വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുക ലക്ഷ്യം; ഇതാ പുതിയ സുരക്ഷാ ഫീച്ചര്‍

Published : Aug 11, 2025, 02:32 PM ISTUpdated : Aug 11, 2025, 02:35 PM IST
WhatsApp logo

Synopsis

പരിചയമില്ലാത്ത ആളുകള്‍ നിങ്ങളെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ആഡ് ചെയ്യുമ്പോള്‍ ഒരു ലഘു വിവരണം മുന്നറിയിപ്പ് സന്ദേശമായി പ്ലാറ്റ്‌ഫോമില്‍ കാണിക്കും

തിരുവനന്തപുരം: പരിചയമില്ലാത്ത ആരെങ്കിലും പിടിച്ച് ഏതെങ്കിലുമൊരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യുക നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. മിക്കപ്പോഴും വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇത്തരം ഗ്രൂപ്പുകള്‍ കാരണമാകാറുണ്ട്. പരിചയമില്ലാത്ത ആരെങ്കിലും ചേര്‍ക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പണവും അക്കൗണ്ട് വിവരങ്ങളും ഒടിപിയും കൈമാറി സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ആളുകള്‍ ഇരയാകുന്ന അനവധി സംഭവങ്ങള്‍ കേരളത്തിലടക്കം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്. അതിനാല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി നടക്കുന്ന തട്ടിപ്പുകള്‍ കുറയ്ക്കാന്‍ പുതിയൊരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ.

പരിചയമില്ലാത്ത കോണ്‍ടാക്റ്റുകള്‍ സൃഷ്‌ടിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യപ്പെട്ടാല്‍, ആ ഗ്രൂപ്പിലെ മെസേജുകള്‍ ഓപ്പണ്‍ ചെയ്യും മുമ്പ് ഇനി മുതല്‍ ഒരു ലഘു വിവരണം (സമ്മറി) ദൃശ്യമാകും. വാട്‌സ്ആപ്പ് ഗ്രൂപ്പിന്‍റെ പേര്, ആരാണ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്‌തത്, എപ്പോഴാണ് വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ആരാണ് ഗ്രൂപ്പിലേക്ക് നിങ്ങളെ ക്ഷണിച്ചത്, ഗ്രൂപ്പിലെ അംഗങ്ങള്‍ ആരൊക്കെ എന്നിങ്ങനെയുള്ള വിവരങ്ങളാണ് ഈ ലഘു വിവരണത്തിലുണ്ടാവുക. ഈ സമ്മറി വായിച്ചറിഞ്ഞ ശേഷം മാത്രം മതി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രവേശിക്കാനും മെസേജ് നോക്കാനും അതിനോട് പ്രതികരിക്കാനും. അതായത്, വാട്‌സ്ആപ്പ് ഗ്രൂപ്പിനെ കുറിച്ചുള്ള ലഘു വിവരണം വായിച്ച് ഗ്രൂപ്പിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ മനസിലാക്കിയ ശേഷം അതില്‍ തുടരണോ വേണ്ടയോ എന്ന കാര്യം തീരുമാനിച്ചാല്‍ മതി. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സംശയമുള്ളവര്‍ക്കും തുടരാന്‍ താല്‍പര്യമില്ലാത്തവര്‍ക്കും എക്‌സിറ്റ് അടിക്കാനാകും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ തുടരാന്‍ തീരുമാനിക്കുന്നതുവരെ ഗ്രൂപ്പില്‍ നിന്ന് യാതൊരു നോട്ടിഫിക്കേഷനും പുതുതായി ചേര്‍ക്കപ്പെട്ടയാള്‍ക്ക് ലഭിക്കില്ല എന്ന പ്രത്യേകതയുമുണ്ട്.

ഇതിന് പുറമെ, നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത ഒരാൾക്ക് സന്ദേശമയയ്‌ക്കുന്നതിന് മുമ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് സന്ദേശം നൽകുന്ന ഒരു ഫീച്ചറിന്‍റെ പണിപ്പുരയിലുമാണ് വാട്‌സ്ആപ്പ് എന്നാണ് റിപ്പോര്‍ട്ട്. ഇന്‍റര്‍നെറ്റിലെ മറ്റേതെങ്കിലും പ്ലാറ്റ്‌ഫോമുകള്‍ വഴി ബന്ധം സ്ഥാപിച്ച് വാട്‌സ്ആപ്പ് നമ്പറില്‍ സന്ദേശം അയക്കാന്‍ ആവശ്യപ്പെടുന്ന സൈബര്‍ തട്ടിപ്പ് വീരന്‍മാരെ ചെറുക്കാന്‍ ഈ ഫീച്ചര്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ. പരിചയമില്ലാത്ത കോണ്‍ടാക്റ്റുകളുമായി വാട്‌സ്ആപ്പ് വഴി ചാറ്റ് ചെയ്യുമ്പോള്‍ ദൃശ്യമാകുന്ന മുന്നറിയിപ്പ് സന്ദേശം ആളുകളെ ചാറ്റിംഗ് തുടരണോ എന്ന കാര്യത്തില്‍ രണ്ടാമതൊരു ചിന്തയ്ക്ക് പ്രേരിപ്പിച്ചേക്കും.

പരിചയമില്ലാത്ത നമ്പറുകളുമായി വാട്‌സ്ആപ്പില്‍ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുന്നത് തട്ടിപ്പുകളില്‍ അകപ്പെടുന്നതില്‍ നിന്ന് രക്ഷനല്‍കും. പരിചയമില്ലാത്ത ആര്‍ക്കും പണവും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഒടിപികളും യുപിഐ ഐഡികളും കൈമാറാതിരിക്കാനും ശ്രദ്ധിക്കുക.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, പുത്തന്‍ ചിപ്പ്; വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍ അറിവായി
ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്