മിസ് കോളിലൂടെ നിങ്ങളുടെ പൈസ കവരും; 'വാന്‍ഗിറി' ശ്രദ്ധിക്കുക

By Vipin PanappuzhaFirst Published Jul 10, 2018, 2:24 AM IST
Highlights
  • ജപ്പാനീസ് വാക്കാണ് വാന്‍ഗിറി. വാന്‍ എന്നാല്‍ ഒറ്റബെല്ല് എന്നും ഗിറി എന്നാല്‍ നിലയ്ക്കുന്നു എന്നുമാണ് അര്‍ത്ഥം
  • മിസ് കോളടിച്ച് നിങ്ങളെ കൊള്ളയടിക്കും

ബോളീവിയയില്‍ നിന്നുള്ള ചില കോളുകള്‍ സൂക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം കേരള പോലീസ് കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് ഫേസ്ബുക്ക് പേജില്‍ ഇട്ടിരുന്നു. ഇതിന് ശേഷം ഒരു വെറും ഫോണ്‍ കോള്‍ വച്ച് എങ്ങനെ പണം തട്ടിപ്പ് നടത്തും എന്ന സംശയവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം തട്ടിപ്പ് സാധ്യമാണ് എന്ന് തന്നെയാണ് സൈബര്‍ വൃത്തങ്ങള്‍ പറയുന്നത്. വാന്‍ഗിറി തട്ടിപ്പ് എന്നതാണ് ഇതിനെ പറയുന്നത്. ജപ്പാനീസ് വാക്കാണ് വാന്‍ഗിറി. വാന്‍ എന്നാല്‍ ഒറ്റബെല്ല് എന്നും ഗിറി എന്നാല്‍ നിലയ്ക്കുന്നു എന്നുമാണ് അര്‍ത്ഥം.  കുറച്ച് വര്‍ഷമായി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ഈ ഫോണ്‍ തട്ടിപ്പിന് പലരും ഇരയായിട്ടുണ്ട്. അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ഇവിടങ്ങളില്‍ കഴിഞ്ഞ രണ്ട് കൊല്ലത്തിനിടയില്‍ നിരവധി വാന്‍ഗിറി തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എങ്ങനെ ഈ തട്ടിപ്പ് നടക്കുന്നു

ഇന്ത്യയിലെ സാധാരണമായ ഫോണ്‍ നമ്പര്‍ തുടങ്ങുന്നത് 9,8 അല്ലെങ്കില്‍ 7 എന്ന നമ്പറില്‍ നിന്നാണ്. എന്നാല്‍ നമ്മുക്ക് പരിചിതമല്ലാത്ത ഒരു വിദേശ നമ്പറില്‍ നിന്നും മിസ് കോള്‍ വരുന്നു എന്ന് കരുതുക. അല്‍പ്പം കൌതുകത്തിന്‍റെ പേരില്‍ ഏത് വ്യക്തിയും ഒന്ന് തിരിച്ചുവിളിച്ച് നോക്കും. അപ്പോഴാണ് തട്ടിപ്പ് ആരംഭിക്കുന്നത്. ഈ സമയത്തിനുള്ളില്‍ മിസ് കോള്‍ ലഭിച്ച നമ്പര്‍ ഒരു പ്രീമിയം നമ്പറായി മാറിയിരിക്കും. ചില വിദേശ ടെലികോം ഓപ്പറേറ്റര്‍മാര്‍ നല്‍കുന്ന സേവനമാണിത്.

ഇത് പ്രകാരം ഈ ഫോണുകളിലേക്ക് വിളിക്കാന്‍ പൈസ കൂടുതലാണ്. ഇതിലേക്ക് വരുന്ന കോളുകള്‍ക്ക് ടെലികോം ഓപ്പറേറ്റര്‍ ഈടാക്കുന്ന തുകയുടെ ഒരു ഭാഗം അത് ഉപയോഗിക്കുന്നയാള്‍ക്കും ലഭിക്കും. ചില ഗെയിം ഷോകളില്‍,ഹോട്ട് ലൈന്‍ എന്നിവയ്ക്കും ഒക്കെയാണ് ഇത്തരം കണക്ഷന്‍ നല്‍കാറുള്ളത്. ഇത് ഉപയോഗിച്ചാണ് തട്ടിപ്പ്. വിളിക്കുന്നയാളുടെ സമയം നീട്ടിക്കൊണ്ടുപോകുക എന്നതാണ് വാന്‍ഗിറി തട്ടിപ്പു വീരന്‍റെ നമ്പര്‍. ഫോണ്‍ വിളിയുടെ ദൈര്‍ഘ്യം കൂട്ടാന്‍ മുന്‍കൂട്ടി റെക്കോഡ് ചെയ്ത ശബ്ദ നിര്‍ദ്ദേശങ്ങളും മറ്റും തട്ടിപ്പുകാരന്‍ ഉപയോക്താക്കളെ കേള്‍പ്പിക്കും. കൂടുതല്‍ സമയം ഫോണ്‍ കോളില്‍ തുടര്‍ന്നാല്‍ കൂടുതല്‍ പണം ഫോണ്‍ ഉടമയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കും. 

ഇത് തടയാന്‍ ചെയ്യേണ്ട വഴികള്‍

1. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നുള്ള കോളുകളെ ശ്രദ്ധിക്കുക
2. ഒരു കോളിന്‍റെ ഉറവിടം കണ്ടുപിടിക്കാനുള്ള തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഇന്ന് ലഭ്യമാണ്
3. +5 തുടങ്ങുന്ന നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ പ്രത്യേകം ശ്രദ്ധിക്കുക
4. നിങ്ങളുടെ പരിചയക്കാര്‍ ആരെങ്കിലും ഉള്ള രാജ്യങ്ങളിലെ നമ്പറുകളില്‍ നിന്നുള്ള കോളുകളാണെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കുക. കബളിപ്പിക്കപ്പെടാന്‍ സാധ്യതയേറെയാണ്.

click me!