അടിച്ച് പൂസാകാനാകുമോ, വിമാനത്തില്‍ എത്ര അളവില്‍ മദ്യപിക്കാം; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി ‍ഡിജിസിഎ

By Web TeamFirst Published Apr 10, 2024, 8:42 PM IST
Highlights

എയർ ഇന്ത്യ വിമാനങ്ങളിൽ മദ്യപിച്ചവർ മൂത്രമൊഴിച്ചത് പോലെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഡിജിസിഎയുടെ സത്യവാങ്മൂലം.

ദില്ലി: വിമാനത്തില്‍ എത്ര അളവില്‍ മദ്യപിക്കാമെന്നതില്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി ഡിജിസിഎ. യാത്രക്കാര്‍ എത്ര അളവില്‍ മദ്യം നല്‍കാമെന്നതില്‍ സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്‍റ്സ് (സിഎആര്‍) വകുപ്പ് 4.3 അനുസരിച്ച് ഒരു നയം രൂപീകരിക്കുന്നത് എല്ലാ എയർലൈനുകളുടെയും വിവേചനാധികാരമാണെന്ന് ഡിജിസിഎ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മുമ്പ്  എയർ ഇന്ത്യ വിമാനങ്ങളിൽ മദ്യപിച്ചവർ മൂത്രമൊഴിച്ചത് പോലെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഡിജിസിഎയുടെ സത്യവാങ്മൂലം. ന്യൂയോർക്ക്-ദില്ലി വിമാനത്തിൽ സഹയാത്രികൻ മൂത്രമൊഴിച്ച 72 കാരിയായ സ്ത്രീയുടെ പരാതിയിലായിരുന്നു നടപടി. മദ്യപിച്ച യാത്രക്കാരെ നേരിടാൻ പെരുമാറ്റച്ചട്ടം അടിയന്തരമായി രൂപീകരിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു. 

അനിയന്ത്രിത യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ സിഎആര്‍ നിലവിലുണ്ട്. നല്‍കുന്ന മദ്യത്തിന്‍റെ പരിധിയെക്കുറിച്ച് ഒരു നയം രൂപീകരിക്കുന്നത് എല്ലാ എയർലൈനുകളുടെയും വിവേചനാധികാരമാണെന്നും ഡിജിസിഎ പറയുന്നു. അനിയന്ത്രിതമായി മദ്യം നല്‍കുന്നത് മറ്റുയാത്രക്കാരെ ശല്യപ്പെടുത്താനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. മദ്യം നല്‍കുന്നത് സംബന്ധിച്ച് നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കാൻ ഡിജിസിഎയോട് നിർദ്ദേശിക്കണമെന്ന് യുവതി തൻ്റെ ഹർജിയിൽ അഭ്യർത്ഥിച്ചു. 

തന്‍റെ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ എയർ ഇന്ത്യ ജീവനക്കാർ വീഴ്ച വരുത്തി. സഹയാത്രികന്‍റെ നടപടി തന്‍റെ അഭിമാനത്തിന് ക്ഷതമുണ്ടാക്കി. സഹയാത്രികന് അമിതമായി മദ്യം നൽകുകയും പിന്നീട് അയാളുമായി ഒത്തുതീർപ്പിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തു. സംഭവം പൊലീസിൽ അറിയിക്കാനുള്ള അവരുടെ കർത്തവ്യത്തിൽ വീഴ്ച വരുത്തിയെന്നും പരാതിക്കാരി പറഞ്ഞു. 

click me!