യാത്രികരെ നെഞ്ചോട് ചേര്‍ത്ത് ആനവണ്ടിയും റെയില്‍വേയും; പുര കത്തുമ്പോള്‍ വാഴ വെട്ടി വിമാനക്കമ്പനികള്‍!

By Web TeamFirst Published Jun 29, 2019, 3:16 PM IST
Highlights

ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികളുടെ പകല്‍ക്കൊള്ള

ബെംഗളൂരു: കേരളത്തിലെ അന്തര്‍സംസ്ഥാന സ്വകാര്യ ബസുടമകളുടെ സമരത്തെ യാത്രികരുടെ ഒപ്പം നിന്ന് ഒറ്റക്കെട്ടായി നേരിടുകയാണ് കെഎസ്ആര്‍ടിസിയും കര്‍ണാടക ആര്‍ടിസിയും ഇന്ത്യന്‍ റെയില്‍വേയുമൊക്കെ. എന്നാല്‍ ഇതിന് ഒരു അപവാദമാകുകയാണ് നമ്മുടെ പല വിമാനക്കമ്പനികളുമെന്നാണ് യാത്രികരുടെ പരാതി.  

സമരത്തിനിടെ ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയാണ് വിമാനക്കമ്പനികളുടെ പകല്‍ക്കൊള്ള. വാരാന്ത്യം ആയതിനാൽ തിരക്ക കൂടുന്ന വെള്ളി, ശനി ദിവസങ്ങളില്‍ ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് ഇരട്ടിയിലധികം നിരക്കാണ് പല വിമാനക്കമ്പനികളും ഈടാക്കുന്നത്. 

കണ്ണൂരിലേക്ക് വെള്ളിയാഴ്ച 8000 രൂപയും ശനിയാഴ്ചത്തേക്ക് 3000 രൂപയ്ക്കു മുകളിലുമായിരുന്നു ടിക്കറ്റ് നിരക്ക്. കോഴിക്കോട്ടേക്ക് വെള്ളിയാഴ്ച 3,500 രൂപയും ശനിയാഴ്ച 4000 രൂപവരെയുമാണ്. എറണാകുളത്തേക്ക് വെള്ളിയാഴ്ച 17,000 രൂപ വരെയും ശനിയാഴ്ച 6,500 രൂപവരെയും.

തിരുവനന്തപുരത്തേക്ക് യഥാക്രമം 9000 രൂപയും 5000 രൂപയും വരെ ഈടാക്കുന്നുണ്ടെന്ന് യാത്രികര്‍ പറയുന്നു. സാധാരണ ദിവസങ്ങളിൽ തിരുവനന്തപുരത്തേക്ക് 4000 രൂപവരെയും എറണാകുളത്തേക്ക് 3000 രൂപവരെയും കോഴിക്കോട്ടേക്ക് 3000 രൂപവരെയും കണ്ണൂരിലേക്ക് 2,500 രൂപവരെയും ഈടാക്കിയിരുന്ന സ്ഥാനത്താണ് നിരക്ക് ഇപ്പോള്‍ കുത്തനെ ഉയര്‍ത്തിയത്. ബസ് സമരത്തെ തുടര്‍ന്നുള്ള യാത്രികരുടെ ബുദ്ധിമുട്ട് ചൂഷണം ചെയ്യുകയാണ് ലക്ഷ്യമെന്ന് വ്യക്തം. 

ബസ് സമരം നേരിടാന്‍ കേരള, കർണാടക ആർ.ടി.സി.കൾ പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. തിരക്ക‌് കൂടുതലുള്ള വെള്ളിയാഴ‌്ചയും ശനിയാഴ‌്ചയും കൊച്ചുവേളിയിൽനിന്ന‌് കൃഷ‌്ണരാജപുരത്തേക്ക‌് പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയാണ് ഇന്ത്യന്‍ റെയില്‍വേ യാത്രികര്‍ക്ക് ഒപ്പം നിന്നത്. അപ്പോഴാണ് വിമാനക്കമ്പനികളുടെ പകല്‍ക്കൊള്ളയെന്ന് യാത്രികര്‍ പരിതപിക്കുന്നു. 

click me!