മാലിദ്വീപിനെ വെല്ലാന്‍ ലക്ഷദ്വീപ്; യാത്രാസമയം മണിക്കൂറുകൾ കുറയും, കൂടുതല്‍ ദ്വീപുകളിലേക്ക് സീപ്ലെയിന്‍ വരുന്നു

Published : May 29, 2026, 11:56 AM IST
Lakshadweep

Synopsis

ലക്ഷദ്വീപില്‍ മാലിദ്വീപിന് സമാനമായ സീപ്ലെയിന്‍ ടൂറിസം വരുന്നു. കൊച്ചിയെ ആറ് പ്രധാന ദ്വീപുകളുമായി ബന്ധിപ്പിക്കുന്ന ഈ പദ്ധതി, വാട്ടര്‍ എയ്റോഡ്രോമുകള്‍ സ്ഥാപിച്ച് യാത്രാസൗകര്യം മെച്ചപ്പെടുത്താനും വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇത് ദ്വീപുകളിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കും.

ലക്ഷദ്വീപിന്റെ നീലത്തടാകങ്ങളിലേക്കും പവിഴപ്പുറ്റുകളിലേക്കും ഇനി സീപ്ലെയിനില്‍ പറന്നിറങ്ങാം. മാലിദ്വീപിന് സമാനമായ സീപ്ലെയിന്‍ ടൂറിസത്തിന് ലക്ഷദ്വീപില്‍ കളമൊരുങ്ങുന്നു. വിനോദസഞ്ചാരത്തിനും യാത്രാസൗകര്യങ്ങള്‍ക്കും വന്‍ കുതിപ്പേകുന്ന ഈ പദ്ധതിക്കുളള നടപടികള്‍ വേഗത്തിലാവുകയാണ്. വിനോദസഞ്ചാരികള്‍ക്ക് പുതിയ യാത്രാനുഭവം സമ്മാനിക്കുന്നതിനായി ആറ് ദ്വീപുകളില്‍ 'വാട്ടര്‍ എയ്റോഡ്രോം' പദ്ധതികള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതി പാരിസ്ഥിതിക അനുമതി നല്‍കാന്‍ ശുപാര്‍ശ ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊച്ചിയെ ലക്ഷദ്വീപിലെ ആറ് പ്രധാന ദ്വീപുകളായ കവരത്തി, കല്‍പേനി, കില്‍ത്താന്‍, കടമത്ത്, മിനിക്കോയ്, അഗത്തി എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ സീപ്ലെയിന്‍ ശൃംഖല. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഈ ദ്വീപസമൂഹത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ യാത്രയെ ഇത് പൂര്‍ണ്ണമായും മാറ്റിമറിക്കും.നിലവില്‍ അഗത്തിയിലേക്കുള്ള പരിമിതമായ വിമാന സര്‍വീസുകളെയും കൊച്ചിയില്‍ നിന്നുള്ള നീണ്ട കപ്പല്‍ യാത്രകളെയുമാണ് വിനോദസഞ്ചാരികള്‍ ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ പല ദ്വീപുകളിലേക്കും എത്തിപ്പെടുക എന്നത് ശ്രമകരമായ ഒരു കാര്യമാണ്. എന്നാല്‍ സീപ്ലെയിനുകള്‍ വരുന്നതോടെ ഈ ബുദ്ധിമുട്ടുകള്‍ക്ക് പൂര്‍ണ പരിഹാരമാകും

മാലിദ്വീപ് മോഡലും വിനോദസഞ്ചാര കുതിപ്പും

സീപ്ലെയിനുകള്‍ക്ക് പേരുകേട്ട മാലിദ്വീപിനോടാണ് ഈ പുതിയ പദ്ധതിയെ താരതമ്യം ചെയ്യുന്നത്. അനുമതികളെല്ലാം ലഭിക്കുകയാണെങ്കില്‍, വിമാനത്താവളങ്ങളെയും കപ്പലുകളെയും മാത്രം ആശ്രയിക്കാതെ, വിനോദസഞ്ചാരികള്‍ക്ക് ലക്ഷദ്വീപിലെ തെളിഞ്ഞ നീലത്തടാകങ്ങളിലേക്ക് നേരിട്ട് പറന്നിറങ്ങാന്‍ കഴിയും. മേയ് 13-ന് കൊച്ചിക്കും ലക്ഷദ്വീപിനുമിടയില്‍ ആദ്യത്തെ സീപ്ലെയിന്‍ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. അഗത്തിയില്‍ ആദ്യം ഇറങ്ങിയ വിമാനം പിന്നീട് കവരത്തിക്കടുത്തും സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

എന്താണ് വാട്ടര്‍ എയ്റോഡ്രോമുകള്‍?

സാധാരണ വിമാനത്താവളങ്ങള്‍ പോലെ വലിയ കെട്ടിടങ്ങളോ റണ്‍വേകളോ വാട്ടര്‍ എയ്റോഡ്രോമുകള്‍ക്ക് ഉണ്ടാകില്ല. പകരം, സീപ്ലെയിന്‍ സര്‍വീസുകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ചെറിയ പാസഞ്ചര്‍ ടെര്‍മിനലുകള്‍, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നടപ്പാതകള്‍ , വിമാനം നങ്കൂരമിടാനുള്ള ഡോക്കിംഗ് സൗകര്യങ്ങള്‍ എന്നിവ മാത്രമാണ് ഇതില്‍ ഉള്‍പ്പെടുക.പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ ആറ് ദ്വീപുകളില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ എത്തുക കവരത്തിയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് (പ്രതിവര്‍ഷം 16,000-ത്തിലധികം പേര്‍). അഗത്തി, കല്‍പേനി, കില്‍ത്താന്‍ എന്നിവിടങ്ങളില്‍ പ്രതിവര്‍ഷം 8,000 യാത്രക്കാര്‍ വീതം എത്തിയേക്കാം.ഈ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ദ്വീപുകള്‍ക്കിടയിലുള്ള യാത്രാസമയം ഗണ്യമായി കുറയുമെന്ന് മാത്രമല്ല, നിലവില്‍ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള വിദൂര പ്രദേശങ്ങളിലേക്ക് യാത്ര എളുപ്പമാവുകയും ചെയ്യും.

PREV
Read more Articles on
click me!

Recommended Stories

തായ്ലന്‍ഡിലേക്ക് പറക്കാന്‍ പ്ലാനുണ്ടോ? വലിയ മാറ്റം വരുന്നു; ഫ്രീ വിസ കാലാവധി പകുതിയായി കുറക്കും, സഞ്ചാരികള്‍ക്ക് തിരിച്ചടി
വിസ നിയമങ്ങളിൽ വലിയ മാറ്റവുമായി തായ്ലാൻഡ്, തിരിച്ചടി ഇന്ത്യ അടക്കമുള്ള 90 രാജ്യങ്ങളിലെ വിനോദ സഞ്ചാരികൾക്ക്