യാത്രകളുടെ കാര്യത്തിൽ സ്വന്തം വഴി വെട്ടിത്തെളിക്കുകയാണ് ഇന്ന് ഇന്ത്യൻ സ്ത്രീകൾ. മറ്റാരെയും ആശ്രയിക്കാതെ തനിയെ ലോകം ചുറ്റാൻ ആഗ്രഹിക്കുന്ന സ്ത്രീകളുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് ഒൻപത് മടങ്ങ് വർദ്ധിച്ചതായാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. In 2026, Indian women are rewriting the rules of travel.

യാത്രകൾ പ്ലാൻ ചെയ്യുന്നതിലും ലക്ഷ്യസ്ഥാനങ്ങൾ തിരഞ്ഞെടുക്കുന്നതിലും ഇന്ത്യൻ സ്ത്രീകൾ ഇന്ന് പൂർണ്ണ സ്വതന്ത്രരാണ്. കുടുംബത്തോടൊപ്പമോ ഗ്രൂപ്പുകളായോ ഉള്ള യാത്രകളേക്കാൾ ഇന്ന് പലരും ഇഷ്ടപ്പെടുന്നത് ഒറ്റയ്ക്കുള്ള യാത്രകളാണ്. സ്കാപ്പിയയുടെ റിപ്പോർട്ട് പ്രകാരം, സോളോ ട്രാവൽ മേഖലയിൽ മുൻവർഷത്തേക്കാൾ ഒൻപത് മടങ്ങ് വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. വിമാനം, ട്രെയിൻ, ബസ് ബുക്കിംഗുകളിലും താമസസൗകര്യം ഒരുക്കുന്നതിലും സ്ത്രീകൾ സ്വയം തീരുമാനങ്ങൾ എടുക്കുന്നു എന്നത് ശ്രദ്ധേയമായ മാറ്റമാണ്.

ബീച്ചുകളോട് പ്രിയം; ഹിൽ സ്റ്റേഷനുകൾ പുറകോട്ട്

വിനോദയാത്രകളുടെ കാര്യത്തിൽ 80 ശതമാനത്തിലധികം സ്ത്രീകളും തിരഞ്ഞെടുത്തത് കടലോരങ്ങളെയാണ്. ഗോവ, പോർട്ട് ബ്ലെയർ, വർക്കല, കോവളം, പൂവാർ, ദിയു തുടങ്ങിയ സ്ഥലങ്ങളാണ് ഇന്ത്യയ്ക്കകത്ത് ഏറ്റവും കൂടുതൽ ബുക്ക് ചെയ്യപ്പെട്ടത്. അന്താരാഷ്ട്ര തലത്തിലും ഈ പ്രവണത തുടരുന്നു. തായ്‌ലൻഡിലെ ക്രാബി, ഫുക്കറ്റ്, ഇന്തോനേഷ്യയിലെ ബാലി, വിയറ്റ്‌നാമിലെ ഫു ക്വോക്ക് തുടങ്ങിയ തീരപ്രദേശങ്ങളാണ് സോളോ ട്രാവലേഴ്സിന്റെ പ്രിയപ്പെട്ട ഇടങ്ങൾ.

ആത്മീയ യാത്രകളും യുവതലമുറയും

ആത്മീയ വിനോദസഞ്ചാരത്തിലും സ്ത്രീകൾ സജീവമാണ്. ജെൻ സി യുവതികൾ വാരണാസി, ഋഷികേശ് തുടങ്ങിയ സ്ഥലങ്ങൾ ഇഷ്ടപ്പെടുമ്പോൾ, മില്ലേനിയൽ വിഭാഗത്തിലുള്ളവർ ഷിർദ്ദി, ഹരിദ്വാർ, അമൃത്സർ, വേളാങ്കണ്ണി തുടങ്ങിയ പുണ്യകേന്ദ്രങ്ങൾ സന്ദർശിക്കാനാണ് താല്പര്യപ്പെടുന്നത്.

തലമുറകൾക്കനുസരിച്ചുള്ള മാറ്റങ്ങൾ

ജെൻ സി യാത്രക്കാർ പ്രധാനമായും മിഡ്-റേഞ്ച് താമസസൗകര്യങ്ങളാണ് തിരഞ്ഞെടുക്കുന്നത്. അവർ ചരിത്രപ്രധാനമായ സ്ഥലങ്ങളായ ജയ്സാൽമീർ, ഉദയ്പൂർ, ഹംപി, ആഗ്ര എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നു. എന്നാൽ മില്ലേനിയൽ വിഭാഗത്തിലുള്ളവർ ലക്ഷ്വറി യാത്രകൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. മൂന്നിലൊന്ന് മില്ലേനിയൽ യാത്രക്കാരും ആഡംബര താമസസൗകര്യങ്ങൾ തിരഞ്ഞെടുക്കുന്നവരാണ്.

വിദേശയാത്രകളിൽ തെക്കുകിഴക്കൻ ഏഷ്യ താരം

വിദേശയാത്രകളിൽ 62.6 ശതമാനവും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കാണ്. വിയറ്റ്‌നാം, തായ്‌ലൻഡ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ വിസ ഫ്രീ ആയതോ അല്ലെങ്കിൽ ഓൺ അറൈവൽ വിസ സൗകര്യം ഉള്ളതോ ആയതിനാൽ സ്ത്രീകൾക്ക് ഈ രാജ്യങ്ങളിലേക്ക് പോകുന്നത് എളുപ്പമാകുന്നു. വിയറ്റ്‌നാമിലെ ഹനോയ്, ഡാ നാങ് തുടങ്ങിയ നഗരങ്ങൾ ഇന്ന് യാത്രികരുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. ജപ്പാൻ, മൗറീഷ്യസ്, സീഷെൽസ് തുടങ്ങിയ രാജ്യങ്ങളിലേക്കും സ്ത്രീകൾ ധാരാളമായി യാത്ര ചെയ്യുന്നു. കൂടാതെ ജോർജിയ, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ യൂറേഷ്യൻ രാജ്യങ്ങളും പുതിയ യാത്രാ ലക്ഷ്യസ്ഥാനങ്ങളായി ഉയർന്നുവരുന്നുണ്ട്.

യാത്രാ സൗകര്യങ്ങളിലെ വർദ്ധനവ്

ട്രെയിൻ ബുക്കിംഗിൽ 16.5 മടങ്ങും ബസ് ബുക്കിംഗിൽ 11 മടങ്ങും വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. തെക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിലേക്കാണ് സ്ത്രീകൾ കൂടുതൽ യാത്രകൾ നടത്തുന്നത്. സ്വന്തം ഇഷ്ടപ്രകാരം ലോകം കാണാനും പുതിയ അനുഭവങ്ങൾ തേടാനുമുള്ള ഇന്ത്യൻ സ്ത്രീകളുടെ ആത്മവിശ്വാസമാണ് ഈ റിപ്പോർട്ടിലൂടെ വ്യക്തമാകുന്നത്.