ബി‌എസ്‌എൻ‌എൽ തിരിച്ചുവരവിന്‍റെ പാതയിൽ, വരിക്കാരുടെ എണ്ണം 9.1 കോടി കവിഞ്ഞു

Published : Oct 20, 2025, 02:22 PM IST
bsnl logo

Synopsis

പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്ലിന്‍റെ ആകെ മൊബൈല്‍ വരിക്കാരുടെ എണ്ണം 9.1 കോടിയിലെത്തി. 2025 ഓഗസ്റ്റ് മാസത്തില്‍ ബിഎസ്എന്‍എല്ലിന് ലഭിച്ചത് 13 ലക്ഷം പുത്തന്‍ വരിക്കാര്‍. നേട്ടം ചൂണ്ടിക്കാട്ടി ജ്യോതിരാദിത്യ സിന്ധ്യ.

ദില്ലി: സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്‍റെ (ബിഎസ്എൻഎൽ) മൊബൈല്‍ വരിക്കാരുടെ എണ്ണം 9.1 കോടി കവിഞ്ഞു. ബിഎസ്എൻഎല്ലില്‍ ഉപഭോക്താക്കള്‍ക്ക് വർധിച്ചുവരുന്ന വിശ്വാസത്തിന്‍റെ സൂചനയാണിതെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. 2024 ജൂണ്‍ മാസത്തിൽ ബിഎസ്എൻഎല്ലിന് 8.5 കോടി വരിക്കാരുണ്ടായിരുന്ന സ്ഥാനത്ത് ഇന്നത് 9.1 കോടിയായി ഉയര്‍ന്നുവെന്നും, കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം ബിഎസ്എൻഎൽ 13 ലക്ഷം പുതിയ വരിക്കാരെ ചേർത്തുവെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

ബിഎസ്എന്‍എല്‍ പുരോഗതിയിലേക്ക്, കാത്തിരിപ്പ് 5ജിക്ക്

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് എന്ന ബ്രാൻഡിലുള്ള ആത്മവിശ്വാസം ആളുകള്‍ക്ക് വർധിച്ചുവരുന്നത് വ്യക്തമാണെന്നും ബി‌എസ്‌എൻ‌എൽ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കൂട്ടിച്ചേര്‍ത്തു. ശക്തമായ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്‍റ് (സി‌ആർ‌എം) പരിഹാരങ്ങൾ നടപ്പിലാക്കുക, ഉപഭോക്തൃ സംതൃപ്‍തി സ്‌കോറുകൾ മെച്ചപ്പെടുത്തുക, 4ജി-യിൽ നിന്ന് 5ജി-യിലേക്ക് അപ്‌ഗ്രേഡ‍് ചെയ്യുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. അതേസമയം ബി‌എസ്‌എൻ‌എല്ലിന്‍റെ 5ജി ലോഞ്ചിനുള്ള കൃത്യമായ സമയപരിധി നൽകാൻ കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിസമ്മതിച്ചു.

"നമുക്ക് ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്. ശക്തമായ സിആർഎം പരിഹാരങ്ങൾ നടപ്പിലാക്കുകയും ഉപഭോക്തൃ സംതൃപ്‌തി സ്കോറുകൾ മെച്ചപ്പെടുത്തുകയും 4ജി-യിൽ നിന്ന് 5ജി-യിലേക്കുള്ള മാറ്റം സാധ്യമാക്കുകയും വേണം. എന്നാൽ 4ജി നെറ്റ്‌വർക്ക് പൂർണ്ണമായും ഒപ്റ്റിമൈസ് ചെയ്‌തുകഴിഞ്ഞാൽ മാത്രമേ 5ജി-യിലേക്കുള്ള മാറ്റം സംഭവിക്കൂ, അതിന് ഇനിയും കുറച്ച് മാസങ്ങൾ എടുക്കും"- എന്നുമാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ വാക്കുകള്‍.

ഒരു മാസം കൊണ്ട് 13 ലക്ഷം പുതിയ വരിക്കാരെ സ്വന്തമാക്കി ബിഎസ്എന്‍എല്‍

അടുത്തിടെ 18 വർഷത്തിനിടയിലെ ആദ്യത്തെ തുടർച്ചയായ ത്രൈമാസ അറ്റാദായം ബി‌എസ്‌എൻ‌എൽ രേഖപ്പെടുത്തിയതും ശുഭ സൂചനയാണ്. 2025 സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തിൽ (ജൂലൈ–സെപ്റ്റംബർ) 262 കോടി രൂപയും, മൂന്നാം പാദത്തിൽ (ഒക്‌ടോബര്‍–ഡിസംബർ) 280 കോടി രൂപയും ബിഎസ്എന്‍എല്ലിന് അറ്റാദായം ഉണ്ടാക്കാനായി. 2025 ഓഗസ്റ്റ് മാസം മാത്രം ബിഎസ്എന്‍എല്‍ 13 ലക്ഷം പുതിയ മൊബൈൽ വരിക്കാരെ ചേർത്തു. ബിഎസ്എന്‍എല്ലിനെ സംബന്ധിച്ച് ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ വളർച്ചയാണിത്. ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്തത് 2025 മാര്‍ച്ച് മാസത്തിലായിരുന്നു. മാര്‍ച്ചില്‍ ഏതാണ്ട് 50,000 പുതിയ സിം വരിക്കാരെ ബിഎസ്എന്‍എല്ലിന് ലഭിച്ചു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്‌കാം സന്ദേശങ്ങൾ എളുപ്പം കണ്ടെത്താം, സർക്കിൾ ടു സെർച്ചും ഗൂഗിൾ ലെൻസും ഇങ്ങനെ ഉപയോഗിക്കൂ
തീപ്പിടിച്ച് മൂന്ന് കോടിയിലേറെ രൂപയുടെ നാശനഷ്‌ടം; രണ്ട് ലക്ഷത്തിലേറെ പവര്‍ ബാങ്കുകള്‍ തിരിച്ചുവിളിച്ചു