ലോറി ഡ്രൈവര്‍ ആയി ദിലീഷ് പോത്തന്‍, ഒപ്പം ചേതന്‍ ജയലാല്‍; 'മിഡ്‍നൈറ്റ് റണ്‍' ട്രെയ്‍ലര്‍

By Web TeamFirst Published May 13, 2021, 5:11 PM IST
Highlights

റിയലിസ്റ്റിക് ത്രില്ലര്‍ ഷോര്‍ട്ട് ഫിലിമിന്‍റെ ഒടിടി റിലീസ് 14ന്, ട്രെയ്‍ലര്‍ കാണാം

ദിലീഷ് പോത്തനും ചേതന്‍ ജയലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രദ്ധേയ ഹ്രസ്വചിത്രം 'മിഡ്‍നൈറ്റ് റണ്‍' ഒടിടി റിലീസിന് ഒരുങ്ങുന്നു. സൈന മൂവീസിന്‍റെ ഒടിടി പ്ലാറ്റ്ഫോം ആയ സൈന പ്ലേയിലൂടെ 14നാണ് റിലീസ്. ഇതിനു മുന്നോടിയായി ഷോര്‍ട്ട് ഫിലിമിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തിയിട്ടുണ്ട്.

പൂര്‍ണ്ണമായും ഒരു രാത്രിയില്‍ നടക്കുന്ന സംഭവങ്ങളെ ആധാരമാക്കി, റിയലിസ്റ്റിക് ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്‍തിരിക്കുന്നത് രമ്യ രാജ് ആണ്. ദിലീഷിനെയും ചേതനെയും കൂടാതെ ഒരു ലോറിയും ഹ്രസ്വചിത്രത്തില്‍ കഥാപാത്രമായി എത്തുന്നുണ്ട്. ലോറിഡ്രൈവര്‍ ആണ് ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്ന കഥാപാത്രം.

തിരുവനന്തപുരത്തെ അന്താരാഷ്ട്ര ഡോക്യുമെന്‍ററി, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ നടന്ന ചിത്രം ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലും പ്രദര്‍ശിപ്പിച്ചിരുന്നു. കൂടാതെ ബുസാന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പെടെ 25ലേറെ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കാലിഫോര്‍ണിയയില്‍ നടന്ന ഇന്‍ഡീബെസ്റ്റ് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഇന്‍ഡീ ഷോര്‍ട്ട് ഫിലിം ആയി ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹംഗറിയിലെ സെവന്‍ ഹില്‍സ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ബെലാറസില്‍ നടന്ന കിനോസ്‍മെന-മിന്‍സ്‍ക് ഇന്‍റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ബാംഗ്ലൂര്‍ ഇന്‍റര്‍മാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, അസം ഇന്‍റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ദാദാസാഹിബ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ മത്സരവിഭാഗത്തിലും ഇടംപിടിച്ചിരുന്നു.

ബി ടി അനില്‍കുമാറിന്‍റെ കഥയ്ക്ക് സംവിധായികയുടേതു തന്നെയാണ് തിരക്കഥ. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍. എഡിറ്റിംഗ് കിരണ്‍ ദാസ്. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. സംഗീതം ശങ്കര്‍ ശര്‍മ്മ. സതീഷ് എരിയലത്താണ് നിര്‍മ്മാണം. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ കാണാം..

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!