മോട്ടോറോള എഡ്‍ജ് 70 സ്ലിം മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കി. മോട്ടോറോള എഡ്‍ജ് 70-ന്‍റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഏക വേരിയന്‍റിന് ഇന്ത്യയിൽ 29,999 രൂപയാണ് വില. 

മോട്ടോറോള എഡ്‍ജ് 70 (Motorola Edge 70) സ്‍മാർട്ട്‌ഫോൺ ഇന്ത്യയിൽ പുറത്തിറക്കി. എഡ്‍ജ് നിരയിലെ ഏറ്റവും പുതിയ മോഡലാണിത്. പുതിയ ഹാൻഡ്‌സെറ്റ് ഓൺലൈനിലും ഓഫ്‌ലൈനിലും ഒന്നിലധികം റീട്ടെയിൽ ചാനലുകൾ വഴി മൂന്ന് പാന്‍റോൺ നിറങ്ങളിൽ ലഭ്യമാകും. മോട്ടോറോള എഡ്‍ജ് 70-ന്‍റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഏക വേരിയന്‍റിന് ഇന്ത്യയിൽ 29,999 രൂപയാണ് വില. എങ്കിലും തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 1,000 രൂപ ബാങ്ക് കിഴിവ് കമ്പനി വാഗ്‌ദാനം ചെയ്യുന്നു. ഡിസംബർ 23-ന് ഫ്ലിപ്‌കാർട്ട്, മോട്ടോറോള ഇന്ത്യ ഓൺലൈൻ സ്റ്റോർ, മറ്റ് ഓഫ്‌ലൈൻ റീട്ടെയിൽ ചാനലുകൾ എന്നിവ വഴി ഫോൺ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും.

മോട്ടോറോള എഡ്‍ജ് 70 സ്പെസിഫിക്കേഷനുകൾ, സവിശേഷതകൾ

പുതിയ മോട്ടറോള എഡ്‍ജ് 70 ആൻഡ്രോയ്‌ഡ് 16-ൽ, ഹലോ യുഐയിൽ പ്രവർത്തിക്കുന്നു. മൂന്ന് പ്രധാന ആൻഡ്രോയ്‌ഡ് അപ്‌ഗ്രേഡുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 120 ഹെര്‍ട്‌സ് വരെ റിഫ്രഷ് റേറ്റ്, 4,500 നിറ്റ്‍സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, ഡോൾബി വിഷൻ, എച്ച്‌ഡിആര്‍10+ ഉള്ളടക്കത്തിനുള്ള പിന്തുണ എന്നിവയുള്ള 6.7 ഇഞ്ച് 1.5കെ അമോലെഡ് ഡിസ്‌പ്ലേ ഈ സ്‍മാർട്ട്ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി ഫോണിന് ഐപി68 + ഐപി69 റേറ്റിംഗുകളും MIL-STD-810H മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷനും ലഭിക്കുന്നു.

ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്, 8 ജിബി LPDDR5x റാമും 256 ജിബി യുഎഫ്‌എസ് 3.1 ഓൺബോർഡ് സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. ഏറ്റവും പുതിയ മോട്ടോറോള സ്‌മാർട്ട്‌ഫോണിൽ നെക്സ്റ്റ് മൂവ്, ക്യാച്ച് മി അപ്പ് 2.0, പേ അറ്റൻഷൻ 2.0, റിമെമ്പർ ദിസ് + റീകോൾ, കോ-പൈലറ്റ് എന്നിവയുൾപ്പെടെ മോട്ടോ എഐ ടൂളുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മോട്ടോറോള എഡ്‍ജ് 70 പാന്‍റോൺ ബ്രോൺസ് ഗ്രീൻ, പാന്‍റോൺ ഗാഡ്‌ജെറ്റ് ഗ്രേ, പാന്‍റോൺ ലില്ലി പാഡ് നിറങ്ങളിൽ ലഭിക്കും.

മോട്ടോറോള എഡ്‍ജ് 70-ന് ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ലഭിക്കുന്നു. ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) ഉള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറ ഉൾപ്പെടുന്നു. 50 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും ത്രീ-ഇൻ-വൺ ലൈറ്റ് സെൻസറും ഇതിലുണ്ട്. മുൻവശത്ത്, ഇതിന് 50എംപി സെൽഫി ക്യാമറയുണ്ട്. 60fps-ൽ 4കെ റെസല്യൂഷൻ വീഡിയോകൾ വരെ റെക്കോർഡുചെയ്യാൻ ഫോണിന് കഴിയും. എഐ വീഡിയോ എൻഹാൻസ്‌മെന്‍റ്, എഐ ആക്ഷൻ ഷോട്ട്, എഐ ഫോട്ടോ എൻഹാൻസ്‌മെന്‍റ് ടൂളുകൾ എന്നിവയും ഇതിലുണ്ട്. 5,000 എംഎഎച്ച് സിലിക്കൺ കാർബൺ ബാറ്ററിയുള്ള മോട്ടോറോള എഡ്‍ജ് 70-ന് 31 മണിക്കൂർ വരെ തുടർച്ചയായ വീഡിയോ പ്ലേബാക്ക് വാഗ്‍ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. 68 വാട്സ് വയർഡ്, 15 വാട്സ് വയർലെസ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഫോണിന്‍റെ സവിശേഷതയാണ്. എയർക്രാഫ്റ്റ്-ഗ്രേഡ് അലുമിനിയം ഫ്രെയിമും 5.99 എംഎം കനവും ഇതിനുണ്ട്. ഹാൻഡ്‌സെറ്റിന്‍റെ ഭാരം ഏകദേശം 159 ഗ്രാം ആണ്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്