കൂടുതല്‍ പ്രവര്‍ത്തനശേഷി സ്ത്രീകളുടെ തലച്ചോറിനെന്ന് പഠനം

By Web TeamFirst Published Sep 18, 2018, 1:38 PM IST
Highlights

ലോകത്തിലെ തന്നെ ഏറ്റവും വലിയ ബ്രെയിന്‍ ഇമേജ് സര്‍വേയാണ് ഈ പഠനത്തിന് വേണ്ടി നടത്തിയത് എന്നാണ് ഗവേഷകര്‍ പറയുന്നത്. 

പുരുഷന്‍റെ തലച്ചോറിനെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനശേഷി സ്ത്രീകളുടെ തലച്ചോറിനാണെന്ന് പുതിയ പഠനം. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ അമേന്‍ ക്ലിനിക്കിലെ ശാസ്ത്രകാരന്മാരാണ് പുതിയ പഠനത്തിന് പിന്നില്‍. ഈ പഠനത്തിലെ കണ്ടെത്തലുകള്‍ സ്ത്രീകളിലുണ്ടാകുന്ന ആകാംക്ഷ, വിഷാദരോഗം, ഉറക്കിമില്ലായ്മ, ഭക്ഷണ വൈകല്യങ്ങള്‍ എന്നിവയ്ക്ക് ഉത്തരം നല്‍കുമെന്നാണ് പ്രതീക്ഷ.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ബ്രെയിന്‍ ഇമേജ് സര്‍വേയാണ് ഈ പഠനത്തിന് വേണ്ടി നടത്തിയത് എന്നാണ് ഗവേഷകര്‍ പറയുന്നത്. വിവിധ പ്രായത്തിലുള്ള 46,000 തലച്ചോര്‍ സ്കാന്‍ ചിത്രങ്ങള്‍ ഈ പഠനത്തിനായി താരതമ്യം ചെയ്തു. ഇതില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും തലച്ചോര്‍ ദൃശ്യങ്ങള്‍ ഉള്‍പ്പെടും.

സ്ത്രീകളുടെയും പുരുഷന്മാരുടെയും തലച്ചോറുകള്‍ തമ്മിലുള്ള വ്യത്യാസം കൃത്യമായി തിരിച്ചറിഞ്ഞാല്‍ ഭാവിയിലേക്കുള്ള തലച്ചോര്‍ സംബന്ധിയായ വൈദ്യശാസ്ത്ര ഗവേഷണങ്ങള്‍ക്ക് അത് ഉപകാരപ്രഥമാകും എന്നാണ് ഗവേഷകരുടെ പക്ഷം. ഉദാഹരണത്തിന് സ്ത്രീകളിലാണ് പ്രധാനമായും അല്‍ഷിമേഴ്സ്, വിഷാദം തുടങ്ങിയ രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. പുരുഷന്മാരില്‍ കൂടുതലായി കണ്ടുവരുന്നത് എഡിഎച്ചഡി, കോണ്‍ടക്റ്റ് റിലേറ്റഡ് ഡിസോഡറുകളാണ്.

ജേര്‍ണല്‍ ഓഫ് അല്‍ഷിമേഴ്സ് ഡിസീസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പുരുഷന്‍റെ തലച്ചോറിനെക്കാള്‍ സ്ത്രീകളുടെ തലച്ചോറില്‍ ആക്ടീവായ സ്ഥലങ്ങള്‍ കൂടുതലാണ് എന്നാണ് പറയുന്നത്. പ്രധാനമായും പ്രീഫ്രന്‍റല്‍ കോര്‍ടെക്സിലാണ് ഈ അധിക ആക്ടീവ് പ്രദേശങ്ങള്‍ കൂടുതല്‍ എന്നാണ് റിപ്പോര്‍ട്ട്. വികാരങ്ങള്‍ ഉണ്ടാക്കുന്ന പ്രദേശത്താണ് കൂടുതല്‍ പ്രവര്‍ത്തനം നടക്കുന്നത്.

click me!