കൂട്ടുകാരെല്ലാവരും ഒന്നിച്ചു വരാൻ കാത്തുനിന്നാൽ പലപ്പോഴും യാത്രകൾ വെറും പ്ലാനുകളിൽ മാത്രം ഒതുങ്ങിപ്പോകാറാണ് പതിവ്. എന്നാൽ ഈ പതിവ് തെറ്റിക്കുകയാണ് ജെൻ സികൾ. തനിച്ച് യാത്ര തുടങ്ങാൻ ധൈര്യമില്ലാത്തവർക്കും എന്നാൽ ലോകം കാണാൻ ആഗ്രഹമുള്ളവർക്കുമായി വിയറ്റ്‌നാം ഒരുക്കുന്ന പുത്തൻ വിരുന്നാണ് ‘കമ്മ്യൂണിറ്റി ട്രാവൽ’. 

യാത്രകൾ ഇപ്പോൾ വെറുമൊരു കാഴ്ചകാണൽ മാത്രമല്ല, പുതിയ മനുഷ്യരെ കണ്ടെത്താനും സൗഹൃദങ്ങൾ പങ്കിടാനുമുള്ള വേദിയായി മാറിക്കഴിഞ്ഞു. പ്രത്യേകിച്ച് ഇന്നത്തെ ജെൻ സി, മില്ലേനിയൽസ് തലമുറകൾക്കിടയിൽ. പണ്ട് പ്രായമായവർ തീർത്ഥാടനത്തിനും മറ്റും ഗ്രൂപ്പുകളായി പോയിരുന്ന ശൈലി ഇന്ന് അടിമുടി മാറിയിരിക്കുകയാണ്. അപരിചിതരായ ആളുകൾക്കൊപ്പം ചേർന്ന് വിദേശരാജ്യങ്ങൾ ചുറ്റിക്കാണുന്ന 'കമ്മ്യൂണിറ്റി ട്രാവൽ' എന്ന പുത്തൻ രീതിക്ക് ഇപ്പോൾ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിൽ യുവാക്കളുടെ ഏറ്റവും പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി മാറിയിരിക്കുകയാണ് വിയറ്റ്‌നാം.

എന്താണ് ഈ 'കമ്മ്യൂണിറ്റി ട്രാവൽ'?

ഒറ്റയ്ക്ക് യാത്ര ചെയ്യാൻ താല്പര്യമുള്ള, എന്നാൽ പൂർണ്ണമായും ഒറ്റപ്പെട്ടുപോകാൻ ആഗ്രഹിക്കാത്തവരുമാണ് ഈ ട്രെൻഡിന്റെ പിന്നിൽ. ഒരേ തരം താല്പര്യങ്ങളുള്ള അപരിചിതർ ഒരു ഗ്രൂപ്പായി ചേർന്ന് യാത്ര ചെയ്യുന്നു. വിയറ്റ്‌നാം പോലുള്ള രാജ്യങ്ങളിൽ ഇത്തരം ഗ്രൂപ്പ് ടൂറുകൾ വഴി യാത്ര ചെയ്യുമ്പോൾ സുരക്ഷിതത്വത്തോടൊപ്പം തന്നെ പുതിയ സുഹൃത്തുക്കളെ ലഭിക്കുമെന്നതും യുവാക്കളെ ആകർഷിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. റിപ്പോർട്ട് പ്രകാരം, നോയിഡയിൽ നിന്നും ഡൽഹിയിൽ നിന്നുമുള്ള നിരവധി യുവതി-യുവാക്കൾ ഇത്തരം 'വാണ്ടർഓൺ' ഗ്രൂപ്പുകളുടെ ഭാഗമായി വിയറ്റ്‌നാമിലേക്ക് പറക്കുന്നുണ്ട്.

യുവാക്കൾ എന്തുകൊണ്ട് ഇത് തിരഞ്ഞെടുക്കുന്നു?

പല കാരണങ്ങൾ കൊണ്ടാണ് യുവാക്കൾ ഈ പുതിയ രീതിയിലേക്ക് മാറുന്നത്:

  • ഏകാന്തത ഒഴിവാക്കാം: നഗരങ്ങളിലെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലർക്കും സുഹൃത്തുക്കളുമായി സമയം ചിലവഴിക്കാൻ കഴിയാറില്ല. യാത്രകളിൽ പുതിയ ആളുകളെ പരിചയപ്പെടുന്നത് ഒരു തരം തെറാപ്പിയായി ഇവർ കാണുന്നുവെന്നാണ് റിപ്പോർട്ട്.
  • സുരക്ഷിതത്വം: പ്രത്യേകിച്ച് സോളോ ട്രാവൽ ചെയ്യുന്ന സ്ത്രീകൾക്ക് ഒരു ഗ്രൂപ്പിന്റെ ഭാഗമാകുന്നത് വലിയ ആത്മവിശ്വാസം നൽകുന്നു. വഴിയറിയാതെ പോകുമോ എന്ന പേടിയോ തട്ടിപ്പിന് ഇരയാകുമോ എന്ന ആശങ്കയോ വേണ്ടിവരില്ല.
  • ചിലവ് കുറക്കാം: താമസവും യാത്രയും ഗ്രൂപ്പായി പങ്കിടുമ്പോൾ ചിലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കും. ഇത് ബജറ്റ് ട്രാവലേഴ്സിന് വലിയ ആശ്വാസമാണ്.
  • സമ്മർദ്ദമില്ലാത്ത ആസൂത്രണം: ഹോട്ടൽ ബുക്കിംഗ് മുതൽ ഓരോ ദിവസത്തെയും പ്ലാനിംഗ് വരെ ഗ്രൂപ്പ് ലീഡർമാർ നോക്കുന്നതിനാൽ യാത്രികർക്ക് യാതൊരു ടെൻഷനുമില്ലാതെ യാത്ര ആസ്വദിക്കാം.

വിയറ്റ്‌നാം: ജെൻ സിയുടെ പ്രിയപ്പെട്ട ഇടം

ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വിസ നടപടികൾ ലളിതമായതും കുറഞ്ഞ ചിലവിൽ മികച്ച അനുഭവങ്ങൾ ലഭിക്കുന്നതുമാണ് വിയറ്റ്‌നാമിനെ പ്രിയപ്പെട്ടതാക്കുന്നത്. ഹാനോയ്, ഡാ നാങ് , ഹോ ചി മിൻ സിറ്റി തുടങ്ങിയ സ്ഥലങ്ങളിലെ കൾച്ചറൽ വൈബും വിയറ്റ്‌നാമീസ് ഭക്ഷണരീതികളും ഇൻസ്റ്റാഗ്രാമബിളായ കാഴ്ചകളും യുവാക്കളെ വല്ലാതെ ആകർഷിക്കുന്നുണ്ട്.

പഴയകാലത്തെ ബോറിംഗ് ടൂർ പാക്കേജുകൾക്ക് പകരം, സാഹസികതയും പ്രാദേശിക സംസ്കാരവും കോർത്തിണക്കിയുള്ള ഇത്തരം കമ്മ്യൂണിറ്റി ട്രിപ്പുകൾ 2026-ലെ ഏറ്റവും വലിയ ട്രാവൽ ട്രെൻഡായി മാറുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചുരുക്കത്തിൽ, അപരിചിതരായി യാത്ര തുടങ്ങുകയും സുഹൃത്തുക്കളായി മടങ്ങിയെത്തുകയും ചെയ്യുന്ന ഈ രീതി യാത്രകളുടെ പുതിയ മുഖമാണ്.