സ്‌കൂള്‍ ഡ്രോപ്പ് ഔട്ടില്‍ നിന്ന് നാസ തലവനിലേക്ക്! ആരാണ് ജാറെഡ് ഐസ‌ക്‌മാൻ? ആസ്‌തി 16,099 കോടി

Published : Dec 07, 2024, 09:47 AM ISTUpdated : Dec 07, 2024, 09:56 AM IST
സ്‌കൂള്‍ ഡ്രോപ്പ് ഔട്ടില്‍ നിന്ന് നാസ തലവനിലേക്ക്! ആരാണ് ജാറെഡ് ഐസ‌ക്‌മാൻ? ആസ്‌തി 16,099 കോടി

Synopsis

അമേരിക്കയുടെ പുതിയ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് നാസയുടെ തലവനായി അവതരിപ്പിച്ച ജാറെഡ് ഐസ‌ക്‌മാൻ 16,099 കോടിയോളം ആസ്തിയുള്ള ശതകോടീശ്വരനും പൈലറ്റും ബഹിരാകാശ യാത്രികനും  

വാഷിംഗ്‌ടണ്‍: സ്‌കൂള്‍ ഡ്രോപ്പ്-ഔട്ടില്‍ നിന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ തലപ്പത്തേക്ക്. പിടിച്ചൊന്നിരിക്കാൻ ശ്രമിക്കുമ്പോൾ വീണുപോകുന്നവർക്കൊക്കെ ജാറെഡ് ഐസ‌ക്‌മാൻ എന്ന 41-കാരനെ കൺനിറയെ നോക്കിനിൽക്കാം. കാരണം അയാളുടെ യാത്രയിൽ നിങ്ങൾക്ക് പിടിച്ച് കേറാൻ പോന്ന പരാജയത്തിന്‍റെ കയ്പുകലർന്ന മാർഗങ്ങളുണ്ട്, മുന്നോട്ടായാൻ പ്രേരിപ്പിക്കുന്ന വിജയത്തിന്‍റെ ചൂട് പിടിപ്പിക്കുന്ന മാജിക്കുണ്ട്, പിന്നെ 25 വർഷത്തെ വിസ്‌മയാവഹമായ കരിയർ തന്നെയുമുണ്ട്. ആരാണ് നാസയുടെ അടുത്ത തലവനാകുന്ന ജാറെഡ് ഐസ‌ക്‌മാൻ? 

അമേരിക്കയുടെ പുതിയ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് നാസയുടെ തലവനായി ലോകത്തിന് മുന്നിൽ അടുത്തിടെ അവതരിപ്പിച്ച മനുഷ്യനത്ര നിസാരക്കാരനല്ല. ശതകോടീശ്വരൻ, പൈലറ്റ്, നോണ്‍-പ്രൊഫഷണല്‍ ബഹിരാകാശ യാത്രികൻ എന്നിങ്ങനെ വിശേഷണങ്ങളെറെയാണ് ജാറെഡിന്. സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സിന്‍റെ ഉടമ എലോൺ മസ്‌കിന്‍റെ അടുത്തയാളായ ഇദേഹം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. മസ്കുമായുള്ള അടുപ്പം നാസയും സ്വകാര്യ കമ്പനികളുമായുള്ള സഹകരണം വർധിപ്പിക്കുമെന്ന കണക്കുകൂട്ടലുകൾ ശാസ്ത്രലോകത്ത് ശക്തമാകുന്നുണ്ട്. വാണിജ്യ സാധ്യതകൾക്ക് മുൻഗണന നൽകിയുള്ള ബഹിരാകാശ പര്യവേക്ഷണ ശ്രമങ്ങളായിരിക്കും ഭാവിയിൽ നാസ നടത്തുക. സ്പേസ് എക്സുമായുള്ള നാസയുടെ കെട്ടുറപ്പുള്ള കൂട്ടുകെട്ടിന് ജാറെഡിന്‍റെ കടന്നുവരവ് കാരണമാകാനും സാധ്യത കൂടുതലാണ്.  

ജാറെഡ് ആദ്യമായി ബഹിരാകാശത്തക്ക് പറന്നത് ഇൻസ്പിരേഷൻ 4 എന്ന സ്വകാര്യ ബഹിരാകാശ ദൗത്യത്തിന്‍റെ കമാൻഡറായാണ്. ടെന്നസിയിലെ സെന്‍റ് ജൂഡ് ചിൽഡ്രൻസ് റിസർച്ച് ഹോസ്പിറ്റലിന്‍റെ ജീവകാരുണ്യ പ്രവർത്തനത്തിന്‍റെ ഭാഗമായുള്ള ഈ ദൗത്യം സ്‌പേസ് എക്‌സായിരുന്നു നടത്തിയത്. ജാറെഡിനൊപ്പം മൂന്ന് പേർ കൂടി ഈ ദൗത്യത്തിന്‍റെ ഭാഗമായിരുന്നു. അവരുടെ ചിലവ് വഹിച്ചത് ജാറെഡാണ്. 2021 സെപ്റ്റംബർ 16-ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച ഇൻസ്പിരേഷൻ 4, 585 കിലോമീറ്റർ ഭൂമിയെ ചുറ്റിപ്പറന്ന ശേഷം സെപ്റ്റംബർ 18-ന് അറ്റ്‌ലാന്റിക് സമുദ്രത്തിൽ ലാൻഡ് ചെയ്തു. 

കൂടാതെ സ്‌പേസ് എക്‌സിന്‍റെ പൊളാരിസ് പ്രോഗ്രാം പരമ്പരയിലെ ആദ്യ ബഹിരാകാശ ദൗത്യമായ പൊളാരിസ് ഡോണിന്‍റെയും കമാൻഡർ ജാറെഡ് ഐസക്മാനായിരുന്നു. ഇക്കൊല്ലം സെപ്റ്റംബർ 12-ന് വിക്ഷേപിച്ച പൊളാരിസ് ഡോണിലൂടെ ബഹിരാകാശ നടത്തിലേർപ്പെട്ട ആദ്യ സ്വകാര്യ വ്യക്തിയെന്ന റെക്കോർഡും ജാറെഡിന് സ്വന്തമായി. വിവിധ സൈനിക വിമാനങ്ങൾ പറത്താൻ പരിശീലനം നേടിയ വ്യക്തി കൂടിയാണ് ജാറെഡ്. മേക്ക് എ വിഷ് ഫൗണ്ടേഷന് ധനസമാഹരണത്തിനായി 2008-ൽ തന്‍റെ സ്വകാര്യ ജെറ്റിൽ 83 മണിക്കൂർ കൊണ്ട് ഭൂമിയെ ചുറ്റിപ്പറന്നിട്ടുണ്ട്. 2009-ൽ വീണ്ടും ഭൂമിയെ ചുറ്റി വിമാനം പറത്തിയ ഇദേഹം 61 മണിക്കൂർ 51 മിനുറ്റ് കൊണ്ട് ദൗത്യം പൂർത്തിയാക്കി റെക്കോർഡ് സ്ഥാപിച്ചത് വാർത്തയായിരുന്നു.

യുഎസിൽ വർഷം തോറും 26,000 കോടി ഡോളറിന്‍റെ വിനിമയം നടത്തുന്ന ‘ഷിഫ്റ്റ് 4 പേയ്മെന്‍റ്‌സ്’, യുഎസും യുകെയും ഉൾപ്പെടെയുള്ള നാറ്റോ അംഗരാജ്യങ്ങളുടെ വ്യോമസേനകൾക്ക് പരിശീലനത്തിനായി 'എതിരാളികളെ' നൽകുന്ന ഡ്രേകൻ ഇന്റർനാഷണൽ എന്നീ കമ്പനികളുടെ സ്ഥാപകനാണ് ജാറെഡ്. വീടിന്‍റെ ബേസ്മെന്‍റിലെ ഒരു മുറിയിലായിരുന്നു ഷിഫ്റ്റ് 4 പേയ്മെന്‍റ്‌സിന്‍റെ തുടക്കം. പിന്നീടാണ് കോടിക്കണക്കിന് ഡോളർ മൂല്യമുള്ള കമ്പനിയായി ഇത് വളർന്നത്. ന്യൂജഴ്‌സിയിൽ ജനിച്ച ജാറഡ് ഐസക്‌മാൻ 16-ാം വയസിൽ ഹൈസ്‌കൂൾ പഠനം ഉപേക്ഷിച്ചു. പിന്നാലെ സംരംഭകത്വം തിരഞ്ഞെടുക്കുകയായിരുന്നു. 

വാനോളം സ്വപ്നം കണ്ട് പൊരുതി മുന്നേറിയ ജാറെഡ് ഐസ‌ക്‌മാന്‍റെ ആസ്തി 2024 സെപ്റ്റംബറിലെ കണക്ക് പ്രകാരം 1.9 ബില്യൺ യു.എസ്. ഡോളർ അഥവാ ഇന്ത്യൻ രൂപ 16,099 കോടിയോളമാണ്. ഐസ‌ക്‌മാന്‍ യുഗം നാസയില്‍ എന്ത് മാറ്റങ്ങള്‍ വരുത്തും എന്ന് കാത്തിരുന്നറിയാം. 

Read more: മനുഷ്യന്‍ ചന്ദ്രനില്‍ വീണ്ടും ഇറങ്ങുന്നതിന് ഇനിയും കാത്തിരിക്കണം; ആർട്ടെമിസ് ദൗത്യങ്ങള്‍ വൈകുമെന്ന് നാസ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

നീല ടിക്കിന് പണം; എക്‌സിന് 120 ദശലക്ഷം യൂറോ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ
കീശ കാലിയാവാതെ മികച്ച ഫീച്ചറുകളുള്ള ഫോണാണോ ലക്ഷ്യം; റിയൽമി പി4എക്‌സ് 5ജി ഇന്ത്യയിൽ പുറത്തിറങ്ങി