ചാറ്റ് ടാബിൽ നിന്ന് നേരിട്ട് സ്റ്റാറ്റസ് പ്രിവ്യൂ കാണാം; പുതിയ അപ്‌ഡേറ്റിനൊരുങ്ങി വാട്‌സ്ആപ്പ്

Published : Feb 18, 2026, 03:19 PM IST
WhatsApp status updates within the top app bar

Synopsis

വാട്സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ കാണുന്നത് എളുപ്പമാക്കാൻ പുതിയ ഫീച്ചർ പരീക്ഷിക്കുന്നു. ഇതനുസരിച്ച്, സ്റ്റാറ്റസുകൾ ഇനി ചാറ്റ്സ് ടാബിന്റെ മുകളിൽ തന്നെ ദൃശ്യമാകും, ഇത് ടാബ് മാറാതെ പുതിയ അപ്‌ഡേറ്റുകൾ കാണാൻ സഹായിക്കും.

തിരുവനന്തപുരം: ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ കൂടുതൽ എളുപ്പത്തിൽ കാണാൻ സഹായിക്കുന്ന പുതിയ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട്. വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ഇനി ചാറ്റ്സ് ടാബിന്‍റെ മുകളിൽ തന്നെ പ്രദർശിപ്പിക്കാനുള്ള ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ് എന്ന് വാട്‌സ്ആപ്പ് ട്രാക്കറായ വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ഉപയോക്താക്കൾക്ക് വേറെ ടാബിലേക്ക് മാറാതെ തന്നെ പുതിയ സ്റ്റാറ്റസുകൾ പരിശോധിക്കാൻ സാധിക്കും. ആൻഡ്രോയ്‌ഡിനായുള്ള വാട്‌സ്ആപ്പ് ബീറ്റ വേർഷൻ 2.26.6.9-ലാണ് ഈ സവിശേഷത പരീക്ഷിക്കുന്നതായി ആദ്യം കണ്ടെത്തിയത്.

വാട്‌സ്ആപ്പിന്‍റെ അടുത്ത അപ്‌ഡേറ്റ്

റിപ്പോർട്ട് അനുസരിച്ച്, പുതിയ സംവിധാനത്തിൽ വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ആപ്പിന്‍റെ മുകളിലെ ബാറിന്‍റെ മധ്യഭാഗത്ത് പ്രത്യക്ഷപ്പെടും. ഉപയോക്താവുമായി കൂടുതൽ ഇടപഴകുന്ന കോൺടാക്‌ടുകളുടെ പ്രൊഫൈൽ ചിത്രങ്ങളായിരിക്കും ഇവിടെ കാണിക്കുക. പക്ഷേ ,അവർ സ്റ്റാറ്റസ് പങ്കുവച്ചിരിക്കണം. ഇതിലൂടെ “ചാറ്റ്സ്” ടാബിൽ തന്നെ നിന്ന് ആരൊക്കെയാണ് പുതിയ സ്റ്റാറ്റസ് പങ്കുവച്ചിരിക്കുന്നത് എന്ന് നേരിട്ട് മനസിലാക്കാൻ സാധിക്കും.

ഇതോടൊപ്പം, എല്ലാ ലഭ്യമായ സ്റ്റാറ്റസ് അപ്‌ഡേറ്റുകളും കാണാൻ മറ്റൊരു മാർഗവും ഈ അപ്‌ഡേറ്റിലൂടെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഉപയോക്താവ് “ചാറ്റ്സ്” ടാബിൽ താഴേക്ക് സ്ക്രോൾ ചെയ്താൽ, കോൺടാക്‌ടുകൾ പങ്കുവച്ച സ്റ്റാറ്റസുകൾ പ്രദർശിപ്പിക്കുന്ന പ്രത്യേക നിര (റോ) പ്രത്യക്ഷപ്പെടും. ഈ നിരയിൽ ഇടത്തേക്കും വലത്തേക്കും സ്വൈപ്പ് ചെയ്ത് വിവിധ സ്റ്റാറ്റസുകൾ ബ്രൗസ് ചെയ്യാൻ കഴിയും. പഴയ “സ്റ്റാറ്റസ്” ടാബിന്‍റെ ലേയൗട്ടിനോട് സാമ്യമുള്ള രീതിയിലായിരിക്കും ഇത്. ഈ മാറ്റത്തിന്‍റെ പ്രധാന ലക്ഷ്യം സ്റ്റാറ്റസ് അപ്‌ഡേറ്റുകളുടെ ദൃശ്യപരത വർധിപ്പിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ, ഒരു കോൺടാക്‌ട് സ്റ്റാറ്റസ് പങ്കുവച്ചിട്ടുണ്ടോ എന്ന് അറിയാൻ “ചാറ്റ്സ്” ടാബിൽ നിന്ന് അവരുടെ പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യേണ്ടതുണ്ട്. എന്നാൽ അതിന് മുമ്പ് മുഴുവൻ ചാറ്റ് പട്ടികയിലൂടെയും സ്ക്രോൾ ചെയ്യേണ്ടിയും വരുന്നുണ്ട്.

വാട്‌സ്ആപ്പിലെ ഈ മാറ്റം എന്തിന്? 

അതേസമയം, 'അപ്‌ഡേറ്റ്സ്' ടാബിൽ മുമ്പ് മറച്ചുവച്ച കോൺടാക്‌ടുകളുടെ സ്റ്റാറ്റസുകൾ മുകളിലെ പുതിയ ബാറിൽ പ്രത്യക്ഷപ്പെടില്ലെന്നും റിപ്പോർട്ട് പറയുന്നു. നിലവിലുള്ള പ്രൈവസി സെറ്റിംഗ്‍സുകളുമായി അനുഭവം ഏകോപിപ്പിക്കാനാണ് ഈ തീരുമാനം. ഇപ്പോഴും ഈ ഫീച്ചർ പ്രാരംഭ വികസന ഘട്ടത്തിലാണെന്നും പൊതു ജനങ്ങൾക്കായുള്ള ലോഞ്ച് തീയ്യതി പ്രഖ്യാപിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. സ്റ്റാറ്റസുകൾ എങ്ങനെ ക്രമീകരിക്കണം, പ്രദർശിപ്പിക്കണം എന്നീ കാര്യങ്ങളിൽ കമ്പനി കൂടുതൽ മെച്ചപ്പെടുത്തലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. പരീക്ഷണങ്ങൾ പൂർത്തിയായതിന് ശേഷം ഭാവിയിലെ അപ്‌ഡേറ്റുകളിലൂടെ ഇത് ഘട്ടംഘട്ടമായി ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആരുമറിയാതെ ഭൂമിയെ ചുറ്റുന്നത് ആയിരക്കണക്കിന് അജ്ഞാത സിറ്റി-കില്ലര്‍ ഛിന്നഗ്രഹങ്ങള്‍! മുന്നറിയിപ്പുമായി നാസ
ഇന്ത്യക്കാരുടെ ഹോളി ഡബിള്‍ കളറാക്കാന്‍ ആപ്പിള്‍; മാര്‍ച്ച് നാലിന് പ്രത്യേക ലോഞ്ച് ഇവന്‍റ്, എന്തൊക്കെ പ്രതീക്ഷിക്കാം