർട്ട്ഫോൺ നിർമ്മാതാക്കളോടൊപ്പം ആപ്പിളും വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. വരാനിരിക്കുന്ന ചില സ്‍മാർട്ടഫോണുകളെക്കുറിച്ച് വിശദമായി അറിയാം.

ഹോണർ മാർച്ച് 1-ന് പുതിയ ഫോൾഡബിൾ ഫോണായ ഹോണർ മാജിക് വി6 പുറത്തിറക്കും. 7,000mAh ശേഷിയുള്ള ബാറ്ററിയും 120W ഫാസ്റ്റ് ചാർജിംഗും ഈ മോഡലിന്റെ പ്രധാന സവിശേഷതകളാണ്. അതോടൊപ്പം റോബോട്ടിക് ജിംബൽ ക്യാമറയുള്ള ഹോണർ റോബോർട്ട് ഫോണും അവതരിപ്പിക്കും. ആപ്പിൾ മാർച്ചിന്റെ ആദ്യവാരത്തിൽ തന്നെ ഐഫോൺ 17e പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 6.1 ഇഞ്ച് ഡിസ്പ്ലേ, 48 മെഗാപിക്സൽ പിൻക്യാമറ, A19 ചിപ്പ് എന്നിവയോടെയാണ് ഇത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

മോട്ടറോളയും പുതുമകൾ കൊണ്ടുവരുന്നു. മോട്ടറോള റേസർ ഫോൾഡ് മാർച്ച് 2-ന് അവതരിപ്പിക്കും. 8.1 ഇഞ്ച് ഇൻറർ ഡിസ്പ്ലേയും AI സവിശേഷതകളും ഇതിൽ ഉൾപ്പെടും. അതേസമയം മോട്ടറോള എഡ്‍ജ് 70 ഫ്യൂഷൻ 7,000mAh ബാറ്ററിയോടെയാണ് എത്തുന്നത്. നതിംഗ് മാർച്ച് 5-ന് നതിംഗ് ഫോൺ 4 എ അവതരിപ്പിക്കും. സ്നാപ്ഡ്രാഗൺ ചിപ്പ്സെറ്റും 6.7 ഇഞ്ച് AMOLED സ്ക്രീനും ഇതിന്റെ പ്രത്യേകതകളാണ്. പോക്കോയുടെ പോക്കോ X8 Pro സീരീസും വിപണിയിലെത്തും. ഉയർന്ന റിഫ്രെഷ് റേറ്റ് ഡിസ്പ്ലേയും ശക്തമായ മീഡിയടെക് പ്രോസസറും ഇതിലുണ്ടാകും.

എംഡബ്ല്യുസി 2026 വേദിയിൽ വിവോ X300 അൾട്രയും ശ്രദ്ധ നേടും. 200 മെഗാപിക്സൽ ക്യാമറയും 7,000mAh ബാറ്ററിയും പ്രധാന ആകർഷണങ്ങളാണ്. അതുപോലെ ഓപ്പോയുടെ ഓപ്പോ ഫൈൻഡ് X9 അൾട്രയും ഓപ്പോ ഫൈൻഡ് N6യും മാർച്ചിൽ പുറത്തിറങ്ങും. വിപുലമായ 10,001mAh ബാറ്ററിയോടെ റിയൽമി നാർസോ പവർ 5G അവതരിപ്പിക്കുമെന്ന് റിയൽമി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം iQOOയുടെ iQOO Z11x 5Gയും ഉടൻ എത്തും. എന്തായാലും രാജ്യത്തെ സ്മാർട്ട്ഫോൺ വിപണി മാർച്ചിൽ വൻ മത്സരത്തിന് സാക്ഷിയാകുമെന്ന് ഉറപ്പാണ്.