പുരസ്‍കാരശോഭയുമായി 'വിക്ടോറിയ' തിയറ്ററുകളിലേക്ക്; ട്രെയ്‍ലര്‍ എത്തി

Published : Nov 26, 2025, 07:59 PM IST
victoria malayalam movie trailer Sivaranjini Meenakshi Jayan ksfdc

Synopsis

നവാഗതയായ ശിവരഞ്ജിനി സംവിധാനം ചെയ്ത 'വിക്ടോറിയ' എന്ന ചിത്രം ഈ മാസം 28-ന് തിയറ്ററുകളിലെത്തുന്നു.

കെഎസ്എഫ്ഡിസി നിർമ്മിച്ച് നവാഗതയായ ശിവരഞ്ജിനി രചനയും എഡിറ്റിംഗും സംവിധാനവും നിർവഹിച്ച ചിത്രമാണ് വിക്ടോറിയ. ഒട്ടനവധി അന്താഷ്ട്ര ചലച്ചിത്രമേളകളിൽ പങ്കെടുത്ത ചിത്രം കേരളത്തിലെ തിയറ്ററുകളിലേക്ക് ഈ മാസം 28 ന് എത്താന്‍ ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. 1.09 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആഖ്യാനത്തില്‍ കൗതുകമുണര്‍ത്തുന്ന ഒന്നാണ്. ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ചിത്രമാണ് ഇത്.

ഒരു ബ്യൂട്ടിപാർലർ ജോലിക്കാരിയായ വിക്ടോറിയയുടെ കഥപറയുന്ന ചിത്രത്തിൽ മീനാക്ഷി ജയൻ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലെ പ്രകടനം മീനാക്ഷി ജയന് ചൈനയിലെ പ്രശസ്തമായ ഷാങ്ഹായ് ഫെസ്റ്റിവലിൽ ഗോൾഡൻ ഗ്ലോബറ്റ് ഏഷ്യൻ ടാലന്റ് മത്സര വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരവും നേടിക്കൊടുത്തിരുന്നു. മുഴുവനായും സ്ത്രീ കഥാപാത്രങ്ങളുള്ള ഈ ചിത്രം സമകാലിക കേരളീയ സ്ത്രീ ജീവിതങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. മീനാക്ഷിയെക്കൂടാതെ ശ്രീഷ്മ ചന്ദ്രൻ, ജോളി ചിറയത്ത്, ദർശന വികാസ്, സ്റ്റീജ മേരി ചിറയ്ക്കല്‍, ജീന രാജീവ്, രമാ ദേവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം ഒരു പൂവൻകോഴിയും ചിത്രത്തിലെ പ്രധാന കഥാപാത്രമാകുന്നുണ്ട്.

ചൈനയിലെ പ്രശസ്തമായ ഷാങ്ഹായ് ഫെസ്റ്റിവലിലേക്ക് ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു സിനിമയാണ് വിക്ടോറിയ. ഐഫ്ഫ്കെ 2024ലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസ്കി പുരസ്കാരം നേടിയ ചിത്രം മുംബൈ വാട്ടർഫ്രന്റ് ഇൻഡീ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം, സംവിധായിക, ഛായാഗ്രഹണം ഉൾപ്പടെ മൂന്ന് പുരസ്ക്കാരങ്ങൾ, സിയോളിൽ നടന്ന വനിതാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ എക്സലൻസി അവാർഡ്, മികച്ച സംവിധാനത്തിനുള്ള പതിനാലാമത് മോഹൻ രാഘവൻ അനുസ്മരണ സിനിമാ പുരസ്കാരം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ മികച്ച നവാഗത സംവിധായികയ്ക്കുള്ള പുരസ്കാരം എന്നിവ വിക്ടോറിയ കരസ്ഥമാക്കി. മലേഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും തായ്പോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും സൗത്ത് ആസ്ട്രേലിയയിലെ അഡ്ലെയ്ഡ് ഫെസ്റ്റിവലിലും കൽക്കത്ത, ധരംശാല ഫെസ്റ്റിവലുകളിലും ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി.

ആനന്ദ് രവി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് അഭയദേവ് പ്രഫുൽ ആണ്. കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കെഎസ്എഫ്ഡിസി വനിതാ സംവിധായകർക്കായൊരുക്കിയ സംരംഭത്തിലാണ് ഈ ചിത്രം നിർമ്മിച്ചത്.

PREV
Read more Articles on
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രെയ്‍ലർ പുറത്ത്
സംവിധാനം ഉണ്ണി കെ ആര്‍; 'എ പ്രഗ്നന്‍റ് വിഡോ' ട്രെയ്‍ലര്‍ എത്തി