'ഗോഥം നഗര'ത്തിലെ പ്രതികാരദാഹി; 12 മണിക്കൂറില്‍ ഒരു കോടിയിലേറെ കാഴ്ചകള്‍ നേടി 'ബാറ്റ്മാന്‍' ട്രെയ്‍ലര്‍

By Web TeamFirst Published Oct 17, 2021, 3:59 PM IST
Highlights

2020 ജനുവരിയില്‍ ചിത്രീകരണം ആരംഭിച്ച സിനിമ കൊവിഡ് സാഹചര്യത്തില്‍ ഇടയ്ക്ക് നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു

'ബാറ്റ്മാന്‍' ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ (The Batman Main Trailer) പുറത്തെത്തി. മാറ്റ് റീവ്സ് (Matt Reeves) സഹരചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലെത്തുന്നത് റോബര്‍ട്ട് പാറ്റിന്‍സണ്‍ (Robert Pattinson) ആണ്. വിതരണക്കാരായ വാര്‍ണര്‍ ബ്രദേഴ്സ് (Warner Bros.) തങ്ങളുടെ യുട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ട്രെയ്‍ലറിന് ഇതിനകം ലഭിച്ചിരിക്കുന്ന കാഴ്ചകള്‍ 1.1 കോടിയിലേറെയാണ്.

ഗോഥം നഗരത്തിലെ അഴിമതികള്‍ വെളിച്ചത്തുകൊണ്ടുവരുന്നതിനൊപ്പം 'റിഡ്‍ലര്‍' എന്ന പേരില്‍ അറിയപ്പെടുന്ന പരമ്പര കൊലപാതകിക്ക് എതിരാളിയാവേണ്ട മിഷനുമുണ്ട് പുതിയ ചിത്രത്തില്‍ ബാറ്റ്മാന്. പോള്‍ ഡാനോയാണ് 'എഡ്വേര്‍ഡ് നാഷ്‍ടണ്‍' അഥവാ റിഡ്‍ലര്‍ ആയി എത്തുന്നത്. 'കാറ്റ്‍വുമണാ'യി സോ ക്രാവിറ്റ്‍സും 'പെന്‍ഗ്വിനാ'യി കോളിന്‍ ഫാരെലും അഭിനയിച്ചിരിക്കുന്നു. മാറ്റ് റീവ്‍സിനൊപ്പം പീറ്റര്‍ ക്രെയ്‍ഗും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഡിസി ഫിലിംസിനൊപ്പം സിക്സ്ത്ത് ആന്‍ഡ് ഇഡാഹോ, ഡൈലന്‍ ക്ലാര്‍ക്ക് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

2020 ജനുവരിയില്‍ ചിത്രീകരണം ആരംഭിച്ച സിനിമ കൊവിഡ് സാഹചര്യത്തില്‍ ഇടയ്ക്ക് നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു. 2021 ജൂണ്‍ എന്ന തുടക്കത്തില്‍ പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതിയും മാറ്റേണ്ടിവന്നു. 2022 മാര്‍ച്ച് 4 ആണ് പുതിയ റിലീസ് തീയതി.

Last Updated Oct 17, 2021, 3:59 PM IST