
കൊച്ചി: തെലുങ്ക് മെഗാതാരം ചിരഞ്ജീവി നായകനായ ബിഗ് ബഡ്ജറ്റ് ചിത്രമായ വിശ്വംഭരയുടെ ടീസർ പുറത്ത്. ദസറ ആഘോഷങ്ങൾ പ്രമാണിച്ചാണ് ടീസർ റിലീസ്. സൂപ്പർ ഹിറ്റ് സംവിധായകൻ വസിഷ്ഠ രചിച്ചു സംവിധാനം ചെയ്ത ഈ മാസ്സ് ഫാന്റസി അഡ്വെഞ്ചർ ചിത്രം നിർമ്മിക്കുന്നത് യു വി ക്രിയേഷൻസാണ്. വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപതി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് വിക്രം റെഡ്ഡി.
കാഴ്ചക്കാരെ പ്രപഞ്ചത്തിനപ്പുറമുള്ള മെഗാ മാസിലേക്ക് കൊണ്ടു പോകുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ഒരു നിഗൂഢ ഭൂപ്രകൃതിയുടെ പശ്ചാത്തലത്തിൽ ദുഷ്ട ശക്തിയോട് ഏറ്റു മുട്ടുന്ന ചിരഞ്ജീവിയെ ആണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു സൂപ്പർഹീറോയെപ്പോലെ പറക്കുന്ന കുതിരപ്പുറത്ത് എൻട്രി നടത്തുന്ന ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ ദൈവിക ശ്കതിയുടെ സൂചനയും നൽകികൊണ്ട്, ഹനുമാൻ ഭഗവാൻറെ പ്രതിമയുടെ മുന്നിൽ ഭീമാകാരമായ ഒരു ഗദയുമായി നിൽക്കുന്ന രീതിയിലാണ് ടീസർ അവസാനിപ്പിച്ചിരിക്കുന്നത്.
ബിംബിസാര എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം സംവിധാനം ചെയ്ത് കൊണ്ട് അരങ്ങേറ്റം കുറിച്ച വസിഷ്ഠ ഒരുക്കുന്ന വിശ്വംഭര, മികച്ച വിഎഫ്എക്സ്, വമ്പൻ ആക്ഷൻ രംഗങ്ങൾ എന്നിവകൊണ്ട് സമ്പന്നമായിരിക്കുമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ചിരഞ്ജീവിക്കൊപ്പം തൃഷ കൃഷ്ണൻ, അഷിക രംഗനാഥ്, കുനാൽ കപൂർ, സുർഭി, ഇഷ ചൗള എന്നിവരാണ് ഇതിലെ പ്രധാന താരങ്ങൾ.
ഛായാഗ്രഹണം- ഛോട്ടാ കെ നായിഡു, സംഗീതം-എം. എം. കീരവാണി, എഡിറ്റിംഗ്- കോട്ടഗിരി വെങ്കടേശ്വര റാവു, സന്തോഷ് കാമിറെഡ്ഡി, പ്രൊഡക്ഷൻ ഡിസൈനർ- എ. എസ് പ്രകാശ്, സ്റ്റൈലിസ്റ്റ്- സുസ്മിത കൊനിഡെല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ - ശബരി.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam