
മലയാളത്തിലെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ ആടുജീവിതത്തോളം കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ഒരു ചിത്രമില്ല. മലയാളികള്‍ നെഞ്ചേറ്റിയ, വില്‍പ്പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച ഒരു നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം എന്നതുതന്നെയാണ് അതിന് പ്രധാന കാരണം. മലയാളികളുടെ പ്രിയ സംവിധായകന്‍ ബ്ലെസി ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവുമ്പോള്‍ എ ആര്‍ റഹ്‍മാനും റസൂല്‍ പൂക്കുട്ടിയും അടക്കമുള്ള പ്രതിഭാധനരും ഒപ്പമുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മലയാളമെന്നല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളുമായാണ് ആടുജീവിതം വരുന്നതെന്നാണ് ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ പറയുന്നത്.
മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14 നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനിൽ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകർ പ്രസാദ്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam