
കെജിഎഫ് ഫ്രാഞ്ചൈസി എത്തിയതോടെയാണ് കന്നഡ സിനിമ ഇന്ത്യന്‍ സിനിമാപ്രേമികളുടെ ശ്രദ്ധയിലേക്ക് കാര്യമായി എത്തുന്നത്. ഇപ്പോഴിതാ കന്നഡ സിനിമയില്‍ നിന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ പ്രേക്ഷകരെ തേടി ഒരു ബയോപിക് പ്രദര്‍ശനത്തിന് എത്തുന്നു. രാജ്യത്തെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് കമ്പനികളില്‍ ഒന്നായ വി ആര്‍ എല്‍ ഗ്രൂപ്പിന്‍റെ സംഥാപകന്‍ വിജയ് ശങ്കേശ്വറിന്‍റെ ജീവിതം പറയുന്ന ചിത്രത്തിന് വിജയാനന്ദ് എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി.
വി ആർ എൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടറും പ്രൊമോട്ടറുമായ ഡോ. ആനന്ദ് ശങ്കേശ്വറാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അദ്ദേഹത്തിന്‍റെ ആദ്യ ചലച്ചിത്ര നിര്‍മ്മാണ സംരംഭമാണ് ഇത്. വി ആര്‍ എല്‍ ഫിലിം പ്രൊഡക്ഷന്‍സ് എന്നാണ് ബാനറിന്‍റെ പേര്. കന്നഡത്തിനൊപ്പം തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ഈ ഭാഷകളിലെല്ലാം ട്രെയ്‍ലറും എത്തിയിട്ടുണ്ട്.
ട്രങ്ക് എന്ന ഹൊറർ ത്രില്ലർ ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ റിഷിക ശർമ്മയാണ് സംവിധാനം. ട്രങ്കിലെ തന്നെ നായകന്‍ നിഹാലാണ് വിജയ് ശങ്കേശ്വര്‍ ആയി അഭിനയിക്കുന്നത്. അനന്ത് നാഗ്, വിനയ പ്രസാദ്, വി രവിചന്ദ്രൻ, പ്രകാശ് ബെലവാടി, അനീഷ് കുരുവിള, സിരി പ്രഹ്ലാദ്, ഭരത് ബൊപ്പണ്ണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറാണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സംഭാഷണം രഘു നടുവിൽ, സ്റ്റണ്ട് രവി വർമ്മ, ഛായാഗ്രഹണം കീർത്തൻ പൂജാരി, നൃത്തസംവിധാനം ഇമ്രാൻ സർധാരിയ, എഡിറ്റിംഗ് ഹേമന്ത് കുമാർ, പിആർഒ എ എസ് ദിനേശ്, ശബരി. ഡിസംബര്‍ 9 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam