ഒറ്റ ടിക്കറ്റ്, 56 ദിവസം, 'ചാർളി ലൈഫ്' ആസ്വദിക്കാം! രാജ്യം മുഴുവൻ ചുറ്റിക്കറങ്ങാൻ അവസരമൊരുക്കി റെയിൽവേ

Published : Jun 10, 2025, 04:29 PM IST
Train

Synopsis

ഇന്ത്യൻ റെയിൽവേയുടെ സർക്കുലർ ജേർണി ടിക്കറ്റിന് 56 ദിവസം കാലാവധിയുണ്ട്. 

ദുൽഖർ സൽമാൻ നായകനായെത്തിയ ചാർളി എന്ന സിനിമ യുവാക്കൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. മീശപ്പുലിമല പോലെയുള്ള സ്ഥലങ്ങൾ പ്രശസ്തമായത് ചാർളി സിനിമയിറങ്ങിയതിന് പിന്നാലെയാണ്. ചിത്രത്തിൽ ദുൽഖർ സൽമാൻ അവതരിപ്പിച്ച ചാർളി എന്ന കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകളും യാത്രകളും വസ്ത്രധാരണവുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. ചാർളി കണ്ടിറങ്ങിയവരിൽ ഭൂരിഭാ​ഗം പേരും അതുപോലെയൊരു ജീവിതവും യാത്രകളും ആ​ഗ്രഹിച്ചിരിക്കാം എന്നതിൽ സംശയമില്ല.

തിരക്കുപിടിച്ച ജീവിതത്തിനിടയിൽ സ്വന്തം കാര്യങ്ങൾ നോക്കാനോ ഒറ്റയ്ക്കോ കുടുംബത്തിനൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ അൽപ്പ സമയം ചെലവഴിക്കാൻ പോലും പലർക്കും സാധിക്കാറില്ല. ചെറിയ യാത്രകൾ മുതൽ ദീർഘദൂര യാത്രകൾ വരെ ആഗ്രഹമായി ഹൃദയത്തിൽ സൂക്ഷിക്കുന്നവരും ഏറെയാണ്. എന്നാൽ, നിങ്ങൾക്ക് ഇന്ത്യ മുഴുവൻ ചുറ്റിക്കറങ്ങാൻ അവസരമൊരുക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. അതും ഒന്നും രണ്ടും ദിവസമല്ല, 56 ദിവസം നീണ്ടുനിൽക്കുന്ന കാലാവധിയോടു കൂടിയ ടിക്കറ്റാണ് റെയിൽവേ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യൻ റെയിൽവേയുടെ സർക്കുലർ ജേർണി ടിക്കറ്റിനാണ് 56 ദിവസം നീണ്ട കാലവധിയുള്ളത്. സാധരണയായി ഒരു ട്രെയിൻ ടിക്കറ്റ് ഉപയോഗിച്ച് ഒരു തവണ മാത്രമേ നിങ്ങൾക്ക് യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ. എന്നാൽ സർക്കുലർ ജേർണി ടിക്കറ്റ് എടുത്താൽ നിങ്ങൾക്ക് 56 ദിവസം യാത്ര ചെയ്യാൻ കഴിയുമെന്നതാണ് പ്രധാന സവിശേഷത. ഇതിന് യാത്ര ചെലവ് കുറവാണെന്നതും എടുത്തുപറയേണ്ട കാര്യമാണ്. സർക്കുലർ ജേർണി ടിക്കറ്റുമായി ബന്ധപ്പെട്ട വിശദവിവരങ്ങളാണ് ഇനി പറയാൻ പോകുന്നത്.

ഇന്ത്യൻ റെയിൽവേയുടെ ഒരു പ്രത്യേക ട്രെയിൻ ടിക്കറ്റാണ് സർക്കുലർ ജേർണി ടിക്കറ്റ്. എസി ഉൾപ്പെടെ ഏത് ക്ലാസിൽ വേണമെങ്കിലും നിങ്ങളുടെ സൌകര്യാർത്ഥം ടിക്കറ്റെടുക്കാം. എന്നാൽ, യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതും ഒരേ സ്‌റ്റേഷനിലായിരിക്കണമെന്ന് മാത്രം. 56 ദിവസത്തെ കാലാവധിയിൽ നിങ്ങൾക്ക് 8 യാത്രകളാണ് നടത്താനാകുക. ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾ 8 റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ ഇറങ്ങാൻ പാടില്ല. കൊച്ചിയിൽ നിന്ന് ഹൈദരാബാദ്, ബെംഗളൂരു, ദില്ലി എന്നിവിടങ്ങളിലേയ്ക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ ആദ്യം ഹൈദരാബാദിൽ ഇറങ്ങി അവിടെ തങ്ങിയ ശേഷം മറ്റിടങ്ങളിലേയ്ക്ക് യാത്ര ചെയ്യാം. തിരികെ കൊച്ചിയിലെത്തുന്നതിനിടയിൽ ഇത്തരത്തിൽ പരമാവധി 8 സ്റ്റേഷനുകളിൽ മാത്രമേ ഇറങ്ങാൻ പാടുള്ളൂ.

സർക്കുലർ ജേർണി ടിക്കറ്റ് ബുക്ക് ചെയ്യുന്ന വിധം

സർക്കുലർ ജേർണി ടിക്കറ്റ് അപേക്ഷ ഫോം പൂരിപ്പിച്ച് റെയിൽവേ ചീഫ് ബുക്കിംഗ് സൂപ്പർവൈസർക്ക് മുമ്പാകെ സമർപ്പിക്കുക. നിങ്ങളുടെ യാത്രാ പദ്ധതി എങ്ങനെയാണെന്ന് പരിശോധിച്ച ശേഷം ടിക്കറ്റ് നിരക്ക് കണക്കാക്കപ്പെടുകയും ഈ വിവരം സ്‌റ്റേഷൻ മാനേജരെ അറിയിക്കുകയും ചെയ്യും. ഈ പ്രക്രിയകൾ പൂർത്തിയായ ശേഷം നിങ്ങൾ യാത്ര തുടങ്ങുന്ന സ്‌റ്റേഷനിലെ ബുക്കിംഗ് ഓഫീസിൽ നിന്ന് സർക്കുലർ ടിക്കറ്റ് വാങ്ങണം. ഏതൊക്കെ സ്റ്റേഷനുകളിലാണ് നിങ്ങൾ ഇറങ്ങാൻ ഉദ്ദേശിക്കുന്നതെന്ന വിവരം അവിടെ വെച്ച് തെരഞ്ഞെടുക്കാം. ഇതോടെ നിങ്ങളുടെ സർക്കുലർ ജേർണി ടിക്കറ്റ് റെഡി.

PREV
Read more Articles on
click me!

Recommended Stories

80,000 കിമി, 26 രാജ്യങ്ങൾ, ലയണൽ മെസ്സിയുടെ ലോകകപ്പ് വിജയം വരെ കണ്ടു; മടക്കയാത്രയിൽ കേരളത്തിന്‍റെ 'സോളോ മോം'
ട്രെയിൻ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് ആകുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഈ കണക്കും ഫോർമുലയും അറിഞ്ഞു വയ്ക്കാം..