
ദുബായ്: ദുബായിൽ അവധിക്കാലം അടിച്ചുപൊളിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കർ. പൈലേറ്റ്സ് സെഷൻ മുതൽ രാത്രികാല നഗര യാത്രകൾ വരെ ഉൾപ്പെടുന്ന ദുബായ് യാത്രയുടെ ചിത്രങ്ങൾ 27കാരിയായ സാറ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
ദുബായിലെത്തിയ സാറ ആരോഗ്യ സംരക്ഷണത്തിനാണ് പ്രാധാന്യം നൽകിയതെന്ന് ചിത്രങ്ങളിൽ കാണാം. പൈലേറ്റ്സ് സ്റ്റുഡിയോയിൽ കറുത്ത ക്രോപ്പ് ടോപ്പും അതിന് അനുയോജ്യമായ ലെഗ്ഗിംഗുകളും ധരിച്ച് നിൽക്കുന്ന ചിത്രങ്ങൾ സാറ പങ്കുവെച്ചിട്ടുണ്ട്. ക്ലോ സൊമ്മദോസി നടത്തുന്ന ക്ലോ പൈലേറ്റ്സ് അക്കാദമിയാണിതെന്ന് ചിത്രങ്ങൾക്ക് സാറ നൽകിയ ഹാഷ്ടാഗുകൾ വ്യക്തമാക്കുന്നു. ക്ലോ സൊമ്മദോസിയും ചിത്രങ്ങളിലുണ്ട്. പിന്നീട് ദുബായ് നഗരത്തിലെ ഒരു ഗ്ലാമറസ് രാത്രിയുടെ ചിത്രങ്ങളാണ് സാറ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദുബായ് സ്കൈലൈനിന് മുന്നിൽ സാറ സുഹൃത്തുക്കളോടൊപ്പം സെൽഫികൾക്ക് പോസ് ചെയ്തു.
സഹോദരൻ അർജുൻ ടെണ്ടുൽക്കറുമൊത്തുള്ള ചിത്രവും സാറ പങ്കുവെച്ചിട്ടുണ്ട്. ഓഫ്-ഷോൾഡർ വസ്ത്രം ധരിച്ച സാറയുടെയും കാഷ്വൽ ഒലിവ് ഷർട്ടും ജീൻസും ധരിച്ച അര്‍ജുന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ബുർജ് ഖലീഫ ഇല്ലാതെ ഒരു ദുബായ് യാത്രയും പൂർണ്ണമാകില്ലെന്നാണ് പറയാറുള്ളത്. അതിനാൽ സാറയും ബുര്‍ജ് ഖലീഫയുടെ ചിത്രങ്ങൾ പകര്‍ത്താൻ മറന്നില്ല. അതേസമയം, സാറ ഇതാദ്യമായല്ല ദുബായ് സന്ദര്‍ശിക്കുന്നത്. മുമ്പും സഹോദരനോടൊപ്പം സാറ ദുബായിലെത്തിയിട്ടുണ്ട്.