
ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറയുന്ന റോക്കട്രി ദ് നമ്പി എഫക്ട് (Rocketry) എന്ന ചിത്രത്തിന്‍റെ രണ്ടാമത്തെ ട്രെയ്‍ലര്‍ പുറത്തെത്തി. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായാണ് ട്രെയ്‍ലര്‍ പുറത്തെത്തിയിരുന്നത്. തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളില്‍ നിര്‍ണ്ണായക വേഷത്തിലെത്തുന്ന സൂര്യയുടെ കഥാപാത്രം തമിഴ്, തെലുങ്ക്, മലയാളം ട്രെയ്‍ലറുകളില്‍ ഉണ്ട്. 1.10 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് പുറത്തെത്തിയിരിക്കുന്ന ട്രെയ്‍ലര്‍.
ചിത്രത്തിന്‍റെ രചനയും സംവിധാനവും ഒപ്പം നമ്പി നാരായണന്‍റെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ആര്‍ മാധവനാണ്. ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ, 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കടന്നുവരുന്നത്. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്‍റെ നായികയായി എത്തുന്നത്. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇരുവരും സിനിമയില്‍ ഒന്നിക്കുന്നത്. ടൈറ്റാനിക് ഫെയിം റോൺ ഡൊണാച്ചി അടക്കം നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 75-ാമത് കാന്‍ ചലച്ചിത്രോത്സവത്തില്‍ ചിത്രം കൈയടി നേടിയിരുന്നു.
ALSO READ : കന്നഡയില്‍ നിന്ന് അടുത്ത പാന്‍ ഇന്ത്യന്‍ ചിത്രം; വിസ്‍മയിപ്പിക്കാന്‍ വിക്രാന്ത് റോണ
ആറ് രാജ്യങ്ങളിലധികം ഷൂട്ടിംഗ് നടന്ന ചിത്രം 2010ല്‍ റിലീസ് ചെയ്യേണ്ടിയിരുന്നതാണ്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീട്ടുകയായിരുന്നു. മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്‍റെ കോ-ഡയറക്ടര്‍ ആണ്. ശ്രീഷ റായ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ബിജിത്ത് ബാല. സംഗീതം സാം സി എസ്. ട്രൈ കളര്‍ ഫിലിംസ്, വര്‍ഗീസ് മൂലന്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ മാധവനും ഡോ. വര്‍ഗീസ് മൂലനും ഒപ്പം ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27ത്ത് ഇൻവെസ്റ്റ്മെന്റ്സും ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രം ജൂലൈ ഒന്നിന് തീയേറ്ററുകളിൽ എത്തും.