
തിരുവനന്തപുരം: ഗൂഗിളിന്‍റെ എഐ മോഡലായ ജെമിനിയെ പരിശീലിപ്പിക്കാന്‍ ജിമെയിലില്‍ നിന്ന് ഉപഭോക്തൃ വിവരങ്ങള്‍ എടുക്കുന്നതായുള്ള പ്രചാരണം തള്ളി ഗൂഗിള്‍ അധികൃതര്‍. പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്നും ജെമിനിയെ പരിശീലിപ്പിക്കാന്‍ ജിമെയില്‍ വിവരങ്ങള്‍ കമ്പനി ചോര്‍ത്തുന്നില്ലെന്നും ഗൂഗിള്‍ വ്യക്തമാക്കി. ജിമെയിലിനായുള്ള പ്രത്യേക വെരിഫൈഡ് എക്‌സ് ഹാന്‍ഡിലിലൂടെയാണ് ജിമെയില്‍ അധികൃതരുടെ ഈ പ്രതികരണം.
ജിമെയിലിനെ ജെമിനിയുമായി ബന്ധപ്പെടുത്തി നിരവധി പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലുണ്ടായിരുന്നു. യൂസര്‍മാരുടെ ജിമെയില്‍ ഉള്ളടക്കം ഗൂഗിള്‍ ആക്‌സസ് ചെയ്യുന്നതായും ജെമിനിയെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുന്നതായും ഒരു യൂട്യൂബ് ഇന്‍ഫ്ലൂവന്‍സര്‍ എക്‌സില്‍ കുറിച്ചിരുന്നു. 'എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ എല്ലാ സ്വകാര്യ സന്ദേശങ്ങളും അറ്റാച്ച്‌മെന്‍റുകളും ആക്‌സസ് ചെയ്യുവാന്‍ ജിമെയിലിനെ നിങ്ങള്‍ ഓട്ടോമാറ്റിക്കായി അനുവദിച്ചിട്ടുണ്ട്. ഇതൊഴിവാക്കാന്‍ സെറ്റിംഗ്‌സ് മെനുവില്‍ ചെന്ന് സ്‌മാര്‍ട്ട് ഫീച്ചറുകള്‍ ഓഫാക്കണം'- എന്നും ഈ ട്വീറ്റിലുണ്ടായിരുന്നു. എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ ജിമെയില്‍ ഉപയോക്താക്കളുടെ സന്ദേശങ്ങളും അറ്റാച്ച്‌മെന്‍റുകളും ഗൂഗിള്‍ ഉപയോഗിക്കുന്നതായി മാല്‍വെയര്‍ബൈറ്റ്‌സും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതിന് അനുവദിക്കുന്ന ഫീച്ചര്‍ പല ജിമെയില്‍ അക്കൗണ്ടുകളിലും സ്വമേധയാ ഓണാണെന്നും ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
എന്നാല്‍, എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ ജിമെയില്‍ ഡാറ്റകള്‍ ഉപയോഗിക്കുന്നതായുള്ള ആരോപണം ഗൂഗിള്‍ നിഷേധിച്ചു. ഇന്ന് ഇത് സംബന്ധിച്ചൊരു വിശദീകരണ കുറിപ്പ് എക്‌സില്‍ ജിമെയില്‍ അധികൃതര്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. 'ജിമെയില്‍ അധികൃതര്‍ ഉപഭോക്താക്കള്‍ ആരുടെയും സെറ്റിംഗ്‌സില്‍ മാറ്റം വരുത്തിയിട്ടില്ല. ജിമെയില്‍ സ്‌മാര്‍ട്ട് ഫീച്ചര്‍ വര്‍ഷങ്ങളായുള്ളതാണ്. ജെമിനി എഐ മോഡലിനെ പരിശീലിപ്പിക്കാന്‍ ഞങ്ങള്‍ നിങ്ങളുടെ ജിമെയില്‍ വിവരങ്ങളൊന്നും ഉപയോഗിക്കുന്നില്ല. കമ്പനിയുടെ ചട്ടങ്ങളില്‍ മാറ്റം വരുത്തിയാല്‍ അക്കാര്യം സുതാര്യമായി ഉപയോക്താക്കളെ അറിയിക്കുമെന്നും'- ജിമെയിലിന്‍റെ എക്‌സ് പോസ്റ്റില്‍ പറയുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം