
കെജിഎഫ് ഫ്രാഞ്ചൈസിലിയൂടെയാണ് കന്നഡ സിനിമ കര്‍ണായകത്തിന് പുറത്തേക്കുള്ള പ്രേക്ഷകവൃന്ദത്തിലേക്ക് എത്തിയത്. ഇപ്പോഴിതാ അവിടെനിന്ന് മറ്റൊരു ചിത്രവും അത്തരത്തില്‍ ആസ്വാദകപ്രീതി നേടുകയാണ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന കാന്താരാ എന്ന ചിത്രമാണ് അത്. റിഷഭ് തന്നെയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. കര്‍ണാടകത്തിലെ വന്‍ വിജയത്തെ തുടര്‍ന്ന് ചിത്രം മറ്റു ഭാഷകളിലും റിലീസിന് എത്തുകയാണ്. ഇതിന് മുന്നോടിയായി ചിത്രത്തിന്‍റെ മലയാളം ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ട് നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ മിസ് ചെയ്യരുതാത്ത ഒരു ചിത്രമാണിതെന്ന് പൃഥ്വി പറഞ്ഞിരുന്നു. കന്നഡ പതിപ്പ് കണ്ടതിനു ശേഷമാണ് ചിത്രം കേരളത്തില്‍ എത്തിക്കണമെന്ന് തോന്നിയത്. ചിത്രം ഇവിടെ എത്തുമ്പോള്‍ മിസ് ചെയ്യരുത്. സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് കാന്താരാ. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടി. ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്? വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക, പൃഥ്വിരാജ് കുറിച്ചിരുന്നു.
കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് തന്നെ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം കര്‍ണാടകത്തില്‍ നിന്ന് മികച്ച ഓപണിംഗ് ആണ് നേടിയത്. ആദ്യ 11 ദിവസങ്ങളില്‍ നിന്ന് ചിത്രം 60 കോടി നേടിയെന്നായിരുന്നു കണക്കുകള്‍. സെപ്റ്റംബര്‍ 30 ന് ആയിരുന്നു കന്നഡ ഒറിജിനല്‍ പതിപ്പിന്‍റെ റിലീസ്. ഹൊംബാളെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam