ഇനി സംശയം വേണ്ട, ഗൂഗിൾ മാപ്പിലെ നിറങ്ങൾ എന്താണ് അർഥമാക്കുന്നത്? ഇതാ അറിയേണ്ടതെല്ലാം

Published : May 17, 2025, 08:58 PM IST
ഇനി സംശയം വേണ്ട, ഗൂഗിൾ മാപ്പിലെ നിറങ്ങൾ എന്താണ് അർഥമാക്കുന്നത്? ഇതാ അറിയേണ്ടതെല്ലാം

Synopsis

ഗൂഗിൾ മാപ്പിലെ പച്ച, ചുവപ്പ്, മഞ്ഞ, നീല, പർപ്പിൾ, തവിട്ട് തുടങ്ങിയ വർണ്ണാഭമായ വരകൾ എന്തിനെയൊക്കെയാണ് സൂചിപ്പിക്കുന്നത് 

തിരുവനന്തപുരം: ഇന്ന് യാത്രികർക്കും സ്‍മാർട്ട്‌ഫോൺ ഉപയോക്താക്കൾക്കുമൊക്കെ ഏറ്റവും അത്യാവശ്യമായ ടൂളുകളിൽ ഒന്നായി ഗൂഗിൾ മാപ്‌സ് മാറിയിരിക്കുന്നു. നിങ്ങൾ ഒരു പുതിയ നഗരത്തിലേക്ക് പോകാൻ തുടങ്ങുകയാണെങ്കിലും അല്ലെങ്കിൽ നിങ്ങളുടെ ദൈനംദിന റൂട്ടിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ശ്രമിക്കുകയാണെങ്കിലും, ഗൂഗിൾ മാപ്‌സ് തത്സമയ അപ്‌ഡേറ്റുകളും റൂട്ട് നിർദ്ദേശങ്ങളും വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഗൂഗിൾ മാപ്പിലെ പച്ച, ചുവപ്പ്, മഞ്ഞ, നീല, പർപ്പിൾ, തവിട്ട് തുടങ്ങിയ വർണ്ണാഭമായ ചില വരകൾ നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? അവ എന്താണ് അർഥമാക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?

ഈ നിറങ്ങൾ ഗൂഗിൾ മാപ്പിന്‍റെ ഡിസൈനിന്റെ ഒരു ഭാഗം മാത്രമാണെന്ന് പലരും കരുതിയേക്കാം. എന്നാൽ അത് ശരിയല്ല. കൂടുതൽ കാര്യക്ഷമമായി യാത്ര ചെയ്യാൻ നിങ്ങളെ സഹായിക്കുന്ന പ്രധാനപ്പെട്ട ട്രാഫിക്, റൂട്ട് വിവരങ്ങളെ സൂചിപ്പിക്കുന്നവയാണ് ഇതിലെ ഓരോ നിറവും. ഇതാ അവയെപ്പറ്റി അറിയേണ്ടതെല്ലാം.

ഗ്രീൻ ലൈനുകൾ: സുഗമമായ യാത്ര

ഗൂഗിൾ മാപ്പിൽ നിങ്ങളുടെ റൂട്ടിൽ ഒരു പച്ച വര കണ്ടാൽ, റോഡ് യാത്രയ്ക്കായി സുഗമമുള്ളതാണെന്നും ഗതാഗതക്കുരുക്ക് ഇല്ലാത്തതുമാണ് എന്നാണ് അർഥമാക്കുന്നത്. തടസങ്ങളൊന്നുമില്ലാതെ സുഗമവും വേഗത്തിലുള്ളതുമായ ഡ്രൈവിംഗ് നിങ്ങൾക്ക് പ്രതീക്ഷിക്കാം.

മഞ്ഞ അല്ലെങ്കിൽ ഓറഞ്ച് ലൈനുകൾ: ട്രാഫിക് കുറവാണ്

മഞ്ഞയോ ഓറഞ്ചോ നിറത്തിലുള്ള വരകൾ റോഡിൽ മിതമായ ഗതാഗതം ഉണ്ടെന്ന് സൂചിപ്പിക്കുന്നു. നിങ്ങളുടെ യാത്ര അൽപ്പം മന്ദഗതിയിലായേക്കാം, പക്ഷേ വലിയ കാലതാമസമൊന്നും ഉണ്ടാകില്ല. ഇപ്പോഴും പോകാൻ സാമാന്യം നല്ല ഒരു വഴിയാണിതെന്ന് ഈ നിറം സൂചിപ്പിക്കുന്നു.

ചുവന്ന വരകൾ: മുന്നിൽ കനത്ത ഗതാഗതക്കുരുക്ക്

ചുവന്ന വര ഒരു മുന്നറിയിപ്പാണ്. അതിനർത്ഥം റോഡിൽ കനത്ത ഗതാഗതക്കുരുക്ക് അല്ലെങ്കിൽ തിരക്ക് ഉണ്ട് എന്നാണ്. ഈ ചുവപ്പ് നിറം കൂടുതൽ ഇരുണ്ടതോ കട്ടിയുള്ളതോ ആണെങ്കിൽ, അത് അതീവ ഗുരുതരമായ ഗതാഗതക്കുരുക്കിനെ സൂചിപ്പിക്കുന്നു. നിങ്ങൾക്ക് പോയിട്ട് അത്യാവശ്യം ഉണ്ടെങ്കിൽ ഈ നിറം കണ്ടാൽ ഇതര വഴികൾ തേടുന്നത് നന്നായിരിക്കും.

ബ്ലൂ ലൈൻ: നിങ്ങൾ നിർദ്ദേശിച്ച റൂട്ട്

നിങ്ങൾ ഗൂഗിൾ മാപ്പിൽ നാവിഗേഷൻ ആരംഭിക്കുമ്പോൾ, നിങ്ങളുടെ സ്റ്റാർട്ടിംഗ് പോയിന്റിൽ നിന്ന് നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള റൂട്ട് ഒരു നീല വര ഹൈലൈറ്റ് ചെയ്യുന്നു. നിങ്ങൾ ഉദ്ദേശിക്കുന്ന ശരിയായ റൂട്ട് പിന്തുടരാൻ ഇത് നിങ്ങളെ സഹായിക്കുന്നു.

പർപ്പിൾ ലൈൻ: കുറച്ച് ട്രാഫിക് ഉള്ള ഇതര റൂട്ട്

ചിലപ്പോൾ, ഗൂഗിൾ മാപ്‌സിൽ ഒരു പർപ്പിൾ ലൈൻ കാണിക്കും. ഈ ലൈൻ ഒരു ഇതര റൂട്ടിനെയോ അല്ലെങ്കിൽ ദൈർഘ്യമേറിയ മറ്റൊരു റൂട്ടിനെയോ സൂചിപ്പിക്കുന്നു. അതിൽ ചെറിയ ട്രാഫിക് ഉണ്ടാകാം. പ്രധാന റൂട്ടിലെ ട്രാഫിക് ഒഴിവാക്കുമ്പോൾ ഇത് സാധാരണയായി കാണിക്കുന്നു.

ബ്രൗൺ ലൈൻ: കുന്നിൻ പ്രദേശം അല്ലെങ്കിൽ ഉയർന്ന പ്രദേശം

ഗൂഗിൾ മാപ്പിൽ ഒരു തവിട്ട് വര ശ്രദ്ധയിൽപ്പെട്ടോ? എങ്കിൽ നിങ്ങൾ സഞ്ചരിക്കുന്ന റോഡ് കുന്നിൻ പ്രദേശങ്ങളിലൂടെയോ ഉയർന്ന പ്രദേശങ്ങളിലൂടെയോ കടന്നുപോകുന്നു എന്നാണ് അർത്ഥമാക്കുന്നത്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലോ പർവതപ്രദേശങ്ങളിലോ സഞ്ചരിക്കുമ്പോൾ ഭൂപ്രകൃതിയിലെ മാറ്റങ്ങൾ മനസിലാക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു.

അടുത്ത തവണ നിങ്ങൾ ഗൂഗിൾ മാപ്‍സ് തുറക്കുമ്പോൾ ഈനിറങ്ങൾ വെറും അലങ്കാരത്തിനപ്പുറം ഒന്നാണെന്ന് തീർച്ചായും ഓർക്കുക . അവ നിങ്ങളുടെ മികച്ച യാത്രാ സഹായിയാണ്. ഈ നിറമുള്ള വരകളുടെ അർത്ഥം അറിയുന്നത് കാലതാമസം ഒഴിവാക്കാനും റോഡിന്റെ അവസ്ഥ മനസിലാക്കാനും മികച്ച യാത്രാ തീരുമാനങ്ങൾ എടുക്കാനും നിങ്ങളെ തീർച്ചയായും സഹായിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, പുത്തന്‍ ചിപ്പ്; വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍ അറിവായി
ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്