
മോസ്‌കോ: റഷ്യയിലെ ഏറ്റവും വലിയ ബാങ്കായ സ്‌ബെർബാങ്ക് കമ്പനിയുടെ സാങ്കേതിക പുരോഗതി പ്രദർശിപ്പിക്കുന്നതിനായി ഒരു പ്രദര്‍ശനം സംഘടിപ്പിച്ചു. പുതിയ സാങ്കേതികവിദ്യകൾ, എഐ സംവിധാനങ്ങൾ, ഭാവി റോബോട്ടിക് പദ്ധതികൾ എന്നിവ സംയോജിപ്പിച്ച ഈ ഹൈ-പ്രൊഫൈൽ എക്‌സിബിഷൻ കാണാൻ റഷ്യൻ പ്രസിഡന്‍റ് വ്ളാദിമർ പുടിൻ നേരിട്ടെത്തി. എക്‌സിബിഷനിൽ എത്തിയ പുടിനെ സ്വാഗതം ചെയ്യാന്‍ അവതരിപ്പിച്ച 'ഗ്രീൻ' എന്നു പേരുള്ള നൃത്തം ചെയ്യുന്ന ഹ്യൂമനോയിഡ് എഐ റോബോട്ട് ആയിരുന്നു ഈ പരിപാടിയുടെ ഒരു പ്രത്യേകത.
ഗ്രീൻ പുടിനെ സ്വയം പരിചയപ്പെടുത്തി. "എന്‍റെ പേര് ഗ്രീൻ എന്നാണ്, ഞാൻ റഷ്യയിലെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ട് ആണ്." താൻ പൂർണ്ണമായും കൃത്രിമബുദ്ധി കൊണ്ട് സജ്ജീകരിച്ചിട്ടുണ്ടെന്നും ഒരു മനുഷ്യനെപ്പോലെയാണ് കാണപ്പെടുന്നതെന്നും തനിക്ക് ശബ്‍ദമുണ്ടെന്നും അത് വിശദീകരിച്ചു. സംഭാഷണത്തിനുടനീളം പുടിൻ പുഞ്ചിരിച്ചുകൊണ്ടിരുന്നു.
സംഭാഷണത്തിനുശേഷം, 'ഗ്രീൻ' അതിന്‍റെ പ്രിയപ്പെട്ട സംഗീതം പ്ലേ ചെയ്‌ത് പ്രസിഡന്‍റ് പുടിന്‍റെ മുന്നിൽ നൃത്തം ചെയ്യാൻ തുടങ്ങി. പുടിന്‍റെ അംഗരക്ഷകർ ഈ അസാധാരണ സംഭവം സൂക്ഷ‌്‌മമായി നിരീക്ഷിച്ചു. അവരിൽ ഒരാൾ റോബോട്ടിനും റഷ്യൻ നേതാവിനും ഇടയിൽ നിന്നുകൊണ്ട് അത് അദ്ദേഹത്തിൽ നിന്ന് അകന്നുപോകുന്നില്ലെന്നും അധികം അടുത്തേക്ക് വരുന്നില്ലെന്നും ഉറപ്പാക്കി. മുഴുവൻ പരിപാടിയും സ്റ്റേറ്റ് ടിവിയിൽ സംപ്രേഷണം ചെയ്‌തു.
റോബോട്ടിന്‍റെ നൃത്തത്തിന് ഭംഗിയും സുഗമമായ ചലനങ്ങളും ഉണ്ടായിരുന്നു, ഇത് റഷ്യൻ റോബോട്ടിക്‌സ് അതിന്‍റെ മുൻകാല പോരായ്‌മകളെ മറികടന്നുവെന്ന് സൂചിപ്പിക്കുന്നു. റോബോട്ടിന്‍റെ വിജയകരമായ പ്രകടനവും നൃത്തവും കണ്ട പുടിൻ പുഞ്ചിരിച്ചു. അതിനെ പ്രശംസിക്കുകയും ചെയ്‌തു. ഗ്രീനിന്‍റെ നൃത്തം കണ്ട ശേഷം അദേഹം വളരെ മനോഹരം എന്ന് പറഞ്ഞു. റോബോട്ടിന്‍റെ പ്രകടനത്തെ "വളരെ മനോഹരം" എന്ന് വിശേഷിപ്പിച്ച പുടിൻ അതിന് നന്ദിയും പറഞ്ഞു.
വിദഗ്‌ധർ ഇതിനെ റഷ്യയുടെ ഒരു വലിയ നേട്ടമായി വിളിക്കുന്നു. ഇത് റഷ്യ ഹ്യൂമനോയിഡ് റോബോട്ടുകളുടെ വികസനത്തിലേക്ക് വേഗത്തിൽ മുന്നേറുന്നുവെന്ന് കാണിക്കുന്നു. ഈ വിജയകരമായ പ്രദർശനം റഷ്യൻ റോബോട്ടിക്‌സിനെ സംബന്ധിച്ച് വളരെ പ്രധാനമാണ്. കാരണം ഏതാനും ദിവസങ്ങൾക്ക് മുമ്പ് റഷ്യയ്ക്ക് വലിയൊരു നാണക്കേട് നേരിടേണ്ടി വന്നിരുന്നു. റഷ്യയുടെ ആദ്യത്തെ ഹ്യൂമനോയിഡ് എഐ റോബോട്ടായ ഐഡൽ, അതിന്‍റെ ലോഞ്ച് വേളയിൽ വേദിയിൽ ഇടറിവീണിരുന്നു. ഈ സംഭവത്തെത്തുടർന്ന്, റഷ്യയുടെ റോബോട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പരിഹാസത്തിനിടയായി. പുടിനുമായുള്ള ഗ്രീൻ റോബോട്ടിന്‍റെ വിജയകരമായ ഇടപെടലും നൃത്തവും റഷ്യയുടെ റോബോട്ടിക് പ്രോഗ്രാമിനെക്കുറിച്ച് ഉയർന്നുവരുന്ന ചോദ്യങ്ങളുടെയും സംശയങ്ങളുടെയും ദിശയെ പൂർണ്ണമായും മാറ്റിമറിച്ചു.
ഗ്രീൻ റോബോട്ടിന്‍റെ സോഫ്റ്റ്‌വെയർ നിരന്തരം അപ്‌ഗ്രേഡ് ചെയ്യപ്പെടുമെന്നും, അതിന് ജോലികൾ ചെയ്യാനുള്ള കഴിവുണ്ടെന്നും, ഒരു പൈലറ്റ് പ്രോജക്റ്റിൽ ഇത് തങ്ങളുടെ ബിസിനസിന്‍റെ ചില ഭാഗങ്ങളിലേക്ക് സംയോജിപ്പിക്കുമെന്നും സ്‌ബെർബാങ്ക് പറയുന്നു. പൾസ്, രക്തസമ്മർദ്ദം തുടങ്ങിയ ഉപഭോക്താക്കളുടെ ആരോഗ്യ വിവരങ്ങൾ പരിശോധിക്കാൻ ക്യാമറകളും സെൻസറുകളും ഉപയോഗിക്കുന്ന ഒരു സ്‌മാർട്ട് ക്യാഷ് മെഷീൻ ഉൾപ്പെടെയുള്ള മറ്റ് സാങ്കേതിക കണ്ടുപിടുത്തങ്ങളും സ്‌ബെർബാങ്ക് ഷോയിൽ പ്രദർശിപ്പിച്ചു. ബാങ്കിംഗിലേക്കും മറ്റ് മേഖലകളിലേക്കും പ്രത്യേകിച്ച് എഐ, റോബോട്ടിക്‌സ് തുടങ്ങിയ ഭാവി സാങ്കേതികവിദ്യകളുടെ റഷ്യയുടെ ദ്രുതഗതിയിലുള്ള സംയോജനത്തിലേക്ക് ഈ എക്‌സിബിഷൻ വിരൽചൂണ്ടുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം