
കന്നഡ സിനിമാപ്രേമികളെ സംബന്ധിച്ച് വലിയൊരു നഷ്ടം സംഭവിച്ച വര്‍ഷമായിരുന്നു 2021. അപ്പു എന്ന് അവര്‍ സ്നേഹത്തോടെ അഭിസംബോധന ചെയ്‍ത പുനീത് രാജ്‍കുമാറിന്‍റെ വിയോഗമായിരുന്നു അത്. ഇപ്പോഴിതാ പുനീത് അവസാനമായി ക്യാമറയ്ക്കു മുന്നിലെത്തിയ ഒരു ചിത്രം പ്രേക്ഷകരിലേക്ക് എത്താനായി ഒരുങ്ങുകയാണ്. എന്നാല്‍ ഇതൊരു ഫീച്ചര്‍ ചിത്രമല്ല, മറിച്ച് ഒരു ഡോക്യുഡ്രാമയാണ്. ഗന്ധഡ ഗുഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് അമോഘവര്‍ഷ ജെ എസ് ആണ്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ ട്രെയ്‍ലറിന് ആശംസകള്‍ അറിയിച്ചും പുനീതിനെ അനുസ്മരിച്ചും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. പുനീതിന്‍റെ ഭാര്യ അശ്വിനി ട്വിറ്ററിലൂടെ ട്രെയ്‍ലര്‍ ഷെയര്‍ ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്‍തിരുന്നു. ഇത് തങ്ങളെ സംബന്ധിച്ച് വൈകാരികതയുടെ ഒരു ദിവസമാണെന്നും അപ്പു ഹൃദയത്തോട് ചേര്‍ത്തിരുന്ന ഒരു പ്രോജക്റ്റ് ആയിരുന്നു ഇതെന്നും അശ്വിനി കുറിച്ചു. അങ്ങയുമായുള്ള സംഭാഷണങ്ങള്‍ പുനീത് മനസില്‍ താലോചിച്ചിരുന്നുവെന്നും അദ്ദേഹം ഉണ്ടായിരുന്നുവെങ്കില്‍ ഈ ട്രെയ്‍ലര്‍ വ്യക്തിപരമായി അങ്ങയുമായി പങ്കുവെക്കുമായിരുന്നുവെന്നുമായിരുന്നു അശ്വിനിയുടെ ട്വീറ്റ്. ഇതിനോടുള്ള പ്രതികരണമായിരുന്നു മോദിയുടെ ട്വീറ്റ്.
ലോകത്തെ ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലാണ് അപ്പു ജീവിക്കുന്നത്. പ്രതിഭയുടെ ധാരാളിത്തമുള്ള ഒരാള്‍, ഏറെ ഊര്‍ജ്ജമുള്ള, അസാമാന്യ കഴിവുകളുണ്ടായിരുന്ന ഒരാള്‍. ഗന്ധഡ ഗുഡി പ്രകൃതി മാതാവിനും കര്‍ണാടകത്തിന്‍റെ നൈസര്‍ഗിക സൌന്ദര്യത്തിനും പരിസ്ഥിതി പരിപാലനത്തിനുമുള്ള ആദരവാണ്. ഈ സംരംഭത്തിന് എന്‍റെ എല്ലാവിധ ആശംസകളും, മോദി ട്വീറ്റ് ചെയ്‍തു.
അശ്വിനി പുനീത് രാജ്‍കുമാര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം പ്രതീക് ഷെട്ടിയാണ്. സംഗീതം ബി അജനീഷ് ലോക്നാഥ്. ഒക്ടോബര്‍ 28 ന് തിയറ്റര്‍ റിലീസ് ആണ് ഈ ചിത്രം.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam