ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്; യാത്രക്കാ‍ര്‍ അറിഞ്ഞിരിക്കേണ്ട മൂന്ന് പ്രധാന മാറ്റങ്ങൾ

Published : Jun 13, 2025, 11:13 AM IST
Indian Railway

Synopsis

ടിക്കറ്റ് ബുക്കിംഗിൽ യാത്രക്കാ‍ര്‍ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി ഇന്ത്യൻ റെയിൽവേ വലിയ ഇടപെടലുകളാണ് നടത്തുന്നത്. 

ദില്ലി: ഒരു യാത്രയ്ക്ക് പദ്ധതിയിട്ട ശേഷമോ അല്ലെങ്കിൽ അത്യാവശ്യ യാത്രകൾക്ക് വേണ്ടിയോ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ബുദ്ധിമുട്ടുകൾ നേരിടുന്നത് സാധാരണമാണ്. യാത്രക്കാരുടെ നിരന്തരമായ അഭ്യർത്ഥനകൾ പരി​ഗണിച്ച് സമീപകാലത്ത് ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്കിംഗിൽ വലിയ ഇടപെടലുകളാണ് നടത്തുന്നത്. ഇതേ തുടര്‍ന്ന് ട്രെയിൻ ടിക്കറ്റ് ബുക്കിം​ഗുമായി ബന്ധപ്പെട്ട് സുപ്രധാനമായ ചില മാറ്റങ്ങൾ റെയിൽവേ സമീപകാലത്ത് നടപ്പിലാക്കിയിട്ടുണ്ട്.

ട്രെയിൻ യാത്രയ്ക്കായി തത്കാൽ ടിക്കറ്റുകളെ ആശ്രയിക്കുന്നുണ്ടെങ്കിൽ ഈ വർഷം ജൂലൈ മുതൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന മാറ്റങ്ങളുണ്ട്. തത്കാൽ ബുക്കിംഗുകൾ കൂടുതൽ സുതാര്യവും യാത്രക്കാർക്ക് എളുപ്പത്തിൽ സാധ്യമാക്കാനുമായി ഇന്ത്യൻ റെയിൽവേ പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ആധാർ പരിശോധന, ഒടിപി അടിസ്ഥാനമാക്കിയുള്ള സുരക്ഷാ പരിശോധനകൾ, ഏജന്റുമാർക്കുള്ള ബുക്കിംഗ് സമയത്തിലെ നിയന്ത്രണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഓരോ ട്രെയിൻ യാത്രക്കാരനും അറിഞ്ഞിരിക്കേണ്ട മൂന്ന് പ്രധാന മാറ്റങ്ങൾ

2025 ജൂലൈ 1 മുതൽ നിങ്ങൾ ഐആർസിടിസി വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി തത്കാൽ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ആധാർ നമ്പർ നിങ്ങളുടെ ഐആർസിടിസി അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇത് ചെയ്യാതെ നിങ്ങൾക്ക് തത്കാൽ ബുക്കിംഗുകൾ ഓൺലൈനായി പരിശോധിക്കാൻ കഴിയില്ല.

റെയിൽവേ റിസർവേഷൻ കൗണ്ടറിൽ നിന്നോ അംഗീകൃത ഐആർസിടിസി ഏജന്റ് വഴിയോ ആണ് നിങ്ങൾ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്കിൽ ബുക്കിം​ഗ് പ്രക്രിയ കൂടുതൽ സുരക്ഷിതമാകും. 2025 ജൂലൈ 15 മുതൽ അത്തരം എല്ലാ ബുക്കിംഗുകൾക്കും ഓൺലൈൻ ബുക്കിംഗുകൾ പോലെ തന്നെ ഒടിപി അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷൻ ആവശ്യമാണ്. വ്യാജ ബുക്കിംഗുകൾ തടയുന്നതിനും യഥാർത്ഥ യാത്രക്കാർക്ക് മാത്രമേ തത്കാൽ ടിക്കറ്റുകൾ ലഭ്യമാകൂ എന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി.

ദൈനംദിന യാത്രക്കാർക്ക് തത്കാൽ ടിക്കറ്റുകൾ ലഭ്യമാകുന്നതിന് കൂടുതൽ സഹായം നൽകുന്നതിന്റെ ഭാ​ഗമായി റെയിൽവേ അംഗീകൃത ഏജന്റുമാർക്ക് ബുക്കിംഗ് സമയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 2025 ജൂലൈ മുതൽ, തത്കാൽ ബുക്കിംഗ് വിൻഡോയുടെ ആദ്യ 30 മിനിറ്റിനുള്ളിൽ ഏജന്റുമാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുവാദമുണ്ടാകില്ല. എസി ക്ലാസ് ടിക്കറ്റുകളുടെ തത്കാൽ ബുക്കിംഗ് രാവിലെ 10 മണിയ്ക്ക് ആരംഭിക്കുമെങ്കിലും ഏജന്റുമാർക്ക് 10:30ന് ശേഷം മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂ. നോൺ-എസി ക്ലാസ് ടിക്കറ്റുകളുടെ തത്കാൽ ബുക്കിം​ഗ് രാവിലെ 11 മണിയ്ക്ക് ആരംഭിക്കുമെങ്കിലും ഏജന്റുമാർക്ക് 11:30ന് ശേഷം മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ.

PREV
Read more Articles on
click me!

Recommended Stories

ട്രെയിൻ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് ആകുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഈ കണക്കും ഫോർമുലയും അറിഞ്ഞു വയ്ക്കാം..
ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം