വ്യാജ വാര്‍ത്തകള്‍ തടയാന്‍ കഴിയില്ലെന്ന് സമ്മതിച്ച് വാട്സ്ആപ്

By Web DeskFirst Published Jul 11, 2018, 9:26 AM IST
Highlights

വ്യാജ വാർത്തകൾ നിയന്ത്രിക്കേണ്ടത് ഉപഭോക്താവ് തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് വാട്സാപ്പ് ദേശീയ മാധ്യമങ്ങളിൽ നൽകിയ മുഴുപ്പേജ് പരസ്യം

ദില്ലി: വ്യാജ വാർത്തകളുടെ മലവെള്ള പാച്ചിലിനു തടയിടാൻ സാങ്കേതികമായി കഴിയില്ലെന്ന് പരോക്ഷമായി സമ്മതിച്ച് വാട്സ്ആപ്പ്. തെറ്റായ വാർത്തകൾ നിയന്ത്രിക്കാൻ ഉപഭോക്താക്കൾക്കായി വാട്സാപ്പ് ബോധവത്ക്കരണ ക്യാന്പയിൻ തുടങ്ങി.

വ്യാജ വാർത്തകൾ നിയന്ത്രിക്കേണ്ടത് ഉപഭോക്താവ് തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് വാട്സാപ്പ് ദേശീയ മാധ്യമങ്ങളിൽ നൽകിയ മുഴുപ്പേജ് പരസ്യം. തെറ്റായ പ്രചാരണങ്ങൾ തടയാൻ സർക്കാരും സാങ്കേതിക കമ്പനികളും, സമൂഹവും ഒന്നിച്ച് പ്രവർത്തിക്കണം. തെറ്റായ വാർത്ത കണ്ണിൽപ്പെട്ടാൽ ഷെയർ ചെയ്യരുത്, വാർത്തകൾ വിശ്വാസ യോഗ്യമായ സ്ഥലത്തുനിന്നാണെന്ന്  ഉറപ്പുവരുത്തിയ ശേഷം മാത്രം പങ്കു വയ്ക്കുക തുടങ്ങി, പത്ത്  നിർദ്ദേശങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. വ്യാജ വാർത്തകൾ നിയന്ത്രിക്കാൻ നേരത്തെ തുടങ്ങിയ സാങ്കേതിക ശ്രമങ്ങൾക്ക് പിന്നാലെയാണ് ക്യാന്പയിൻ. 

സംശയകരമായ ലിങ്കുകൾക്ക് പ്രത്യേക ചുവന്ന അടയാളം നൽകുന്ന ഫീച്ചർ വാട്സാപ്പിന്റെ ബീറ്റാ പതിപ്പില്‍ ഇന്നലെ അവതരിപ്പിച്ചു. ഒരു മാസം മുന്പ് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച, ഫോർവേഡ് സന്ദേശങ്ങൾ സൂചിപ്പിക്കുന്നതിനുള്ള ഫീച്ചർ അടുത്ത ആഴ്ച മുതൽ ഉപയോക്താകൾക്ക് ലഭിക്കും. സ്വകാര്യത സംരക്ഷിക്കാനുള്ള എൻക്രിപ്റ്റഡ് സംവിധാനം സന്ദേശങ്ങൾ പരിശോധിക്കുന്നതിന് തടസ്സമാണെന്ന് കമ്പനി നേരത്തെ വിശദീകരിച്ചിരുന്നു. ഈ പരിമിതി മറികടക്കാനാണ് ബോധവത്കരണ ക്യാന്പയിൻ. വ്യാജവാർത്തകൾ നിയന്ത്രിക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ കർശന നിർദേശത്തെ തുടർന്നാണ്  വാട്സ്ആപ്പിന്‍റെ പുതിയ നീക്കം.

click me!