ഓൺലൈനായി ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ ശ്രമിച്ച യുവാവിന് ഒരു ലക്ഷത്തോളം രൂപ നഷ്ടമായി

By Web TeamFirst Published Dec 11, 2019, 1:42 PM IST
Highlights
  • ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ.
  • ഓണ്‍ലൈന്‍ വഴി ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനിടെയാണ് പണം നഷ്ടമായത്.

ബെംഗളൂരു: ഓണ്‍ലൈനായി ഡ്രൈവിങ് ലൈസൻസ് പുതുക്കാന്‍ ശ്രമിച്ച യുവാവിന്‍റെ പണം നഷ്ടമായി. ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനായി ഇന്റർനെറ്റിൽ തെരഞ്ഞപ്പോൾ ലഭിച്ച വ്യാജ  നമ്പറിൽ ബന്ധപ്പെട്ട യുവാവിന് 89,993 രൂപയാണ് നഷ്ടമായത്. ബെംഗളൂരു വൈറ്റ്ഫീൽഡിൽ താമസിക്കുന്ന ഐടി ജീവനക്കാരനാണ് ഇയാള്‍.

ഡ്രൈവിങ് ലൈസൻസ് ഓൺലൈൻ വഴി പുതുക്കുന്നതിനായി കെആർ പുരം ആർടിഒയുടെ നമ്പർ തെരഞ്ഞപ്പോഴാണ്  8144910621 എന്ന ഹെൽപ്പ് ലൈൻ നമ്പർ ലഭിച്ചത്. വിളിച്ചപ്പോൾ ഫോണ്‍ എടുത്ത വ്യക്തി താൻ ആർടിഒ ജീവനക്കാരനാണെന്നും 10 മിനിട്ടുള്ളിൽ ലൈസൻസ് പുതുക്കാൻ സഹായിക്കാമെന്ന് പറയുകയുമായിരുന്നുവെന്ന് തട്ടിപ്പിനിരയായ യുവാവ് നൽകിയ പരാതിയിൽ പറയുന്നു. ആദ്യം ഫോണിൽ ഒരു ഒടിപി വരുമെന്നും അത് അയച്ചുതരണമെന്നും അതിനു ശേഷം ഒരു വെബ് ലിങ്ക് കൂടി അയക്കുമെന്നും അതിൽ ചോദിക്കുന്ന വിവരങ്ങൾ നൽകണമെന്നും അപ്പുറത്തുള്ള വ്യക്തി പറഞ്ഞു. ഒടിപിയും ലിങ്കും അയച്ചതോടെ ഡ്രൈവിങ് ലൈസൻസ് പുതുക്കിയെന്നു കരുതിയെങ്കിലും 24 മണിക്കൂറിനു ശേഷം ഗൂഗിൾ പേ വഴി പണം നഷ്ടമാവുകയായിരുന്നുവെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയില്ലെന്നും എങ്ങനെയാണ് തട്ടിപ്പിനിരയായതെന്ന് അറിയില്ലെന്നും യുവാവ് പറയുന്നു. ആദ്യമയച്ച ഒടിപി വഴി ഗൂഗിൾ പേ അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കാമെന്നും അതിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പ് സംഘത്തിന് ലഭിച്ചിരിക്കാമെന്നുമാണ് പൊലീസ് പറയുന്നത്. പരാതി ലഭിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ യുവാവ് ബന്ധപ്പെട്ട വ്യക്തി  ആർടിഒ ജീവനക്കാരനല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത വൈറ്റ് ഫീൽഡ് പൊലീസ് കേസ് സൈബർ പൊലീസിന് കൈമാറിയിട്ടുണ്ട്.

പ്രതിദിനം ഒന്നിലധികം കേസുകളാണ് ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ബെംഗളൂരു നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വ്യാജഫോൺകാളുകൾ, വ്യാജ അപ്ലിക്കേഷനുകൾ തുടങ്ങിയവ വഴിയാണ് ആളുകൾ പ്രധാനമായും തട്ടിപ്പിനിരയാവുന്നത്. ഓൺലൈൻ തട്ടിപ്പുകേസുകൾ ഈയിടെയായി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും ആളുകൾ ഇതേ കുറിച്ച് ബോധവാന്മാരാവുന്നില്ല എന്നാണ് പൊലീസ് പറയുന്നത്.

click me!