ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള തൻറെ യാത്രയെക്കുറിച്ചും അതിലേക്കുള്ള പരിശ്രമങ്ങളെക്കുറിച്ചും ഏഷ്യാനെറ്റ് ന്യൂസിനോട് മനസു തുറക്കുകയാണ് മലപ്പുറം സ്വദേശിയായ ദിൽഷാദ്. 

''നിങ്ങൾ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാൽ അത് നിങ്ങൾക്ക് നേടിത്തരാൻ വേണ്ടി ഈ പ്രപഞ്ചം മുഴുവൻ ഗൂഢാലോചന നടത്തു""മെന്ന് പറഞ്ഞത് പൗലോ കൊയ്ലോയാണ്. മലപ്പുറം സ്വദേശിയായ ദിൽഷാദും അങ്ങനെയൊരു കാര്യമാ​ഗ്രഹിച്ചു, ഹൃദയത്തിൽ നന്മയുള്ള കുറച്ചു മനുഷ്യർ ദിൽഷാദിനൊപ്പം നിന്നു. അങ്ങനെ കുടിവെള്ളം കിട്ടാക്കനി‌യായിരുന്ന, ചെളിവെള്ളം ഊറ്റിയെടുത്ത് ​അത് തെളിയാൻ കാത്തിരുന്ന ജനതയുടെ ദാഹമകറ്റാൻ ദിൽഷാദിന് കഴിഞ്ഞു. വരൾച്ചയിൽ വലയുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ കിണർ കുഴിച്ചു നൽകുകയെന്ന അത്യന്തം ശ്രമകരമായ ദൗത്യമായിരുന്നു ഈ യുവാവ് ഏറ്റെടുത്തത്. അതിൽ വിജയിക്കാനും ഈ ചെറുപ്പക്കാരന് സാധിച്ചു. തൻറെ യാത്രയെക്കുറിച്ച്, പരിശ്രമങ്ങളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് മനസു തുറക്കുകയാണ് ദിൽഷാദ്.

ഈ ആഫ്രിക്കൻ രാജ്യങ്ങളിൽ കിണർ എന്ന ആശയം എങ്ങനെയാണു രൂപപ്പെട്ടത്?

2019ൽ ഞാനൊരു ഇന്ത്യ- ആഫ്രിക്ക ബൈക്ക് യാത്ര നടത്തിയിരുന്നു. ആ സമയത്ത് ആഫ്രിക്കയിൽ വരൾച്ച അനുഭവപ്പെടുന്ന സമയമായിരുന്നു. ടാൻസാനിയയിൽ എത്തിയപ്പോഴാണ് കുടിവെള്ളം കിട്ടാൻ ഞാൻ ബുദ്ധിമുട്ടുന്നത്. ആ ​ഗ്രാമത്തിലുള്ളവർ ചെളിവെള്ളം പിടിച്ചുവെച്ച് ചളി ഊറി വരുന്നതും കാത്തിരിക്കുന്നത് ഞാൻ കണ്ടു. ചളി വളം കുടിയ്ക്കാൻ കാത്തിരിക്കുന്ന ഒരുപാട് പേരെ ഞാനവിടെ കണ്ടു. അങ്ങനെയാണ് കിണർ കുത്തി നൽകുകയെന്ന ഒരു ആ​ഗ്രഹത്തിലേക്ക് ഞാനെത്തുന്നത്. എന്നെങ്കിലും അങ്ങനെ ചെയ്തുകൊടുക്കണമെന്ന ആ​ഗ്രഹത്തിലാണ് തിരിച്ചുപോന്നത്. ഈ ആ​ഗ്രഹം സഫലമാവുന്നത് അവിടെ നിന്നും രണ്ട് വർഷം കഴിഞ്ഞപ്പോഴാണ്. 2021ലായിരുന്നു അത്.

എങ്ങനെ ഈ ആഗ്രഹത്തിലേക്ക് എത്തിപ്പെട്ടു?

2021ലെ യാത്രയാണ് ആഫ്രിക്കയിൽ വെള്ളം കുഴിച്ചെടുക്കുകയെന്ന ലക്ഷ്യത്തിലേക്കെത്തിയത്. ആ വർഷമാണ് ഞാൻ മഹീന്ദ്ര കാറെടുത്ത് ആഫ്രിക്കയിലേക്ക് പോവുന്നത്. ആ യാത്ര ജീവിതത്തിലൊരു വഴിത്തിരിവായി. ആദ്യത്തെ കിണർ കെനിയയിലാണ് കുഴിക്കുന്നത്. അന്ത്യധികം സന്തോഷത്തോടെയാണ് പ്രദേശവാസികൾ ഇതിനെ വരവേറ്റത്. നിലവിൽ ആഫ്രിക്കയിൽ അങ്ങിങ്ങായി 23 കിണറുകൾ കുഴിച്ചുനൽകി. 100 കിണറുകൾ കുഴിച്ചു നൽകലാണ് ലക്ഷ്യം. മഴക്കാലമായതോടെ പണി നിർത്തിവെച്ചിരിക്കുകയാണ്. ടാൻസാനിയായിലും സാംബിയയിലും മൊസാംബിക്കിലും തുടങ്ങി മൂന്ന് രാജ്യങ്ങളിലാണ് കിണറുകൾ കുഴിച്ചു നൽകിയിട്ടുള്ളത്.

മറ്റു രാജ്യങ്ങളിലെ പ്രവർത്തികൾ ആയതിനാൽ രാജ്യങ്ങളുടെ ഇടപെടൽ ആവശ്യമല്ലേ?

രാജ്യങ്ങളുടെ ഇടപെടലില്ലെന്ന് വേണം പറയാൻ. എന്നാൽ മറ്റു രാജ്യങ്ങളിൽ കിണർ കുഴിക്കാൻ സർക്കാരിൽ നിന്ന് അപ്രൂവൽ എടുക്കണം. ഇക്കാലത്ത് വളരെയധികം ചാരിറ്റി സ്കാമുകൾ നടക്കുന്നത് കൊണ്ട് തന്നെ സർക്കാരിൽ അറിയിച്ച് അപ്രൂവൽ എടുക്കണമെന്ന് നിയമമുണ്ട്. ഇക്കാര്യം എനിക്കറിയില്ലായിരുന്നു. ടാൻസാസിയയിൽ സ്കൂളിലെ കിണറിൻ്റെ പണി കഴിഞ്ഞ് മറ്റൊരു രാജ്യത്തേക്ക് കടക്കുന്നതിനിടെ തന്നെ എമി​ഗ്രേഷനിൽ നിന്നുള്ള ഉദ്യോ​ഗസ്ഥർ തടഞ്ഞുവെച്ചിരുന്നു. വൈ യു ആർ ഹെൽപ്പിം​ഗ് എന്നാണ് അവർ ചോദിച്ചത്. അവരെ സംബന്ധിച്ചിടത്തോളം അവർക്ക് സഹായം എന്നൊരു മനോഭാവമില്ല. സഹായം എന്നൊരു സമ്പ്രദായം അവിടെ നിലവിലില്ലെന്നാണ് തോന്നിയത്. നമുക്ക് നേട്ടമുണ്ടാവുന്നത് കൊണ്ടാണ് കിണർ കുഴിച്ചുനൽകുന്നത് എന്നൊരു തോന്നലുണ്ടായിരുന്നു അവർക്ക്. നിങ്ങൾ ഏത് രാജ്യത്തുനിന്ന് എന്തിനാണ് വരുന്നതെന്ന് അവർ ചോദിച്ചറിയാനും തുടങ്ങി. അവിടെയുള്ള സ്കൂളിലെ പ്രിൻസിപ്പാളും മാനേജ്മെന്റും ഇങ്ങോട്ട് ആവശ്യപ്പെട്ടതായിരുന്നു കിണർ കുഴിച്ചുനൽകാൻ. തുടർന്ന് പ്രിൻസിപ്പാളിനെ കോൺടാക്റ്റ് ചെയ്ത് പൊലീസിനെ വിളിച്ചായിരുന്നു അന്ന് അവരെന്നെ പുറത്തുവിട്ടത്.

വെല്ലുവിളികൾ എന്തെങ്കിലും ഉണ്ടായിരുന്നോ?

ആഫ്രിക്കയിൽ ആയതുകൊണ്ട് തന്നെ അവിടത്തെ കാലാവസ്ഥയും കിണർ കുഴിയ്ക്കാനുള്ള ജോലിയ്ക്ക് ആളെ കിട്ടലും വലിയ പ്രശ്നമാണ്. മലയാളികളെല്ലാവരും നമ്മുടെ നാട്ടിലുള്ളവരെ പോലെ റൗണ്ട് ഷേപ്പിലുള്ള കിണറുകൾ ചെയ്യാനുള്ള കാശാണ് സ്പോൺസർ ചെയ്യുന്നത്. ഇത്തരം കിണറുകൾ ആഫ്രിക്കയിലില്ല. അവിടെ കുഴൽ കിണറുകൾ മാത്രമേ നിലവിലുള്ളൂ. അല്ലെങ്കിൽ കുഴി കുത്തി വെള്ളം എടുക്കണം. സാധാ കിണറുകൾ കുഴിക്കാൻ ജോലിക്കാരെ കണ്ടെത്തി, സ്ഥലത്ത് കൊണ്ടുപോയി പണിയെടുപ്പിക്കണം. നമ്മളെല്ലാവരും രണ്ടുമാസത്തെയോ മറ്റോ ടൂറിസ്റ്റ് വിസകളിലായിരിക്കും പോവുന്നത്. ഇതിനുള്ളിൽ മാക്സിമം ചെയ്തുതീർക്കാൻ കഴിയാറില്ല. സ്ഥിരം ജോലിക്ക് വരുന്ന കുറച്ചുപേരുണ്ട്. അവരെ വെച്ചുകൊണ്ടാണ് കിണറിൻ്റെ വർക്കുകൾ ചെയ്യുന്നത്. നിലവിൽ ഞാൻ ആഫ്രിക്കയിലില്ല. സൗദി അറേബ്യയിലാണുള്ളത്.

നാട്ടിൽ നിന്നുള്ള പണം, അതായത് ഇന്ത്യൻ മണിയായിരിക്കും. അത് ആഫ്രിക്കയിലെത്തിക്കുക എന്നത് ബി​ഗ് ടാസ്കാണ്. നമ്മുടെ ഭക്ഷണം, കാലാവസ്ഥാ, യാത്ര എല്ലാം ബുദ്ധിമുട്ടാണ്. എല്ലാം നമ്മുടെ റിസ്കിലാണ് ചെയ്തുവരുന്നത്. നിലവിൽ അവർക്കെല്ലാം ചെയ്തുകൊണ്ടുക്കേണ്ട സാഹചര്യമാണുള്ളത്. അവർക്ക് തന്നെ ഒരു കിണർ കുഴിച്ച് വെള്ളമെടുക്കേണ്ട കാര്യമേയുള്ളൂ. എന്നാലവർ അത് ചെയ്യുന്നില്ല എന്നത് മറ്റൊരു കാര്യമാണ്. വീട്ടിൽ ഉപയോ​ഗിക്കാൻ വെള്ളം എത്തിക്കുക എന്നത് ആണുങ്ങളുടെയല്ല, സ്ത്രീകളുടെ ഉത്തരവാദിത്തമായാണ് അവിടെയുള്ളവർ കരുതുന്നത്. ഓരോ വീടുകളിലും സ്ത്രീകൾ നിസ്സഹായരാണ്. ഈ സ്ത്രീകൾക്ക് വേണ്ടിയാണ് സഹായം ചെയ്തു കൊടുക്കുന്നത്. അഞ്ച് കിലോമീറ്റർ ദൂരത്താണെങ്കിലും മഞ്ഞ കാനിൽ പോയി വെള്ളം കൊണ്ടുവരികയാണ് സ്ത്രീകളുടെ ജോലി. അവർക്ക് വേണ്ടിയാണ് സഹായം. പുരുഷൻമാരെ സംബന്ധിച്ചിടത്തോളം വെള്ളം കൊണ്ടുവരുന്നത് പ്രശ്നമായി കാണുന്നേയില്ലെന്നതാണ് വാസ്തവം.

അവർ സാധാരണ കുഴികളാണ് കുഴിക്കുന്നത്. കിണർ കുഴിക്കാൻ അവർക്ക് കഴിയാറില്ല. കിണർ പണിക്കുള്ള സാധനസാമ​ഗ്രികകൾ വാങ്ങുന്നത് മുതൽ അവർക്ക് പ്രതിസന്ധികളുണ്ട്. അത് കൊണ്ടാണ് കിണർ പണിയുൾപ്പെടെ അവിടെ ചെയ്തുകൊടുക്കേണ്ടി വരുന്നത്.

നിലവിൽ ആരെല്ലാമാണ് ഫണ്ട് സ്പോൺസർ ചെയ്യുന്നത്?

മലയാളികളാണ് ഫണ്ട് സ്പോൺസർ ചെയ്യുന്നത്. അതിൽ തന്നെ കൂടുതലും വിദേശ മലയാളികളാണ്. നിരവധി പേരാണ് സ്പോൺസർ ചെയ്യുന്നത്. 100 കിണറുകൾ കുഴിച്ചുനൽകുക എന്നതാണ് ലക്ഷ്യം. 23 കിണറുകൾ കുഴിച്ചുനൽകിയിട്ടുണ്ട്. ഇനിയും മുന്നോട്ട് പോവുമ്പോൾ ഫണ്ടും സ​ഹായവും എത്തുമെന്നാണ് കരുതുന്നത്.

നാട്ടിൽ നിന്നും വീട്ടിൽ നിന്നുമെല്ലാം പിന്തുണയുണ്ടോ? പൊതുവെ ആളുകളുടെ പ്രതികരണം എങ്ങനെയാണ്?

ഇത്തരത്തിലുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ വീട്ടിൽ നിന്ന് എന്തായാലും എതിർപ്പ് ഉണ്ടാവേണ്ട കാര്യമില്ലല്ലോ. വീട്ടിൽ നിന്നും നാട്ടിൽ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. മലപ്പുറം ജില്ലയിലെ ചേലേമ്പ്രയിലാണ് വീട്. കോഴിക്കോടും രാമനാട്ടുകാരയിലും ട്രാവൽസ് നടത്തിവരികയാണ്.

YouTube video player