
മോഹന്‍ലാല്‍ (Mohanlal) നായകനായ ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹ'ത്തിന്‍റെ സക്സസ് ടീസര്‍ (Marakkar Success Teaser) പുറത്തിറക്കി അണിയറക്കാര്‍. മോഹന്‍ലാലിന്‍റെ ഡയലോഗ് ഉള്‍പ്പെടെ 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ഈ മാസം 2ന് തിയറ്ററുകളിലെത്തിയ ചിത്രം ലോകമാകമാനം ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് റെക്കോര്‍ഡ് തിയറ്റര്‍ കൗണ്ടുമായാണ് റിലീസ് ചെയ്യപ്പെട്ടത്. കേരളത്തിലെ 626 സ്ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ആഗോള തലത്തില്‍ 4100 സ്ക്രീനുകളിലും എത്തിയെന്നാണ് നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് അറിയിച്ചിരുന്നത്.
തങ്ങളുടെ സ്വപ്‍ന പ്രോജക്റ്റ് എന്ന് പ്രിയദര്‍ശനും മോഹന്‍ലാലും പറഞ്ഞിരുന്ന ചിത്രം പ്രേക്ഷകരുടെ ഏറെനാളത്തെ കാത്തിരിപ്പിനു ശേഷമാണ് തിയറ്ററുകളിലെത്തിയത്. കൊവിഡ് എത്തുന്നതിനു മുന്‍പ് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പിന്നീട് ഒന്നേമുക്കാല്‍ വര്‍ഷത്തിനിപ്പുറമാണ് എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ബജറ്റ് 100 കോടിയാണ്. റിലീസ് ദിനത്തിന് രണ്ടാഴ്ച മുന്‍പേ പല സെന്‍ററുകളിലും പ്രീ ബുക്കിംഗ് ആരംഭിച്ചിരുന്ന ചിത്രം അതിലൂടെ മാത്രം 100 കോടി കളക്റ്റ് ചെയ്‍തതായും ആശിര്‍വാദ് സിനിമാസ് അറിയിച്ചിരുന്നു. റിലീസ് ദിനത്തില്‍ കേരളത്തിലെ 600ല്‍ അധികം സെന്‍ററുകളില്‍ മോഹന്‍ലാല്‍ ആരാധകര്‍ ഫാന്‍സ് ഷോകളും സംഘടിപ്പിച്ചിരുന്നു. അര്‍ധരാത്രി 12 മണിക്കു തന്നെ ആദ്യ ഫാന്‍സ് ഷോകള്‍ ആരംഭിച്ചും മരക്കാര്‍ റെക്കോര്‍ഡ് സൃഷ്‍ടിച്ചു.
ആദ്യ വാരാന്ത്യ ദിനങ്ങളില്‍ മിക്കവാറും റിലീസിംഗ് സെന്‍ററുകളില്‍ ഹൗസ്‍ഫുള്‍ ആയി പ്രദര്‍ശനം നടന്ന മരക്കാറിന്‍റെ ബോക്സ് ഓഫീസ് കണക്കുകള്‍ ഔദ്യോഗികമായി ഇനിയും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ വിദേശ മാര്‍ക്കറ്റുകളില്‍ ഉള്‍പ്പെടെ ചിത്രം നടത്തുന്ന മികച്ച പ്രകടനത്തെക്കുറിച്ച് ട്രേഡ് അനലിസ്റ്റുകള്‍ അറിയിച്ചിരുന്നു.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam